- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്വന്റി ട്വന്റി ആരംഭിച്ച മെഡിക്കൽ സ്റ്റോർ അടപ്പിച്ചു
കൊച്ചി: 80 ശതമാനം വിലക്കുറവുമായി കിഴക്കമ്പലത്ത് ട്വന്റി ട്വന്റി ആരംഭിച്ച മെഡിക്കൽ സ്റ്റോർ അടച്ചപ്പിച്ചു. തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന പരാതി ഉയർന്നതോടെയാണ് മെഡിക്കൽ സ്റ്റോർ പൂട്ടാൻ നിർദേശിച്ചത്. പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് ജില്ലാ റിട്ടേണിങ് ഓഫീസർ അറിയിച്ചു. 21ാം തീയ്യതി സാബു എം ജേക്കബാണ് കിഴക്കമ്പലം ഭക്ഷ്യ സുരക്ഷാ മാർക്കറ്റിനോട് ചേർന്ന് മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തത്.
പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷമാണ് മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തതെന്ന കണ്ടെത്തലിനെ തുടർന്നാണ് റിട്ടേണിങ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ മെഡിക്കൽ സ്റ്റോർ പൂട്ടാൻ ഉത്തരവിട്ടത്. കിഴക്കമ്പലം സ്വദേശികളായ രണ്ട് പേരാണ് മെഡിക്കൽ സ്റ്റോർ ഉദ്ഘാടനത്തിനെതിരെ പരാതി നൽകിയത്.
80 ശതമാനം വിലക്കുറവിൽ മരുന്നുകൾ വിതരണം ചെയ്യുമെന്ന വാഗ്ദാനത്തിലാണ് മെഡിക്കൽ സ്റ്റോർ ആരംഭിച്ചത്. ഇതുൾപ്പെടുന്ന ഭക്ഷ്യ സുരക്ഷാ മാർക്കറ്റിനെതിരെയായിരുന്നു പരാതി ഉയർന്നത്. ഇരു ഭാഗത്തിന്റെയും വാദം കേട്ട റിട്ടേണിങ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ, ട്വന്റി ട്വന്റിയുടെ ചിഹ്നം തന്നെയാണ് മെഡിക്കൽ സ്റ്റോറുൾപ്പെട്ട ഭക്ഷ്യ സുരക്ഷാ മാർക്കറ്റിന്റേതെന്നും ബില്ലിലും ഇവയുണ്ടെന്നും കണ്ടെത്തി.
ട്വന്റി ട്വന്റി ചാരിറ്റബിൾ സൊസൈറ്റിക്ക് കീഴിൽ കിറ്റക്സ് കമ്പനിയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് ഭക്ഷ്യ സുരക്ഷാ മാർക്കറ്റിന്റെയും മെഡിക്കൽ സ്റ്റോറിന്റെയും പ്രവർത്തനം എന്ന് കണ്ടെത്തി. എന്നാൽ എല്ലാത്തിന്റെയും നേതൃത്വം പാർട്ടിയുടെ നേതൃത്വം വഹിക്കുന്ന സാബു എം ജേക്കബ് തന്നെയാണെന്ന് കണ്ടെത്തിയ കളക്ടർ, ഇവയെല്ലാം തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നും വിലയിരുത്തി.
രാഷ്ട്രീയ പാർട്ടിയായ ട്വന്റി 20യുടെയും ട്വന്റി 20 അസോസിയേഷന്റെയും ഭാരവാഹികൾ ഒരേ ആൾക്കാരാണ്. മാത്രമല്ല, രാഷ്ട്രീയ പാർട്ടിയായ ട്വന്റി 20, ഭക്ഷ്യ സുരക്ഷാ മാർക്കറ്റ്, ട്വന്റി 20 അസോസിയേഷൻ എന്നീ മൂന്നിന്റെയും ലോഗോയും ഒന്നു തന്നെയാണ്. പിന്നാലെയാണ് മാർച്ച് 21 ന് ഉദ്ഘാടനം ചെയ്ത മെഡിക്കൽ സ്റ്റോർ പൂട്ടാൻ ഉത്തരവിട്ടത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട എല്ലാ വീഡിയോയും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ നിന്നടക്കം പിൻവലിക്കാനും ഉത്തരവിട്ടിട്ടുണ്ട്.