തിരുവനന്തപുരം: സംസ്ഥാനത്ത് 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിഞ്ഞെടുപ്പിൽ യുഡിഎഫിനു മികച്ച നേട്ടം. എൽഡിഎഫിൽ നിന്ന് യുഡിഎഫ് അഞ്ചുസീറ്റുകൾ പിടിച്ചെടുത്തപ്പോൾ എൽഡിഎഫിന് ആറു സീറ്റുകൾ നഷ്ടമായി. എൻഡിഎ ഒരു സീറ്റ് പിടിച്ചെടുത്തു. 13 സീറ്റുകൾ നിലനിർത്തിയപ്പോൾ ഒരെണ്ണം മാത്രമാണ് എൽഡിഎഫിന് പിടിച്ചെടുക്കാനായത്. ഇതിന് മുമ്പ് നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് നേട്ടം കൊയ്തിരുന്നു. ഇടതു സർക്കാറിന്റെ ജനപ്രീതി ഇടിയുന്നു എന്ന വ്യക്തമാക്കും വിധത്തിലാണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പു ഫലവും.

ഇടുക്കി, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പാലക്കാട് ജില്ലാ പഞ്ചായത്തിലെ ആലത്തൂർ, തൃശൂർ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം, കൊല്ലം കോർപ്പറേഷനിലെ മീനത്തുചേരി വാർഡുകളിലും രണ്ട് നഗരസഭ, 23 പഞ്ചായത്ത് വാർഡുകളിലും ആണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കൊല്ലം കോർപറേഷൻ, ബത്തേരി നഗരസഭ വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു.

തിരുവനന്തപുരം കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ സിറ്റിങ് സീറ്റിൽ സിപിഎം സ്ഥാനാർത്ഥി ബീന രാജീവ് ആണ് വിജയിച്ചത്. കൊല്ലം കോർപ്പറേഷനിലെ മീനത്തുചേരി ഡിവിഷനിൽ യുഡിഎഫ് അട്ടിമറി ജയം നേടി. 632 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സീറ്റ് പിടിച്ചെടുത്തു. വിളക്കുടി പഞ്ചായത്തിലെ ഒന്നാം വാർഡിൽ 241 വോട്ടിന്റെ ഭൂരിപക്ഷത്തിലും ഇടമുളയ്ക്കൽ പഞ്ചായത്തിലെ നാലാം വാർഡിൽ 262 വോട്ടിന്റെ ഭൂരിപക്ഷത്തിലും എൽഡിഎഫ് സീറ്റ് നിലനിർത്തി.

ആലപ്പുഴ തണ്ണീർമുക്കം പഞ്ചായത്തിൽ ബിജെപിയും എടത്വയിൽ എൽഡിഎഫും സീറ്റ് നിലനിർത്തി. കോട്ടയം കടപ്ലാമറ്റം വയലാ ടൗൺ വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി ബെന്നി ചേരവേലിയെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഷിബു പോതംമാക്കിലാണ് 282 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചത്.

പത്തനംതിട്ടയിലെ കല്ലൂപ്പാറ 7-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി രാമചന്ദ്രൻ വിജയിച്ചു. എൽഡിഎഫ് സീറ്റ് ബിജെപി പിടിച്ചെടുക്കുകയായിരുന്നു. എറണാകുളം കോതമംഗലം പോത്താനിക്കാട് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഎം സ്ഥാനാർത്ഥി സാബു മാധവൻ 43 വോട്ടിന് ജയിച്ചു.

തൃശൂർ കടങ്ങോട് പഞ്ചായത്ത് 14-ാം വാർഡ് ചിറ്റിലങ്ങാട് സിപിഎം നിലനിർത്തി. ഉപതെരഞ്ഞെടുപ്പിൽ 234 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം സ്ഥാനാർത്ഥി എം കെ ശശിധരൻ വിജയിച്ചു. പാലക്കാട് കടമ്പഴിപ്പുറം പതിനേഴാം വാർഡ് 51 വോട്ടിനും വെള്ളിനേഴി പഞ്ചായത്ത് ഒന്നാംവാർഡ് 392 വോട്ട് ഭൂരിപക്ഷത്തിലും എൽഡിഎഫ് നിലനിർത്തിയപ്പോൾ തൃത്താല പഞ്ചായത്ത് നാലാംവാർഡ് എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു.ആനക്കര പഞ്ചായത്ത് 17-ാം വാർഡ് 234 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് നിലനിർത്തി.

വയനാട് ബത്തേരി നഗരസഭ പാളാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിലെ കെ എസ് പ്രമോദ് വിജയിച്ചു. എൽഡിഎഫിലെ പി കെ ദാമുവിനെ 204 വോട്ടിനാണ് തോൽപ്പിച്ചത്. മലപ്പുറം കരുളായി ചക്കിട്ടാമല വാർഡ് യുഡിഎഫ് നിലനിർത്തി. കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തിലെ 15-ാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. മുസ്ലിം ലീഗിലെ പി മുംതാസ് ആണു വിജയിച്ചത്. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ യുഡിഎഫിന് പ്രസിഡന്റ് സ്ഥാനത്തു തുടരാം.

കണ്ണൂർ ജില്ലയിൽ 3 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റുകൾ നിലനിർത്തി. ശ്രീകണ്ഠപുരം നഗരസഭ കോട്ടൂർ വാർഡിൽ കെ സി അജിത (സിപിഎം) 189 വോട്ടുകൾക്കു ജയിച്ചു. പേരാവൂർ പഞ്ചായത്ത് മേൽമുരിങ്ങോടി വാർഡിൽ ടി രഗിലാഷ് (സിപിഎം) 146 വോട്ടുകൾക്കും മയ്യിൽ പഞ്ചായത്ത് വള്ളിയോട്ട് വാർഡിൽ ഇ പി രാജൻ (സിപിഎം) 301 വോട്ടുകൾക്കും ജയിച്ചു.

സർക്കാറിന്റെ ധാർഷ്ട്യത്തിന് തിരിച്ചടി: വി ഡി സതീശൻ

ഉപതിരഞ്ഞെടുപ്പിൽ ആറ് സീറ്റുകളുണ്ടായിരുന്ന യു.ഡി.എഫ് 11 സീറ്റുകൾ നേടി തിളങ്ങുന്ന വിജയം സ്വന്തമാക്കിയെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പിണറായി സർക്കാരിന്റെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും ജനം നൽകിയ മറുപടിയാണിത്. തുടർ ഭരണം എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്ന് ഇനിയെങ്കിലും സർക്കാർ തിരിച്ചറിയണം. നികുതിക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷ നിലപാടിനും സമരങ്ങൾക്കും ജനങ്ങൾ നൽകിയ അംഗീകാരമായി കൂടി ഈ ഉപതെരഞ്ഞെടുപ്പ് വിജയത്തെ കാണുന്നു.

കോട്ടകളെല്ലാം ഞങ്ങൾ പൊളിക്കും. കഴിഞ്ഞ തദ്ദേശ ഉപതെരഞ്ഞെടുപ്പിലും മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് ലഭിച്ച ഉജ്ജ്വല വിജയത്തിന്റെ തുടർച്ചയാണിത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വിജയക്കൊടി പാറിക്കുമെന്നുറപ്പ്. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉജ്ജ്വല വിജയം നൽകിയ ജനാധിപത്യ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു. തെരഞ്ഞെടുപ്പ് വിജയികളെയും വിജയത്തിന് വേണ്ടി പ്രവർത്തിച്ച യു.ഡി.എഫ്- കോൺഗ്രസ് നേതാക്കളെയും കഠിനാധ്വാനം ചെയ്ത പ്രവർത്തകരെയും അഭിനന്ദിക്കുന്നു. നമുക്കിനിയും ഏറെ മുന്നേറാനുണ്ട്. വിജയങ്ങൾ ആവർത്തിക്കപ്പെടണമെന്നും സതീശൻ പറഞ്ഞു.