- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി സർക്കാറിനുള്ള സ്ത്രീകളുടെ താക്കീതായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറും; സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങൾ സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെ; മുഖ്യമന്ത്രിയുടെ മകൾ 1.72 കോടി രൂപ മാസപ്പടിയാണ് വാങ്ങിയത്; ഉമ്മൻ ചാണ്ടിയുടെ മകൾ ജോലി ചെയ്താണ് ജീവിക്കുന്നത്: വി ഡി സതീശൻ
പാമ്പാടി: സ്ത്രീകളെ അപമാനിക്കുന്ന സംഘമായി സിപിഎം സൈബർ സഖാക്കൾ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയടക്കമുള്ള ഉന്നത നേതാക്കളുടെ അനുവാദത്തോടെയാണ് ഇത്തരം കാര്യങ്ങൾ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചരാണാർത്ഥം പാമ്പാടിയിൽ മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ മകളും ഉമ്മൻ ചാണ്ടിയുടെ മകളും ഒരുപോലെയല്ല. മുഖ്യമന്ത്രിയുടെ മകൾ 1.72 കോടി രൂപ മാസപ്പടിയാണ് വാങ്ങിയത്. ഉമ്മൻ ചാണ്ടിയുടെ മകൾ ജോലി ചെയ്താണ് ജീവിക്കുന്നത്. വഴിയരികിൽ ചെളിക്കുണ്ടിൽ കിടക്കുന്നവൻ വഴിയേ പോകുന്നവരുടെ മേൽ ചെളിവാരിയെറിയുന്നത് പോലെയാണിതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും നാട്ടിൽ ജീവിക്കാനാവാത്ത സ്ഥിതിയായി. ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും തണലിൽ ലഹരി മാഫിയാ സംഘങ്ങൾ അരങ്ങുവാഴുകയാണ്. ഇതുമൂലം ഏറെ വിഷമിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ താക്കീതായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം മാറുമെന്ന് ഉറപ്പാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഉമ്മൻ ചാണ്ടിക്കെതിരെ സൈബർ ആക്രമണം തുടങ്ങി. കോട്ടയത്തെ ഒരു സിപിഎം നേതാവായിരുന്നു അതിന് പിന്നിൽ. എന്നാൽ അത് വിലപ്പോകില്ലെന്ന് വന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി തിരുത്തി. എന്നാൽ ഇടുക്കിയിൽ നിന്നും ഒരു വായ പോയ കോടാലിയെ ഇറക്കി അധിക്ഷേപം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള മറുപടി പുതുപ്പള്ളിയിലെ ജനത നൽകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
നേരത്തെ സൈബർ ആക്രമണത്തിൽ താനോ മരിച്ചുപോയ പിതാവോ ക്ഷമിച്ചാലും പുതുപ്പള്ളി ക്ഷമിക്കില്ലെന്ന് അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. പൂജപ്പുര സ്റ്റേഷനിൽ അച്ചു ഉമ്മൻ നൽകിയ പരാതിയിൽ പൊലീസ് പുതുപ്പള്ളിയിലെ വീട്ടിലെത്തി മൊഴിയെടുത്തു ശേഷം മാധ്യമങ്ങളോടാണ് അച്ചു തന്റെ നിലാപാട് അറിയിച്ചത്. വ്യക്തിവൈരാഗ്യം അല്ല ആശയത്തിന്റെ ഭാഗമായാണ് പരാതി നൽകിയതെന്നും അച്ചു ഉമ്മൻ പഞ്ഞു.
എല്ലാ അമ്പുകളും ഉമ്മൻ ചാണ്ടിക്ക് നേരെയാണ്. ആക്രമണം തുടർന്നപ്പോഴാണ് കേസ് കൊടുത്തതെന്നും അച്ചു ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടി കട്ടുമുടിച്ചു എന്ന രീതിയിലാണ് പോസ്റ്റുകൾ. എന്റെ പേരിൽ അദ്ദേഹത്തെ സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്ന് തോന്നി. അദ്ദേഹത്തെ സംരക്ഷിക്കാൻ വേണ്ടി കൂടിയാണ് കേസ് കൊടുത്തതെന്നും അച്ചു കൂട്ടിച്ചേർത്തു.
ഭർത്താവിന്റെ കുടുംബം വർഷങ്ങളായി ഗൾഫിൽ ബിസിനസ് ചെയ്യുകയാണ്. ഭർത്താവിന്റെ അച്ഛനാണ് ബിസിനസ് തുടങ്ങിയതെന്ന് പറഞ്ഞ അച്ചു ഉമ്മൻ, കമ്പനികളുടെ വിവരങ്ങൾ വിശദീകരിച്ചു. കെമിക്കൽ ട്രെഡിങ് കമ്പനികളാണ് ഭർത്താവിന്റെ കുടുംബത്തിനുള്ളത്. ഞങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനം ഈ കമ്പനികളാണ്. ഭർത്താവിന്റെ കുടുംബത്തിന് കളങ്കം ഉണ്ടാവരുത്. ഈ കമ്പനികളുടെ കാര്യത്തിൽ ഏത് അന്വേഷണവും നടത്താമെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് കേസ് കൊടുത്തതെന്നും അച്ചു ഉമ്മൻ പ്രതികരിച്ചു.
ഇനിയെങ്കിലും ഉമ്മൻ ചാണ്ടിയെ വെറുതെ വിടണം. ഞാനോ ഉമ്മൻ ചാണ്ടിയുടെ ആത്മാവോ മാപ്പ് തന്നേക്കാം. എന്നാൽ പുതുപ്പള്ളി മാപ്പ് തരില്ലെന്നും അച്ചു പറഞ്ഞു. ഏഴ് വർഷമായി സർക്കാർ മാറിയില്ലേ. ആരോപണങ്ങൾ അന്വേഷിക്കാമായിരുന്നല്ലോ എന്നും അച്ചു ഉമ്മൻ ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ