പാലക്കാട്: രാജസ്ഥാനിൽ മോദി പ്രസംഗിച്ചത് വെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ 400 സീറ്റ് നേടി അധികാരത്തിൽ എത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും 300 സീറ്റ് കിട്ടുമെന്നാണ് ഇപ്പോൾ പറയുന്നത്. തിരുവനന്തപുരത്തെ പ്രസംഗത്തിൽ നിങ്ങൾ പേടിക്കേണ്ട അധികാത്തിൽ വരുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും സതീശൻ പറഞ്ഞു.

ബിജെപിക്ക് ഭയം തുടങ്ങി. അതിന്റെ ഭാഗമായാണ് രാജസ്ഥാനിൽ വെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയത മോദി പ്രസംഗിച്ചത്. പ്രധാനമന്ത്രി വിഷം ചീറ്റുകയാണ്. ഡോ. മന്മോഹൻ സിങിന്റെ കാലത്ത് കൂടുതൽ കുട്ടികൾ ഉണ്ടാകുന്നവർക്കാണ് കൂടുതൽ സ്വത്ത് നൽകേണ്ടതെന്നും അതുകൊണ്ട് സമ്പത്ത് മുഴുവൻ മുസ്‌ലീങ്ങൾക്ക് നൽകണമെന്നും കോൺഗ്രസ് പറഞ്ഞെന്നാണ് മോദി പ്രസംഗിച്ചത്.

തിരഞ്ഞെടുപ്പിന്റെ പ്രധാനഘട്ടത്തിൽ വിദ്വേഷത്തിന്റെ കാമ്പയിനാണ് പ്രധാനമന്ത്രി നടത്തുന്നത്. ഈ വർഗീയ അജണ്ടക്കെതിരെയാണ് കോൺഗ്രസ് പോരാടുന്നത്. സമ്പത്തിന്റെ നീതിപൂർവകമായ വിതരണം വേണമെന്നാണ് ഡോ. മന്മോഹൻ സിങ് പറഞ്ഞത്. സമ്പത്തിന്റെ നീതി പൂർവകമായ വിതരണം നടന്നാൽ പട്ടികജാതി-വർഗ വിഭഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന ലഭിക്കും. സമ്പത്തിന്റെ നീതിപൂർവകമായ വിനിയോഗത്തെ കുറിച്ച് ഡോ മന്മോഹൻ സിങ് നടത്തിയ പ്രസംഗമാണ് നരേന്ദ്ര മോദി ദുർവ്യാഖ്യാനം ചെയ്ത് വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നത്.

തിരുവനന്തപുരത്ത് വന്ന് ക്രൈസ്തവരെ ചേർത്ത് പിടിക്കുമെന്ന് പറയുമ്പോഴും മറ്റു സംസ്ഥാനങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങളും ക്രൈസ്തവരും ആക്രമിക്കപ്പെടുകയാണ്. മണിപ്പൂരിൽ മുന്നൂറോളം പള്ളികളാണ് കത്തിച്ചത് നൂറു കണക്കിന് പേർ കൊല്ലപ്പെട്ടു പതിനായിരങ്ങൾ പലായനം ചെയ്തു. എന്നിട്ടും തൃശൂരിൽ കല്യാണത്തിന് വന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ല. മണിപ്പൂരിൽ പോയി സ്ത്രീകളെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിച്ചത് രാഹുൽ ഗാന്ധി മാത്രമാണ്.

നിരവധി വൈദികരും പാസ്റ്റർമാരും ജയിലുകളിലാണ്. കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 26-ന് പീഡനമേറ്റ് ജയിലിൽ മരണപ്പെട്ട ഫാദർ സ്റ്റാൻസാമിയുടെ എൻപത്തി ഏഴാം ജന്മദിനാണ്. വർധക്യവും രോഗവും ബാധിച്ച് ഒരു ഗ്ലാസ് വെള്ളം പോലും എടുത്ത് കുടിക്കാൻ സാധിക്കാത്ത ആളെയാണ് ക്രൂരമായ വിധിക്ക് വിധേയമാക്കിയത്.

സിദ്ധാർഥന്റെ മരണത്തിൽ യു.ഡി.എഫും കോൺഗ്രസും മിണ്ടിയില്ലെന്നാണ് ബിജെപി ഇന്ന് നൽകിയ പരസ്യത്തിൽ പറയുന്നത്. സിദ്ധാർഥന്റെ മരണത്തിൽ ഏറ്റവും കൂടുതൽ പ്രതികരിച്ചതും സമരം നടത്തിയതുമൊക്കെ കോൺഗ്രസും യു.ഡി.എഫുമാണ്. കെ.എസ്.യു, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് അധ്യക്ഷന്മാർ നിരാഹാരസമരം ആരംഭിച്ചതിന്റെ ആറാം ദിനത്തിലാണ് കേസ് സിബിഐക്ക് വിട്ടത്. വർഗീയ പ്രചരണമാണ് മാധ്യമങ്ങളിലൂടെ ബിജെപി നടത്തുന്നത്. പ്രതിപക്ഷത്തെ പരാജയപ്പെടുത്തുന്നതിന് വേണ്ടി വെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയ പ്രചരണത്തിലേക്കാണ് ബിജെപി പോകുന്നത്.

വടക്കേ ഇന്ത്യയിലേതു പോലെ തിരുവനന്തപുരത്തും വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നു എന്നതിന്റെ സൂചനകൾ കിട്ടിയതിനെ തുടർന്നാണ് യു.ഡി.എഫ് പരാതി നൽകിയത്. എന്നാൽ ഇലക്ടറൽ ബോണ്ട് വിഷയത്തിൽ ബിജെപി അഴിമതി കാട്ടിയെന്നു പോസ്റ്റിട്ടയാൾക്കെതിരെ മോദിയുടെ സത്പേരിന് കളങ്കമുണ്ടാക്കുന്നെന്നു കാട്ടി പിണറായിയുടെ പൊലീസ് കേരളത്തിൽ കേസെടുക്കുകയാണ്. വർഗീയതയാണ് ബിജെപി സംസാരിക്കുന്നതെന്ന് പറഞ്ഞ കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെയും പൊലീസ് കേസെടുത്തു.

എന്നാൽ പ്രതിപക്ഷ നേതാവ് നൽകിയ ഒമ്പത് പരാതികളിലും കേസില്ല. ഞാൻ പോലും പറായാത്ത കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ ഗാന്ധിയെ വിമർശിച്ചതെന്ന് നരേന്ദ്ര മോദി പോലും പറഞ്ഞു. മോദി സന്തോഷിപ്പിക്കാനാണ് പിണറായി രാഹുൽ ഗന്ധിയെ വിമർശിക്കുന്നത്. അതുകൊണ്ടാണ് പിണറായി വിജയനെ കസവ് കെട്ടിയ പേടിത്തൊണ്ടനാണെന്ന് പറഞ്ഞത്.

അഞ്ച് വർഷം മുൻപ് വയനാട്ടിൽ പതാക വിവാദമുണ്ടാക്കിയത് ബിജെപിയാണ്. ഇപ്പോൾ പതാക വിവാദമുണ്ടാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ബിജെപിയെ പോലെ വർഗീയധ്രുവീകരണം നടത്താനാണ് പിണറായി വിജയനും ശ്രമിക്കുന്നത്. രാഹുൽ ഗാന്ധി പോയ എല്ലായിടത്തും കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികളുണ്ട്. ഓരോ പ്രചരണത്തിലും കൊടി പിടിക്കണോ പ്ലക്കാർഡ് പിടിക്കണോയെന്ന് പിണറായി വിജയനും എ.കെ.ജി സെന്ററും തീരുമാനിക്കേണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.