- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ കെ ശൈലജയുടെ പ്രസ്താവന പ്രചാരണായുധമാക്കി യുഡിഎഫ്
വടകര: തനിക്കെതിരെ മോർഫ് ചെയ്ത വീഡിയോ ഉണ്ടെന്നല്ല, തല മാറ്റി തന്റെ തല ഒട്ടിച്ച പോസ്റ്റർ ഉണ്ടെന്നാണ് താൻ പറഞ്ഞതെന്ന കെ.കെ. ശൈലജയുടെ പ്രസ്താവന യുഡിഎഫ് പ്രചാരണായുധമാക്കി. അശ്ലീല വീഡിയോയുടെ നിർമ്മാണം വടകരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി തന്നെ നിഷേധിച്ച സ്ഥിതിക്ക് ഇത്രയും ദിവസം ആർക്കുനേരെയാണ് രൂക്ഷമായ വ്യക്തിഹത്യ ഉണ്ടായതെന്ന് സിപിഎമ്മും സ്ഥാനാർത്ഥിയും തുറന്നുപറയണമെന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി ഷാഫി പറമ്പിൽ.
വീഡിയോയുടെ പേര് പറഞ്ഞ് തനിക്കും കൂടെയുള്ളവർക്കുമെതിരെ രൂക്ഷമായ ആക്രമണമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പൊതുഇടങ്ങളിലും ഉണ്ടായത്. ഇപ്പോൾ സ്ഥാനാർത്ഥി തന്നെ പറയുന്നു അങ്ങനെ പറഞ്ഞിട്ടില്ലെന്ന്. അങ്ങനെയെങ്കിൽ ഇത്രയും ദിവസങ്ങൾ തങ്ങൾക്കെതിരെ പോസ്റ്റ് ഇട്ടവരും നെടുങ്കൻ പ്രസ്താവനകൾ എഴുതിയവരും തിരുത്താൻ തയ്യാറാവുമോയെന്നും സ്ഥാനാർത്ഥി ഉൾപ്പെടെയുള്ളവർ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകുമോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
'വ്യക്തിഹത്യ നേരിട്ടത് ഞാനാണ്. വ്യക്തിഹത്യ മറ്റുള്ളവർക്കെതിരെ ആവാം, തനിക്കെതിരെ മാത്രം പാടില്ല എന്ന നിലപാട് ഒരു പൊതുപ്രവർത്തകയ്ക്ക് സ്വീകരിക്കാൻ കഴിയുമോ? കെ.കെ. രമയ്ക്കും രമ്യ ഹരിദാസിനും എതിരെയുണ്ടായ അസഭ്യവർഷങ്ങൾ തെളിവുകളോടെയാണ് ഉന്നയിച്ചിട്ടുള്ളത്. ഇപ്പോൾ സ്ഥാനാർത്ഥി പറഞ്ഞതുപോലെ പിന്നീട് നിഷേധിക്കേണ്ട കാര്യങ്ങൾ അല്ല ഉന്നയിച്ചത്. സ്‌ക്രീൻഷോട്ട് ഉൾപ്പെടെ വച്ചാണ് കെ.കെ. രമ പരാതി നൽകിയിട്ടുള്ളത്. രമ്യയ്‌ക്കെതിരെയുള്ള അസഭ്യവർഷം ഇപ്പോഴും പൊതുഇടത്തിൽ കാണാവുന്നതാണ്. മുൻ എംഎൽഎയുടെ മകന്റെ ഉൾപ്പെടെ അസഭ്യത്തിന്റെ സ്‌ക്രീൻഷോട്ടുകൾ പ്രചരിക്കുന്നു.' -ഷാഫി പറഞ്ഞു.
'കെ.കെ. രമ നടത്തിയ വാർത്താസമ്മേളനം മുറിച്ചു തറിച്ച് പല രൂപത്തിൽ വികൃതമാക്കി എനിക്കും കൂടെയുള്ളവർക്കും നേരെ പുതിയ വീഡിയോ ഇറക്കിയിരിക്കുന്നു. ഇവയ്‌ക്കെല്ലാമെതിരെ നടപടി സ്വീകരിക്കാൻ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കൂടെ നിൽക്കുമോ? എന്തുകൊണ്ടാണ് ഇവയെ ഒന്നും തള്ളിപ്പറയാൻ സ്ഥാനാർത്ഥിയോ എൽ.ഡി.എഫോ തയ്യാറാവാത്തത്? അതൊരു ശരിയായ നിലപാടാണ് എന്ന് പറയാൻ കഴിയുമോ? എല്ലാവരോടും കരുതലും ചേർത്തുനിർത്തലും എന്നൊക്കെയാണ് പുറത്തു പറയുന്നത് എങ്കിൽ ആ കരുതൽ തന്നോട് മാത്രമാണ് എന്ന് പറയാതെ പറയാതെ പറയുകയല്ലേ സ്ഥാനാർത്ഥി ചെയ്യുന്നത്.' -ഷാഫി പറമ്പിൽ ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുറ്റ്യാടി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
വടകരയിലെ സൈബർ ആക്രമണ പരാതിയിൽ വിശദീകരണവുമായി എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ രംഗത്തെത്തിയിരുന്നു. മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്നും മുഖം വെട്ടിയൊട്ടിച്ചുള്ള പോസ്റ്റർ പ്രചരിക്കുന്നുവെന്നാണ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതെന്നും ശൈലജ വ്യക്തമാക്കി.
'വീഡിയോ നുണപ്രചാരണങ്ങൾ നടക്കുന്നുണ്ട്. പക്ഷേ ഞാനന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത് പോസ്റ്ററിനെ കുറിച്ചാണ്. പോസ്റ്ററിൽ തലമാറ്റി എന്റ തലയൊട്ടിച്ച് വികൃതമാക്കി പ്രചരിപ്പിക്കുന്നു. പല കുടുംബ ഗ്രൂപ്പുകളിലും ഇത്തരം പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ട്. ആരാണ് ഈ മനോരോഗികൾ. ഇതിനെല്ലാം പിന്നിൽ ഒരു സംഘമുണ്ട്. അതിന് വേണ്ടിയിറങ്ങിയിരിക്കുകയാണിവർ. ആ സംഘം തന്നെയാണ് ഇത് ചെയ്യുന്നത്'. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുവെന്നും ശൈലജ പറഞ്ഞിരുന്നു.