വടകര: വടകരയിൽ പോളിങ് മന്ദഗതിയിലായതിൽ രാഷ്ട്രീയ കക്ഷികൾക്ക് ആശങ്ക. വോട്ടിങ് വൈകിപ്പിക്കുന്നതു ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ.കെ.രമ എംഎൽഎയും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറും ആരോപിച്ചു. വടകരയിൽ വോട്ടെടുപ്പ് ചുരുങ്ങിയത് എട്ടു മണിവരെയെങ്കിലും നീളും. തിരഞ്ഞെടുപ്പ് മന്ദഗതിയിലായതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വോട്ടു ചെയ്യാതെ മടങ്ങി.

വോട്ടിങ് യന്ത്രം തകരാറിലായതാണ് ചില ബൂത്തുകളിൽ പോളിങ് മന്ദഗതിയിലാകാൻ കാരണം. ചിലയിടത്ത് വൻ തോതിൽ ഓപ്പൺ വോട്ട് രേഖപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാത്തവർ പോലും ഓപ്പൺ വോട്ട് ചെയ്യുന്നുണ്ട്. ഇതിനു വളരെയധികം സമയം വേണ്ടി വരുന്നുണ്ട്.

ചില ബൂത്തുകളിൽ ആയിരത്തിയഞ്ഞൂറോളം വോട്ടർമാരുണ്ട്. ഇത്രയും പേർ വോട്ട് ചെയ്തു വരുന്നതിനും സമയമെടുക്കുന്നുണ്ട്. 1600 വോട്ടർമാർ ഉള്ള വാർഡിൽ രണ്ട് ബൂത്ത് അനുവദിക്കും. രാവിലെ മുതൽ ബൂത്തുകളിൽ വലിയ ക്യൂ അനുവഭവപ്പെട്ടിരുന്നു. ഉച്ചതിരിഞ്ഞും ആളുകൾ ക്യൂവിൽ കാത്തുനിൽക്കുന്ന അവസ്ഥയായിരുന്നു. പോളിങ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ചില ബൂത്തുകളിൽ ഏജന്റുമാർ പ്രശ്‌നമുണ്ടാക്കി. എന്നിട്ടും വോട്ടിങ് മന്ദഗതിയിൽ തന്നെയാണ് തുടർന്നത്. വടകര ടൗണിലും പരിസരത്തുമായി മാത്രം ഇരുപതോളം ബൂത്തുകളിൽ പോളിങ് ഇഴയുകയാണ്.

നാല് മണിക്കൂർ വരെ ക്യൂവിൽ നിന്ന ശേഷം പലരും വോട്ട് ചെയ്യാതെ മടങ്ങുകയാണ്. രാത്രി 9 മണിയോടെ മാത്രമേ ഇവിടെ പോളിങ് അവസാനിക്കുകയുള്ളൂവെന്നാണ് വിവരം. വോട്ടിങ് മെല്ലെപ്പോക്കിനെ തുടർന്ന് മണ്ഡലത്തിൽ ഗൂഢാലോചന നടന്നുവെന്ന് സംശയിക്കുന്നതായി വടകരയിലെ യുഡിഎഫ് എംഎൽഎ കെകെ രമ ആരോപിച്ചു.

വേണ്ടത്ര സംവിധാനങ്ങൾ ഒരുക്കിയില്ലെന്നാണ് വോട്ടർമാരുടെ പരാതി. പലരും തലചുറ്റി വീണെന്നും ഇവർ പറയുന്നു. കുറവ് ബൂത്തുകളും ഉദ്യോഗസ്ഥരുടെ വേഗത ഇല്ലായ്മയുമാണ് പ്രതിസന്ധി വർധിപ്പിച്ചത് എന്നാണ് ആരോപണം. പരാതിയുമായി കെ.കെ.രമ എംഎൽഎ രംഗത്തെത്തിയിരുന്നു. ഒരാൾ വോട്ടുരേഖപ്പെടുത്താൻ എടുക്കുന്ന സമയം കൂടുന്നുവെന്നും നിരവധിപേർ ക്യൂവിൽ നിൽക്കുകയാണെന്നും അവർ പറഞ്ഞു. ഈ കാരണത്താലാണ് വടകരയിലെ വോട്ടിങ് ശതമാനം കുറയുന്നത്. എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല. സ്ത്രീകടളടക്കം പല ബൂത്തുകളിലും മടങ്ങിപോകുകയാണ്. വരണാധികാരിയെ ബന്ധപ്പെട്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു മറുപടി.

രാത്രി പത്തുമണി ആയാലും വോട്ടിങ് അവസാനിക്കില്ലെന്നാണ് തോന്നുന്നതെന്നും തിരികെപോയ പലരേയും തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും കെകെ രമ പറഞ്ഞു.കേരളത്തിൽ മറ്റൊരിടത്തും ഇല്ലാത്ത അവസ്ഥയാണ് വടകരയിലെന്ന് അവർ ആരോപിച്ചു. ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ വളരെ മന്ദഗതിയിലാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. വോട്ടിങ് കഴിഞ്ഞാലുള്ള ശബ്ദം ഏഴു സെക്കൻഡിൽ കൂടുതൽ കഴിഞ്ഞാണ് വരുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടന്നെന്ന സംശയമുണ്ടെന്നും രമ ആരോപിച്ചു.