കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ചികിത്സാകാര്യത്തിൽ സിപിഎമ്മോ സർക്കാരോ ഇടപെടേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കുടുംബവും പാർട്ടിയും ഏറ്റവും ഭംഗിയായി അദ്ദേഹത്തിന്റെ ചികിത്സ നടത്തിയിട്ടുണ്ട്. 2019-ലാണ് ആസ്റ്റർ മെഡിസിറ്റിയിൽ നടത്തിയ ബയോപ്സിയിലാണ് അദ്ദേഹത്തിന് രോഗമുള്ളതായി കണ്ടെത്തിയത്. അതേ വർഷം ഒക്ടോബറിൽ അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടുപോയി. അവിടുത്തെ ചികിത്സയ്ക്ക് ശേഷം നാട്ടിൽ തുടർ ചികിത്സ നടത്താൻ അവർ നിർദ്ദേശിച്ചതനുസരിച്ച് 2019-ൽ തന്നെ വെല്ലൂരിൽ പ്രവേശിപ്പിച്ചു. അതിനു ശേഷം പ്രത്യേക ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് കൊണ്ടുപോയി.

ഉമ്മൻ ചാണ്ടിയുടെ ചികിൽസാ വിവാദം പുതുപ്പള്ളിയിൽ ചർച്ചയാക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിക്ക് ചികിൽസ നിഷേധിക്കുന്നതിൽ കുടുംബത്തിലെ ചിലർ നിലപാട് എടുത്തു. ഇതിനെ കുടുംബത്തിലുള്ളവർ തന്നെ എതിർത്തിരുന്നു. ഇക്കാര്യത്തിൽ തെളിവുകൾ സർക്കാരിന്റെ കൈയിലുണ്ടെന്നും സിപിഎം നേതാവ് അനിൽ കുമാർ പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയുടെ ചികിൽസയുമായി ബന്ധപ്പെട്ട് നിർണ്ണായക വെളിപ്പെടുത്തൽ മറുനാടൻ നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ബംഗ്ലൂരുവിലേക്ക് ചികിൽസയ്ക്ക് കൊണ്ടു പോയത്. അതുമായി ബന്ധപ്പെട്ട് പിവി അൻവർ എംഎൽഎ ഉൾപ്പെടെയുള്ളവർ മറുനാടനെതിരെ വ്യാജ പ്രചരണം നടത്തി. എന്നാൽ മറുനാടൻ പറഞ്ഞതിലെ വസ്തുതകൾ സിപിഎമ്മും ഒടുവിൽ തിരിച്ചറിയുകാണ്. ഈ സാഹചര്യത്തിലാണ് സതീശന്റെ പ്രതികരണവും.

ഉമ്മൻ ചാണ്ടിയുടെ ചികിൽസയിൽ പിഴവുണ്ടെന്ന് ആരോപിച്ചത് ഉമ്മൻ ചാണ്ടിയുടെ അടുത്ത ബന്ധുക്കളാണ്. അതാണ് മറുനാടനും വാർത്തയാക്കിയത്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ മരണത്തിന് ശേഷം പുതുപ്പള്ളിയിൽ വലിയ വികാരം ഉയർന്നു. ചാണ്ടി ഉമ്മന് അനുകൂലമായി അത് മാറുകയും ചെയ്തു. ഇതോടെയാണ് സിപിഎമ്മും ചികിൽസാ വിവാദം ചർച്ചയാക്കുന്നത്. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിക്കണമെന്നാണ് സിപിഎം നേതാവ് അനിൽ കുമാറിന്റെ ആവശ്യം. ഇതിന് ശേഷം വേണമെങ്കിൽ രേഖകൾ പുറത്തു വിടാമെന്നാണ് സിപിഎം നേതാവിന്റെ നിലപാട്. പരാതിയുള്ള കുടുംബാംഗങ്ങൾ ഇപ്പോഴും പുതുപ്പള്ളിയിലുണ്ടെന്നും എല്ലാം പൊതു മണ്ഡലത്തിലുള്ളതാണെന്നും അനിൽകുമാർ പറയുന്നു. അതുകൊണ്ട് തന്നെ സതീശന്റെ പ്രതികരണത്തിന് ശേഷം സിപിഎം എടുക്കുന്ന നിലപാട് നിർണ്ണായകമാണ്. 

2022-ൽ ആരോഗ്യസ്ഥതിയിൽ ചെറിയ മാറ്റമുണ്ടായപ്പോൾ രാജഗിരിയിൽ പ്രവേശിപ്പിച്ചു. നവംബറിൽ വീണ്ടും ജർമ്മനിയിലേക്ക് പോയി എന്ന് സതീശൻ വിശദീകരിക്കുന്നു. . അവിടെ നിന്നുള്ള ഉപദേശ പ്രകാരം ബെംഗലുരുവിൽ ചികിത്സ നടത്തി. ഭേദമായി വീട്ടിൽ വിശ്രമിക്കുന്നതിനിടെ നിമോണിയ ബാധിച്ചതിനെ തുടർന്ന് മിംസിൽ പ്രവേശിപ്പിച്ചു. നിമോണിയ കുറഞ്ഞെന്നും പുറത്തേക്ക് കൊണ്ടു പോകാമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് കെ.സി വേണുഗോപാൽ ആശുപത്രിയിൽ എത്തുകയും പ്രത്യേക വിമാനത്തിൽ ഉമ്മൻ ചാണ്ടിയെ ബെംഗലുരുവിലേക്ക് കൊണ്ടു പോയി. തുടർന്ന് മരിക്കുന്നത് വരെ വരെ ബെംഗലുരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വിദേശത്തും ഇന്ത്യയിലും കേരളത്തിലുമായി അദ്ദേഹത്തിന് നൽകാവുന്ന മികച്ച ചികിത്സ നൽകിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ സഹധർമ്മിണിയും മൂന്ന് മക്കളും കോൺഗ്രസ് പാർട്ടിയുമായി ആലോചിച്ചാണ് എല്ലാ തീരുമാനങ്ങളുമെടുത്തത്. ഇപ്പോൾ ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയായി വന്നപ്പോൾ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിക്കുന്നതിന് വേണ്ടിയാണ് സിപിഎം മൂന്നാംകിട ആരോപണം മൂന്നാംനിര നേതാക്കളെക്കൊണ്ട് പറയിപ്പിക്കുന്നത്.

മുൻ മുഖ്യമന്ത്രിയുടെ ചികിത്സയെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഒരു കമ്മിറ്റിയുണ്ടാക്കിയിരുന്നു. എന്നാൽ സർക്കാർ ഒരു ചികിത്സയും നൽകിയിട്ടില്ല. കുടുംബത്തിലെ നാല് പേരും മാറിമാറി അദ്ദേഹത്തിന്റെ സമീപത്തുണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയും രോഗവിവരം സംബന്ധിച്ച് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും കെ.സി വേണുഗോപാലും കൃത്യമായി അന്വേഷിച്ചിരുന്നു. കേരളത്തിലെ കോൺഗ്രസ് നേതൃത്വവും അദ്ദേഹത്തിനൊപ്പം നിന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് സമയത്ത് വിവാദമുണ്ടാക്കുന്നതിനെ കുറിച്ച് ഒന്നും പറയാനില്ല. മത്സരത്തെ രാഷ്ട്രീയമാക്കുമെന്ന് തിരുവനന്തപുരത്ത് വച്ച് കേമത്തിൽ പ്രഖ്യാപിച്ചവർ ഇവിടെയെത്തി തരംതാണം പ്രചരണം നടത്തുകയാണ്. ഇത് സിപിഎമ്മിന്റെ സ്ഥിരം പരിപാടിയാണ്. ഇതൊക്കെ ജനങ്ങൾക്ക് ബോധ്യപ്പെടും.

സഭാ വിശ്വാസം അനുസരിച്ച് ഈ മാസം 26 വരെ മുടങ്ങാതെ പള്ളിയിൽ ആരാധന നടക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുകൊണ്ട് ഉമ്മൻ ചാണ്ടിയുടെ നാൽപ്പതാം ദിവസത്തെ ആരാധന വേണ്ടെന്ന് പറയാനാകില്ല. അതൊക്കെ കുടുംബത്തിന്റെ തീരുമാനമാണ്. പള്ളിയിൽ എല്ലാദിവസവും പ്രാർത്ഥനയുണ്ട്. അത് മതപരമായ വിശ്വാസത്തിന്റെ ഭാഗമാണ്. അതിലൊക്കെയാണ് സിപിഎം നേതാക്കൾ കയറിപ്പിടിക്കുന്നത്. ചാണ്ടി ഉമ്മൻ പള്ളിയിൽ പോകാൻ പാടില്ല, സ്വന്തം പിതാവിന്റെ കല്ലറയുള്ള പള്ളിയിലേക്ക് നാൽപത് ദിവസത്തെ പ്രാർത്ഥനയിൽ പങ്കെടുക്കരുത് എന്നൊക്കെയാണ് സിപിഎം ആവശ്യപ്പെടുന്നത്. വാ തുറന്ന് എന്തെങ്കിലും രാഷ്ട്രീയം പറഞ്ഞാൽ സിപിഎം പ്രതിക്കൂട്ടിലാകും. അതുകൊണ്ടാണ് ചികിത്സ, പള്ളി, പ്രാർത്ഥന എന്നൊക്കെ പറയുന്നത്. ചാണ്ടി ഉമ്മൻ പള്ളിയിൽ പോകേണ്ടെന്ന് കോൺഗ്രസ് പറയണോ? അത്രത്തോളം തരംതാഴുകയാണ് സിപിഎം.

മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ളത് അഴിമതിയാണ്. അഴിമതി നിയമസഭയിൽ ഉന്നയിക്കാൻ റൂൾസ് ഓഫ് പ്രൊസീജിയർ പ്രകാരമുള്ള നടപടിക്രമമുണ്ട്. അതനുസരിച്ചേ ഉന്നയിക്കാനാകൂ. അല്ലാതെ പറയുന്നതിൽ അഭംഗിയുണ്ട്. പിണറായി വിജയനെ പേടിച്ചിട്ടാണോ ഞങ്ങളൊക്കെ നടക്കുന്നത്. മറുപടി പറയട്ടെ അപ്പോൾ കാണാം. ഒന്നും പറയാറില്ലല്ലോ. ഇത്രയും ഗുരുതരമായ ആരോപണം വന്നിട്ടും പത്രസമ്മേളനം നടത്തി മാധ്യമങ്ങളോട് പറയാനുള്ള ധൈര്യം പോലും മുഖ്യമന്ത്രിക്കില്ല. നോക്കിയെങ്കിലും വായിക്കാനുള്ള ധൈര്യം പിണറായി വിജയനുണ്ടോ? ചെറുപ്പക്കാരായ മാധ്യമ പ്രവർത്തകരുടെ ചോദ്യം പോലും നേരിടാൻ ധൈര്യമില്ലാത്ത മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മുന്നിൽ എങ്ങനെ മറുപടി പറയും. മാധ്യമങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി വാ തുറന്നിട്ട് ആറ് മാസമായി. മോദിക്ക് പഠിക്കുകയാണ്. പത്രസമ്മേളനം നടത്താനെങ്കിലും ധൈര്യമുണ്ടോയെന്ന് മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോട് ചോദിക്കണം.-സതീശൻ പറഞ്ഞു