- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിക്കെതിരായ പരാതി വ്യാജമായിരുന്നെന്ന സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ച സാഹചര്യത്തിൽ പിണറായി വിജയനും സിപിഎമ്മും മാപ്പ് പറയണം; പുതുപ്പള്ളിയിൽ യു.ഡി.എഫിനുള്ളത് സ്വപ്നതുല്യമായ വിജയലക്ഷ്യം; നല്ല കമ്മ്യൂണിസ്റ്റുകാരും ചാണ്ടി ഉമ്മന് വോട്ട് ചെയ്യും; പുതുപ്പള്ളിയിൽ തികഞ്ഞ ആത്മവിശ്വാസമെന്ന് വിഡി സതീശൻ
പാമ്പാടി: പുതുപ്പള്ളിയിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് പോളിങ് ദിനത്തിലേക്ക് കടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്ട്രീയ പരിഗണനകൾക്കും ജാതി മത ചിന്തകൾക്കും അതീതമായി യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് അനുകൂലമായ വലിയൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പൂർണമായ വിശ്വാസമുണ്ട്. എല്ലാവിഭാഗം ജനങ്ങൾക്കിടയിൽ നിന്നും വൻപിന്തുണയാണ് ലഭിക്കുന്നത്. യു.ഡി.എഫ് ഒരു ടീമായി ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്. സ്വപ്നതുല്യമായ ഒരു വിജയലക്ഷ്യം ഞങ്ങൾക്കുണ്ട്. അതിന് വേണ്ടിയാണ് കഷ്ടപ്പെട്ട് പ്രവർത്തിച്ചത്. ഭൂരിപക്ഷം എത്രയാണെന്ന് പറയാൻ ഇപ്പോൾ ധൈര്യമില്ല. ഞാൻ പറഞ്ഞാലും ഭൂരിപക്ഷം അതൊക്കെ വിട്ടുപോകും. എല്ലാം ജനങ്ങളുടെ കയ്യിലാണ്. ഉമ്മൻ ചാണ്ടിക്കൊപ്പം സർക്കാർ വിരുദ്ധ വികാരം കൂടി വന്നപ്പോഴാണ് ഞങ്ങൾ സ്വപ്നതുല്യമായ വിജയലക്ഷ്യം ഉറപ്പിച്ചത്.
ഉമ്മൻ ചാണ്ടിക്കെതിരെ സോളർ കേസ് പ്രതി നൽകിയ പരാതി വ്യാജമാണെന്ന സിബിഐയുടെ കണ്ടെത്തൽ കോടതി അംഗീകരിച്ചു. നാല് പൊലീസ് സംഘങ്ങൾ പരാതിയിൽ കഴമ്പില്ലെന്ന് പറഞ്ഞിട്ടും മതിവരാഞ്ഞ് ഉമ്മൻ ചാണ്ടിയെ വഷളാക്കണമെന്ന് കരുതിയാണ് പിണറായി വിജയൻ തട്ടിപ്പ് കേസിലെ പ്രതിയായ സ്ത്രീയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി സിബിഐക്ക് വിട്ടത്. ജീവിച്ചിരിക്കുമ്പോഴും മരിച്ച ശേഷവും സിപിഎം ഉമ്മൻ ചാണ്ടിയെ വേട്ടയാടി. ഏഴ് വർഷം അധികാരത്തിൽ ഇരുന്നിട്ടും കേസിൽ എന്തെങ്കിലും ഒരു തുമ്പ് കണ്ടെത്താനായോ? മനഃപൂർവമായി ഒരു മനുഷ്യനെ വേട്ടയാടാനും അപകീർത്തിപ്പെടുത്താനും അപഹസിക്കാനും വേണ്ടി സിപിഎം നടത്തിയ പ്രചരണവും തെരഞ്ഞെടുപ്പിന് മുൻപ് പരാതി എഴുതി വാങ്ങി സിബിഐ അന്വേഷണത്തിന് വിട്ട പിണറായി വിജയന്റെ നാടകവും കെട്ടിപ്പൊക്കിയ വ്യാജ ആരോപണങ്ങളായിരുന്നെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. തെറ്റായ ആരോപണം ഉന്നയിച്ചതിലൂടെ പെൺമക്കൾ അടക്കമുള്ള ഉമ്മൻ ചാണ്ടിയുടെ കുടുംബം എത്രമാത്രം വേദന അനുഭവിച്ചിട്ടുണ്ട്? പരാതി വ്യാജമായിരുന്നെന്ന സിബിഐയുടെ അന്വേഷണ റിപ്പോർട്ട് കോടതി അംഗീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഉമ്മൻ ചാണ്ടിയുടെ കുടുംബത്തോടും കേരളത്തിലെ ജനങ്ങളോടും മാപ്പ് പറയണം.
ഉമ്മൻ ചാണ്ടിയുടെ വേർപാടിന്റെ 22-ാം ദിനത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജില്ലാ നേതാക്കളെ ഉപയോഗിച്ച് ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വേട്ടയാടിക്കൊണ്ടുള്ള പ്രചരണമാണ് സിപിഎം നടത്തിയത്. ജനങ്ങളിൽ നിന്നും അതിനെതിരെ പ്രതികരണമുണ്ടായപ്പോൾ ഉമ്മൻ ചാണ്ടിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരായ പ്രചരണം ആവർത്തിക്കില്ലെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. ഇതിന് പിന്നാലെ സിപിഎം നേതാക്കളുടെ അറിവോടെ ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം നടത്തി. ഇടുക്കിയിൽ നിന്നും എം.എം മണിയെ രംഗത്തിറക്കി ഉമ്മൻ ചാണ്ടിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ ആക്ഷേപം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ ജനങ്ങളുടെ മനസിലുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. അത് ആർക്കും മായ്ച്ച് കളയാനാകില്ല. അതിനൊപ്പം തന്നെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായ രാഷ്ട്രീയ പ്രചരണത്തിന് വേണ്ടിയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ വിനിയോഗിച്ചത്. മണിപ്പൂരിലും രാജ്യത്താകെയും ബിജെപി നടത്തുന്ന വർഗീയ ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളൊക്കെ ജനങ്ങളുമായി ചർച്ച ചെയ്തു. സംസ്ഥാന സർക്കാരിനെതിരെ മാസപ്പടി ഉൾപ്പെടെയുള്ള ആറ് സുപ്രധാന അഴിമതി ആരോപണങ്ങളും ഓണക്കാലത്തെ രൂക്ഷമായ വിലക്കയറ്റവും നികുതി ഭീകരതയും കാർഷിക മേഖലയോടുള്ള അവഗണനയുമൊക്കെ ജനങ്ങൾക്കിടയിൽ ചർച്ചയാക്കി. ഏഴ് മാസമായി മൗനത്തിലായ മുഖ്യമന്ത്രി പുതുപ്പള്ളിയിലെങ്കിലും മാധ്യമങ്ങളോട് സംസാരിക്കണമെന്നും പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. രണ്ട് ഘട്ടമായി പ്രചരണത്തിനെത്തിയെങ്കിലും മാധ്യമങ്ങളെ കാണാനോ പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി നൽകാനോ തയാറാകാതെ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തിൽ ഒളിച്ചിരിക്കുകയാണ്. ഉത്തരം പറയാൻ സാധിക്കത്ത തരത്തിലുള്ള പ്രതിരോധനത്തിലായതിനാൽ മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്നും ഇപ്പോഴും ഒളിച്ചോടുകയാണ്. യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പുതുപ്പള്ളിയിൽ പറഞ്ഞത്. കിടങ്ങൂരിൽ യു.ഡി.എഫും ബിജെപിയും തമ്മിൽ ബന്ധമുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ബിജെപി സഹായത്തോടെ കോട്ടയം നഗരസഭയിലെയും എസ്.ഡി.പി.ഐ സഹായത്തോടെ ഈരാറ്റുപേട്ടയിലെയും യു.ഡി.എഫ് ഭരണം സിപിഎം താഴെയിറക്കിതൊക്കെ മറന്നുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. കേരളത്തിലെ സിപിഎമ്മും ബി.ജെപിയുടെ കേന്ദ്ര നേതൃത്വവും തമ്മിൽ ബന്ധമുണ്ട്. കേസുകൾ ഒത്തുതീർപ്പാക്കുന്നതിലൂടെ അത് വ്യക്തമായതുമാണ്. എന്നിട്ടും അതേക്കുറിച്ചൊന്നും മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. കേരളത്തിൽ വിലക്കയറ്റമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിൽ വിലക്കയറ്റമില്ലെന്ന് വിശ്വസിക്കുന്ന ഏകയാൾ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്.
തെരഞ്ഞെടുപ്പിൽ പലതരത്തിലും സിപിഎം അധികാര ദുർവിനിയോഗത്തിന് ശ്രമിച്ചു. സർക്കാരിന്റെ അധികാരം ഉപയോഗിച്ച് ചില സമുദായ നേതാക്കളെ സമ്മർദ്ദത്തിലാക്കാൻ പ്രചരണത്തിന്റെ അവസാന ആഴ്ച സിപിഎം ശ്രമിച്ചു. ചാണ്ടി ഉമ്മന് ലഭിക്കുന്ന മഹാഭൂരിപക്ഷം കുറയ്ക്കാനുള്ള ശ്രമങ്ങളാണ് സിപിഎം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നത്. അതിനെയൊക്കെ മറികടക്കുന്ന പ്രചരണം യു.ഡി.എഫ് നടത്തിയിട്ടുള്ളതുകൊണ്ടാണ് സർക്കാർ ചെയ്ത എല്ലാ കാര്യങ്ങളും പുറത്ത് പറയാത്തത്. ജനങ്ങൾക്കും അതേക്കുറിച്ച് കൃത്യമായ ധാരണയുണ്ട്.
പോളിങ് ദിനത്തിൽ ഓരോ ബൂത്തുകളിലെയും വോട്ടർ പട്ടികയിൽ ഉൾപ്പെട്ട മരിച്ച് പോയവരുടെയും ഒരു കാരണവശാലും വോട്ട് ചെയ്യാൻ എത്താത്തവരുടെയും പേര് വിവരങ്ങൾ അടങ്ങിയ പട്ടിക പ്രിസൈഡിങ് ഓഫീസറെ ഏൽപ്പിക്കും. അതുകൊണ്ട് കള്ളവോട്ട് ചെയ്യാനായി പുതുപ്പള്ളിയിലേക്ക് ആരും വരേണ്ട. വന്നാൽ തൃക്കാക്കരയിൽ വന്നയാളുടെ അനുഭവമുണ്ടാകും. മരിച്ചു പോയ ആരും വോട്ട് ചെയ്യാനായി എഴുന്നേറ്റ് വരേണ്ട. സിപിഎമ്മിനെ സഹായിക്കാമെന്ന് ഏതെങ്കിലും പ്രസൈഡിങ് ഓഫീസർ വിചാരിച്ചാൽ അയാളുടെ കാര്യവും ബുദ്ധിമൂട്ടിലാകും. 152 ബൂത്തുകളിലും കൃത്യമായ പ്രവർത്തനമാണ് യു.ഡി.എഫ് നടത്തിയത്. കേരളത്തിലെ മുഴുവൻ ജനങ്ങളെയും പ്രതിനിധാനം ചെയ്തുകൊണ്ടാകും ഈ മാസം അഞ്ചിന് പുതുപ്പള്ളിയിലെ ജനങ്ങൾ പോളിങ് ബൂത്തിലേക്ക് പോകുന്നത്. ഈ സർക്കാരിനെതിരായ അതിരോഷം പുതുപ്പള്ളിയിലെ വോട്ടർമാർ പ്രതിഫലിപ്പിക്കുമെന്ന വിശ്വാസം യു.ഡി.എഫിനുണ്ട്.
യെച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ വർഗീയ ഫാസിസ്റ്റ് വിരുദ്ധ പ്ലാറ്റ്ഫോം ഉണ്ടാക്കാൻ പ്രവർത്തിക്കുകയാണ്. ബിജെപിയുടെ കോൺഗ്രസ് മുക്ത ഭാരതം പോലെ കോൺഗ്രസ് വിരുദ്ധതയാണ് കേരളത്തിലെ സിപിഎം നേതാക്കളുടെയും പിണറായി വിജയന്റെയും മുഖമുദ്ര. സർക്കാരിനെതിരായ എല്ലാ കേസുകളും ബിജെപിയുമായി ചേർന്ന് ഒത്തുതീർപ്പിൽ എത്തിച്ചിരിക്കുകയാണ്. അടുത്തിടെ ഉയർന്ന മാസപ്പടി ആരോപണത്തിൽ പോലും കേസെടുത്തില്ല. കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആരോപണം. എന്നിട്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരു കേസും എടുത്തില്ല. മമതാ ബാനർജിക്കെതിരെയും സ്റ്റാലിനെതിരെയോ ഭൂപേഷ് ബാഗലിനെതിരെയോ അശോക് ഗഹലോട്ടിനെതിരെയോ ആയിരുന്നു ആരോപണമെങ്കിൽ എപ്പോഴെ കേസെടുത്തേനെ. പക്ഷെ ഇവിടെ ഒരു കേസുമില്ല.
53 വർഷം പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്ത ഉമ്മൻ ചാണ്ടി ഒരു വികാരമാണ്. ലോകത്തെ എല്ലായിടത്തുമുള്ള മലയാളികളുടെ മനസിൽ അദ്ദേഹം ഒരു വിങ്ങലായി നിൽക്കുകയാണെന്നത് ഒരു യാഥാർത്ഥ്യമാണ്. എതിരാളികൾ വിചാരിച്ചാൽ അത് മായ്ച്ച് കളയാൻ കഴിയില്ല. ഉമ്മൻ ചാണ്ടിയോട് ജനങ്ങൾക്കുള്ള സ്നേഹവും അടുപ്പവും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അതോടൊപ്പം സർക്കാരിനെതിരായ ജനവികാരവും പ്രതിഫലിക്കും. കുടുംബയോഗങ്ങളിൽ സർക്കാരിനെതിരെ ഞങ്ങൾ പറയാൻ വിട്ടുപോകുന്ന കാര്യങ്ങൾ സാധാരണക്കാരായ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വിളിച്ച് പറയും. അത്രയും സർക്കാർ വിരുദ്ധ വികാരം ജനങ്ങൾക്കിടയിലുണ്ട്.
2020, 23 വർഷങ്ങളിൽ യു.ഡി.എഫ് പുറത്തിറക്കിയ ധവള പത്രങ്ങളിൽ കേന്ദ്രത്തിനും സർക്കാരിനും എതിരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. അന്ന് നൽകിയ മുന്നറിയിപ്പുകളാണ് ഇപ്പോൾ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത്. നെല്ല് സംഭരണത്തിന് എത്ര പണം കേന്ദ്രത്തിൽ നിന്നും കിട്ടാനുണ്ടെന്നത് കണ്ടെത്താൻ സപ്ലൈകോ ഓഡിറ്റ് പോലും നടത്തിയിട്ടില്ല. ഇന്നലെയാണ് 50 ഓഡിറ്റർമാരെ സപ്ലൈകോ നിയമനിച്ചത്. ഓഡിറ്റ് റിപ്പോർട്ട് നൽകിയാലെ കേന്ദ്രത്തിൽ നിന്നും പണം ലഭിക്കൂ. നെല്ല് സംഭരണത്തിനുള്ള പണം ഉമ്മൻ ചാണ്ടി കൃത്യമായി നൽകിക്കൊണ്ടിരുന്നതാണ്. റബർ വില സ്ഥിരതാ ഫണ്ടിനായി കഴിഞ്ഞ വർഷം നീക്കി വച്ച 500 കോടിയിൽ 33 കോടി മാത്രമാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. ഈ വർഷം 600 കോടിയിൽ നിന്നും 13.75 കോടിയുമാണ് ചെലവാക്കിയത്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് 1000 കോടി രൂപയാണ് കർഷകർക്ക് നൽകിയത്. റബറിന് 250 രൂപ വില നിശ്ചയിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനവും എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയില്ല. അതൊക്കെ ഇപ്പോൾ മറച്ചു വയ്ക്കുകയാണ്. റബർ വിലത്തകർച്ചയിൽ കേന്ദ്ര സർക്കാരിനുള്ളതു പോലെ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്തമുണ്ട്.
ആകാശം ഇടിഞ്ഞു വീണാലും കെ റെയിൽ നടപ്പാക്കൂം കേട്ടോ... എന്നാണ് കെ റെയിൽ കടന്നു പോകാത്ത തൃക്കാക്കരയിൽ മുഖ്യമന്ത്രി പറഞ്ഞത്. പക്ഷെ കെ റെയിൽ കടന്നു പോകുന്ന പുതുപ്പള്ളിയിൽ മുഖ്യമന്ത്രി അതേക്കുറിച്ച് ഒന്നു മിണ്ടിയില്ല. എന്തേ ആകാശം ഇടിഞ്ഞു വീണോ? ധാർഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും പ്രഖ്യാപനങ്ങളായിരുന്നു ഇതൊക്കെ. കേന്ദ്രത്തിന്റെ അനുമതിയുമായി വന്നാലും കെ റെയിൽ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് യു.ഡി.എഫിനുള്ളത്. പ്രതിപക്ഷ നേതാവിന്റെ ഡിസന്റോടെയാണ് മനുഷ്യാവകാശ കമ്മീഷൻ നിയമനം സംബന്ധിച്ച ഫയൽ ഗവർണർക്ക് മുന്നിലെത്തിയിരിക്കുന്നത്. വിശദാശങ്ങൾ ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയും ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതൊക്കെ പരിശോധിച്ച് ജ. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷനാക്കരുതെന്നതാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്.
അടിച്ചുവാരി കിട്ടുന്ന 8000 രൂപ പ്രതിഫലം കൊണ്ടാണ് സതിയമ്മ കുടുംബം പുലർത്തിയിരുന്നത്. അവരുടെ മകൻ മരിച്ചപ്പോഴും പിന്നീടും ഉമ്മൻ ചാണ്ടി സാർ ഞങ്ങളെ സഹായിച്ചെന്ന് പറഞ്ഞതിന്റെ പേരിലാണ് അവരെ ജോലിയിൽ നിന്ന് പുറത്താക്കിയതും കള്ളക്കേസെടുത്തതും. എന്തൊരു മനുഷ്യത്വഹീനമായ നടപടിയാണ്? ഈ പാവപ്പെട്ട സ്ത്രീയാണോ സർക്കാരിന്റെയും സിപിഎമ്മിന്റെയും ശത്രു? അവിടെയാണ് ഉമ്മൻ ചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസം. ഉമ്മൻ ചാണ്ടിയായിരുന്നെങ്കിൽ അവരെ ചേർത്ത് പിടിച്ചേനെ. എന്തൊരു മനസാണ് സിപിഎമ്മിന്? ഇതാണോ കമ്മ്യൂണിസ്റ്റ് പാർട്ടി? ഈ തെരഞ്ഞെടുപ്പിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ചാണ്ടി ഉമ്മന് വോട്ട് ചെയ്യും. ഈ പോക്ക് പോയാൽ ബംഗാളിലെ സ്ഥിതി കേരളത്തിലും ഉണ്ടാകുമെന്ന് നല്ല കമ്മ്യൂണിസ്റ്റുകാർ കരുതുന്നുണ്ട്. ആ അവസ്ഥയിലേക്ക് എത്താതിരിക്കാൻ നല്ല കമ്മ്യൂണിസ്റ്റുകാർ ഞങ്ങൾക്ക് വോട്ട് ചെയ്യും. തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയെയും പിണറായി വിജയനെയും താരതമ്യം ചെയ്യാനുള്ള അവസരം സിപിഎം തന്നെ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്-സതീശൻ വിശദീകരിച്ചു.