- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
കൊച്ചി: ഇ.പി ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നുവെന്നും സതീശൻ ആരോപിച്ചു. യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും. ബിജെപി പ്രഭാരിയുമായി മുഖ്യമന്ത്രിയും എൽ.ഡി.എഫ് കൺവീനറും എന്താണ് സംസാരിച്ചത്? തൃശൂരിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് സിപിഎം പരസ്യമായി പറഞ്ഞു തുടങ്ങി. ആത്മാർത്ഥതയുള്ള സിപിഎമ്മുകാർ യു.ഡി.എഫിന് വോട്ട് ചെയ്യും. 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കുമെന്നും സതീശൻ പറഞ്ഞു.
സിപിഎം-ബിജെപി ബന്ധം ഇപ്പോൾ മറ നീക്കി പുറത്തു വന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പ്രതിപക്ഷം ബിജെപി- സിപിഎം അവിഹിത ബന്ധത്തെ കുറിച്ച് സംസാരിച്ചിരുന്നു. പ്രതിപക്ഷം പറഞ്ഞ വാക്കുകൾക്ക് അടിവരയിടുന്നതാണ് ഇപ്പോൾ നടന്ന സംഭവങ്ങൾ. കൂട്ടുപ്രതിയെ തള്ളപ്പറഞ്ഞ് ഒന്നാം പ്രതിയായ മുഖ്യമന്ത്രി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിക്ക് ദല്ലാൾ നന്ദകുമാറിനോട് മാത്രമെ വിരോധമുള്ളൂ. വി എസ് അച്യുതാനന്ദൻ-പിണറായി പോരാട്ട കാലത്ത് അച്യുതാനന്ദന്റെ കൂടെയുണ്ടായിരുന്ന ആളാണ് നന്ദകുമാർ. അതുകൊണ്ടാണ് പിണറായിക്ക് ദേഷ്യം. നന്ദകുമാറും അച്യുതാനന്ദനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് 2011-ൽ വാർത്താസമ്മേളനം നടത്തി പറഞ്ഞ ആളാണ് ഞാൻ. പല സിപിഎം നേതാക്കളുമായും നന്ദകുമാറിന് ബന്ധമുണ്ട്. എന്നിട്ടാണ് ഏത് നന്ദകുമാ റെന്ന് ഇ.പി ജയരാജൻ ചോദിച്ചത്. നന്ദകുമാറിന്റെ വീട് സന്ദർശിച്ച് അയാളുടെ അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തയാളാണ് ജയരാജൻ.
ജയരാജൻ ജാവദേദ്ക്കറെ കണ്ടതിലും സംസാരിച്ചതിലും ഒരു കുഴപ്പവുമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അപ്പോൾ മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് ഇ.പി ജയരാജൻ ജാവദേദ്ക്കറെ സന്ദർശിച്ചത്. കേരളത്തിലെ ബിജെപിയുടെ ചുമതലയുള്ള പ്രഭാരിയായ ജാവദേദ്ക്കറുമായി എൽ.ഡി.എഫ് കൺവീനർക്ക് എന്താണ് സംസാരിക്കാനുള്ളത്. താനും എത്രയോ തവണ ജാവദേദ്ക്കറെ കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയാതെ പറയുന്നുണ്ട്. മുഖ്യമന്ത്രി എന്തിനാണ് കേന്ദ്ര മന്ത്രി അല്ലാത്ത ജാവദേദ്ക്കറെ പല തവണ കണ്ടത്? ഇ.പി ജയരാജന്റെ വീട്ടിലേക്ക് പ്രകാശ് ജാവദേദ്ക്കർ എന്തിനാണ് പോയത്? പിടിക്കപ്പെട്ടുവെന്ന് കണ്ടപ്പോൾ കൂട്ടുപ്രതിയെ തള്ളിപ്പറയുകയാണ്. ശിവന്റെ കൂടെ പാപി ചേർന്നാൽ പാപിയും ശിവനാകുമെന്നാണ് പറയുന്നത്.
യഥാർഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും. ഇത് ഡൂപ്ലിക്കേറ്റ് ശിവനാണ്. പിശാചിന്റെ കൂടെ പിശാച് ചേർന്നാൽ പിശാച് ഒന്നു കൂടി പാപിയാകും. ശിവന്റെ കൂടെ പാപി ചേർന്നാൽ പാപിയും ശിവനാകുമെന്നത് എന്ത് പഴഞ്ചൊല്ലാണ്? കോൺഗ്രസിനെയും യു.ഡി.എഫിനെയും തോൽപ്പിക്കാൻ കേരളത്തിലെ സിപിഎം നേതാക്കളും ബിജെപി നേതാക്കളും തമ്മിൽ നിരന്തരമായ ചർച്ച നടക്കുകയാണ്. തൃശൂരിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് സിപിഎം നേതാക്കൾ പരസ്യമായി പറഞ്ഞു തുടങ്ങി. ഇതോടെ സിപിഎം വോട്ട് കൂടി യു.ഡി.എഫിന് കിട്ടുന്ന അവസ്ഥയാണ്. ആത്മാർത്ഥയുള്ള ഒരു സിപിഎമ്മുകാരനും ബിജെപിക്ക് വോട്ട് ചെയ്യില്ല. കരുവന്നൂരിൽ ഇ.ഡി വന്നത് സിപിഎമ്മിന്റെ വോട്ട് വാങ്ങാനാണെന്ന് യു.ഡി.എഫ് തുടക്കത്തിലേ പറഞ്ഞതാണ്. അതുകൊണ്ടാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയും ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാതെ ഇ.ഡി ഭയപ്പെടുത്തി നിർത്തിയിരിക്കുന്നത്. അതിന് വേണ്ടിയാണ് തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത്.
വർഗീയത ഉണ്ടാക്കി ബിജെപിക്ക് സ്പേസ് ഉണ്ടാക്കിക്കൊടുക്കാനാണ് ശ്രമിച്ചത്. ഒരു സീറ്റ് പോലും ജയിക്കില്ലെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോൾ മനസിലായി. വെറുക്കപ്പെട്ടവൻ എന്നതു പോലെ വിധിക്കപ്പെട്ടവൻ വേണമല്ലോ. അതുകൊണ്ടാണ് ഇങ്ങനെയുള്ള ആളുകളുമായി ബന്ധപ്പെടാൻ പാടില്ലെന്ന് പിണറായി വിജയൻ ഇ.പി ജയരാജനെ ഉപദേശിച്ചത്. ഇങ്ങനെയുള്ള ആളുകളുമായി ഏറ്റവും അധികം ബന്ധമുള്ള ആളാണ് പിണറായി. വി എസ് അച്യുതാനന്ദൻ വെറുക്കപ്പെട്ടവൻ എന്ന് വിളിച്ച ആളുമായി പിണറായിക്ക് ഇപ്പോഴും ബന്ധമുണ്ട്. ഇ.പി ജയരാജനെ വെറുക്കപ്പെട്ടവാനാക്കി മാറ്റി തിരഞ്ഞെടുപ്പ് തോറ്റതിനുള്ള കാരണക്കാരനാക്കി മാറ്റാനാണ് പിണറായി ശ്രമിക്കുന്നത്. യു.ഡി.എഫ് പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ശരിയാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.
എന്തിനാണ് ജാവദേദ്ക്കറുടെ വീട്ടിലേക്ക് ഇ.പി ജയരാജൻ പോയതെന്ന് ഇപ്പോഴും സിപിഎം പറയുന്നില്ല. ജാവദേദ്ക്കറുമായി മുഖ്യമന്ത്രിയും എൽ.ഡി.എഫ് കൺവീനറും എന്താണ് സംസാരിച്ചതെന്നതാണ് യു.ഡി.എഫിന്റെ ചോദ്യം. ജയരാജൻ എൻ.ഡി.എയുടെ കൺവീനറാണോ എൽ.ഡി.എഫിന്റെ കൺവീനറാണോ എന്ന യു.ഡി.എഫിന്റെ ചോദ്യം അടിവരയിടുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ.
ലാവലിൻ കേസ് അടഞ്ഞ അധ്യായമല്ല. ആറരകൊല്ലമായി സുപ്രീം കോടതിയിൽ പെൻഡിങ് ആയ കേസാണ്. 22 തവണ രജിസ്ട്രിയിലും 38 തവണ കോടതിയും മാറ്റി വച്ച കേസാണ്. സിപിഎം ബിജെപി ധാരണയുടെ ഭാഗമായാണ് സിബിഐ വക്കീൽ കോടതിയിൽ ഹാജരാകാത്തത്. തൃശൂർ കിട്ടാൻ വേണ്ടിയാണ് ഈ ധാരണയൊക്കെ. മാസപ്പടിയിൽ പിടി മുറുക്കിയതും തൃശൂരിലെ പിടി മുറുക്കാൻ വേണ്ടിയായിരുന്നു. ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല.
ഒരു സീറ്റ് പോലും കേരളത്തിൽ കിട്ടില്ലെന്ന് ഉറപ്പുള്ള മുഖ്യമന്ത്രിയോട് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമോയെന്ന് ചോദിച്ചാൽ മാധ്യമങ്ങളോട് സ്വാഭാവികമായും ചൂടാകും. സർക്കാരിന്റെ വിലയിരുത്തലാണെന്ന് പറഞ്ഞാൽ കഥ കഴിഞ്ഞില്ലേ. ഏത് ചോദ്യം ചോദിച്ചാലും മുഖ്യമന്ത്രി പൊട്ടിത്തെറിക്കും. ഇങ്ങോട്ട് പറയുന്നത് മാത്രം കേട്ടാൽ മതി. അതുകൊണ്ടാണ് മുഖ്യമന്ത്രിയെ ആകാശവാണി വിജയൻ എന്ന് വിളിച്ചത്. റേഡിയോയോട് തിരിച്ച് ചോദിക്കാനാകില്ല-സതീശൻ പറഞ്ഞു.