തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിനുണ്ടായത് രാഷ്ട്രീയ വിജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യു.ഡി.എഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച വോട്ടർമാർക്ക് നന്ദി പ്രകാശിപ്പിക്കുന്നു. കേരളത്തിലെ പാർലമെന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഉജ്ജ്വലമായ വിജയങ്ങളുടെ പട്ടികയിൽ എഴുതിച്ചേർക്കാവുന്ന വിജയമാണ് യു.ഡി.എഫിനുണ്ടായത്. സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിക്കാൻ കഠിനാദ്ധ്വാനം ചെയ്ത യു.ഡി.എഫ് പ്രവർത്തകരോടും നന്ദി പറയുന്നു. യു.ഡി.എഫിലെയും കോൺഗ്രസിലെയും ഐക്യത്തിന്റെ വിജയമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായത്. നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി നിന്ന് നേടിയ വിജയമാണിത്. അതുകൊണ്ടു തന്നെ ഈ വിജയം യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കുമായി സമ്മാനിക്കുന്നുവെന്നും സതീശൻ പറഞ്ഞു.

തൃശൂരിൽ അപകടകരമായ ചില രാഷ്ട്രീയ ചലനങ്ങൾ നടക്കുന്നതായി യു.ഡി.എഫ് മുൻകൂട്ടി പറഞ്ഞിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തിന്റെ പേരിൽ നേതാക്കളെ അറസ്റ്റു ചെയ്യുമെന്ന സമ്മർദ്ദം ചെലുത്തി സിപിഎമ്മുമായി ബിജെപി അവിഹിതമായ ഒരു ബന്ധമുണ്ടാക്കി. സിപിഎം- ബിജെപി ബന്ധമാണ് തൃശൂരിൽ സംഭവിച്ചത്. ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാക്കാൻ തൃശൂർ പൂരം കലക്കാൻ പോലും പൊലീസിന്റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായി. ചരിത്രത്തിൽ ആദ്യമായാണ് പൊലീസ് ഇടപെട്ട് പൂരം കലക്കുന്നത്. പൂരം കലക്കിയതിന്റെ പ്രതിഷേധം ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. സിപിഎം വോട്ടുകൾ പോയി എന്നതു മാത്രമല്ല വർഗീയ ചേരിതിരിവുണ്ടാക്കാൻ ബിജെപിക്ക് സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു. തൃശൂരിലെ പരാജയം യു.ഡി.എഫും കോൺഗ്രസും പ്രത്യേകമായി പരിശോധിക്കും.

ആലത്തൂരിൽ നേരിയ വോട്ടിനാണ് സീറ്റ് നഷ്ടപ്പെട്ടത്. രാഷ്ട്രീയമായ വിജയമാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായത്. സംസ്ഥാന സർക്കാരിന് എതിരായ അമർഷവും പ്രതിഷേധവും ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ അമർഷമുണ്ടാക്കാൻ പ്രതിപക്ഷത്തിനും സാധിച്ചിട്ടുണ്ട്. സർക്കാരിന്റെ ദുഷ്ചെയ്തികളെല്ലാം ജനങ്ങൾക്ക് മുന്നിൽ അക്കമിട്ട് നിരത്താൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. നാല് സ്ഥാനാർത്ഥികൾ രണ്ട് ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷത്തിലും 9 സ്ഥാനാർത്ഥികൾ ഒരു ലക്ഷം വോട്ടിന് മുകളിലുമാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് മികച്ച ഭൂരിപക്ഷം കിട്ടിയതും ഈ വിജയത്തിന്റെ തിളക്കം വർധിപ്പിക്കുന്നതാണ്.

ദേശീയ തലത്തിൽ അതിശക്തമായ തിരിച്ചു വരവാണ് ഇന്ത്യ മുന്നണി നടത്തിയിരിക്കുന്നത്. ബിജെപിയെ വിറപ്പിച്ചു കൊണ്ടാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി വിജയിച്ചത്. നൂറിലധികം സീറ്റുകൾ നേടി കോൺഗ്രസും തിരിച്ചുവരവ് നടത്തി. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും കാവലാളായി ഇന്ത്യ നാഷണൽ കോൺഗ്രസുണ്ടാകും. അക്രമവും അനീതിയും ചെയ്യാൻ സംഘപരിവാറിനെ കോൺഗ്രസ് നേതൃത്വത്തിലുള്ള ജനാധിപത്യ ചേരി അനുവദിക്കില്ല. സിപിഎം ബിജെപി അവിഹിത ബന്ധം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തുമുണ്ടായിരുന്നു. കേന്ദ്ര ഏജൻസികളുടെ ഭീഷണിക്ക് ഭയന്നാണ് സിപിഎം ബിജെപിക്ക് വഴങ്ങിയത്. കേരളത്തിലെ ബിജെപിയുടെ ചുമതലയിലുണ്ടായിരുന്ന മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേദ്ക്കറെ എൽ.ഡി.എഫ് കൺവീനർ എന്തിനാണ് കണ്ടതെന്ന് ഇനിയെങ്കിലും വ്യക്തമാക്കണം. മുഖ്യമന്ത്രിയും പ്രകാശ് ജാവദേദ്ക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചകളിലാണ് ലാവലിൻ ഉൾപ്പെടെയുള്ള കേസുകൾ ഒത്തുതീർപ്പായത്. ഈ ഉറപ്പിലാണ് കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട തുറക്കാനുള്ള സൗകര്യം സിപിഎം ചെയ്തു കൊടുത്തത്. സിപിഎം- ബിജെപി ബന്ധത്തെ യു.ഡി.എഫ് ഇനിയും തുറന്നു കാട്ടും. ജനങ്ങൾ ഈ സർക്കാരിനെ വെറുക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പ് ഫലം.

മുഖ്യമന്ത്രി സി.എ.എയെ കുറിച്ച് പറഞ്ഞത് കാപട്യമാണ്. സി.എ.എ നടപ്പാക്കാതിരിക്കണമെങ്കിൽ കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ വരണം. മുസ്ലിം വോട്ട് ലക്ഷ്യമിട്ടാണ് സി.എ.എയെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. പരാജയപ്പെട്ടതിനാൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നില്ല. എന്നാൽ ആത്മപരിശോധനയ്ക്ക് എൽ.ഡി.എഫ് തയാറാകണം. സർക്കാർ വിരുദ്ധ വികാരം ജനങ്ങൾക്കിടയിലുണ്ട്. കേരള കണ്ടിട്ടുള്ള ഏറ്റവും കഴിവുകെട്ട സർക്കാരാണ് സംസ്ഥാനം പഠിക്കുന്നത്-സതീശൻ കൂട്ടിച്ചേർത്തു.