തിരുവനന്തപുരം: സിപിഎമ്മിന് എൻഎസ്എസിനോട് പിണക്കമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ. പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥിയായ ജെയ്ക് സി.തോമസ് എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം. സിപിഎം പുരോഗമന സ്വഭാവമുള്ള പാർട്ടിയാണെങ്കിലും തെരഞ്ഞെടുപ്പിൽ പുരോഗമനക്കാർ അല്ലാത്തവർക്കും വോട്ടുണ്ടല്ലോ എന്ന ചോദ്യവും ഗോവിന്ദൻ ഉയർത്തി.

സ്ഥാനാർത്ഥി എന്ന നിലയിൽ ആരെ കാണുന്നതിലും പ്രശ്നമൊന്നും ഇല്ല. തെരഞ്ഞെടുപ്പിന്റെ ഭാഗമായ സഹായം അഭ്യർത്ഥിച്ചുകൊണ്ട് എല്ലാവരെയും കാണാനുള്ള ജനാധിപത്യ അവകാശം തങ്ങൾക്കുണ്ട്. എല്ലാ സാമൂദായിക സംഘടനകളുടെയും നേതാക്കന്മാരെയും പ്രവർത്തകരെയും കാണും. എൻഎസ്എസിനോടെന്നല്ല, ആരോടും പാർട്ടിക്ക് പിണക്കമില്ല. ആരെയും ശത്രുപക്ഷത്ത് നിർത്തില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. എൻ എസ് എസുമായി സിപിഎം വ്യക്തമായ അകലം കുറച്ചു കാലമായി പാലിച്ചിരുന്നു. ഇനി ഈ അകലം കുറയ്ക്കാനാകും ശ്രമം.

സിപിഎമ്മിന് എൻഎസ്എസിനോട് എന്നല്ല ആരുമായും പിണക്കമില്ലെന്നും സ്ഥാനാർത്ഥി സന്ദർശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുതെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. സമുദായ നേതാക്കളെ സ്ഥാനാർത്ഥി കാണുന്നത് ജനാധിപത്യ മര്യാദയാണ്. എൻഎസ്എസ് അപ്പപ്പോൾ എടുക്കുന്ന നയത്തെയാണ് വിമർശിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരമെന്നാണ് എൻഎസ്എസ് നിലപാട്. പക്ഷേ പലപ്പോഴും അങ്ങനെ ആകാറില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മിത്ത് വിവാദത്തിൽ വസ്തുത ബോധ്യപ്പെടേണ്ടത് എൻഎസ്എസിനാണെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

എന്നാൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ മറുപടി പറയാതെ ഗോവിന്ദൻ ഒഴിഞ്ഞുമാറി. മാസപ്പടി വിവാദം സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ വാർത്താസമ്മേളനം അവസാനിപ്പിച്ച് ഗോവിന്ദൻ മടങ്ങി. എല്ലാം ഇക്കാര്യത്തേക്കുറിച്ച് പറഞ്ഞുകഴിഞ്ഞതാണ്. ഇനിയൊന്നും പറയാനില്ലെന്ന് പറഞ്ഞ് തുടർചോദ്യങ്ങളിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

നേരത്തേ മാസപ്പടി വിവാദത്തിൽ വീണാ വിജയനെ പൂർണമായി പ്രതിരോധിച്ചുകൊണ്ട് സിപിഎം പ്രസ്താവന ഇറക്കിയിരുന്നു. കരിമണൽ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ നിയവിരുദ്ധമായി ഒന്നുമില്ലെന്നും ഇടപാടുകൾ സുതാര്യമാണെന്നും നേരത്തേ ഗോവിന്ദൻ പ്രതികരിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ സിപിഎം പ്രതികരണം നടത്തില്ല. വിവാദം ചർച്ചയാകാതിരിക്കാനാണ് ഇത്.