പത്തനംതിട്ട: വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ആനൂകൂല്യങ്ങൾ കിട്ടാത്തതിലും പല തവണ നിവേദനം നൽകിയിട്ടും ചെയർമാൻ ഒരു ചർച്ചയ്ക്ക് പോലും വിളിക്കാത്തതിലും പ്രതിഷേധിച്ച് ഹൗസിങ് ബോർഡിലെ ഇടത് അനുകൂല സംഘടന കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് റിട്ടയറീസ് ഫോറം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും.

സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ നിന്ന് വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും മുഴുവൻ പെൻഷൻ ആനുകൂല്യങ്ങളും ലഭിക്കാത്തതിലും അത് നൽകണമെന്നുള്ള ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ മാനേജ്മെന്റ് തയാറായതിലും പ്രതിഷേധിച്ചാണ് ഹൗസിങ് ബോർഡിനെ ഇടത് അനുകൂല സംഘടന കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് റിട്ടയറീസ് ഫോറം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതെന്ന് സംസ്ഥാന കൺവീനർ പി.എസ്. മനോജ് പറഞ്ഞു.

പല തവണ നിവേദനം നൽകി. ബോർഡ് ആസ്ഥാനത്തിന് മുന്നിൽ സമരം നടത്തി. എന്നാൽ, എന്താണ് പ്രശ്നമെന്ന് ചോദിക്കാൻ പോലും ഹൗസിങ് ബോർഡ് ചെയ്‌ര്മാൻ തയാറായില്ല.

ഇടത് സർക്കാർ ഭരിക്കുമ്പോഴാണ് ജീവനക്കാർക്ക് ഈ ദുർഗതി എന്നുള്ളതാണ് ശ്രദ്ധേയം. ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ വിരമിച്ച ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും നിർബന്ധിതരായിരിക്കുന്നത്. 140 നിയമസഭാ മണ്ഡലങ്ങളിലും ഫോറത്തിന് വോട്ടർമാർ ഉണ്ടെന്നുള്ള കാര്യം ഓർമ വേണമെന്നും പി.എസ്. മനോജ് പറഞ്ഞു.