തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി എഴുപത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി മുന്നൂറ്റി ഇരുപത്തിയാറ് വോട്ടർമാരാണ് (2,70,99,326) ആകെയുള്ളത്. അഞ്ച് ലക്ഷത്തി എഴുപത്തി നാലായിരത്തി ഒരുനൂറ്റി എഴുപത്തിയഞ്ച് (5,74,175) പേരാണ് പുതിയ വോട്ടർമാർ. ഏറ്റവും അധികം വോട്ടർമാർ മലപ്പുറത്തും കുറവ് വയനാട്ടിലുമാണ്. മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി.

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2024-ന്റെ ഭാഗമായി വോട്ടർ പട്ടിക ശുദ്ധീകരിക്കാൻ മികച്ച പ്രവർത്തനമാണ് സംസ്ഥാനത്ത് നടന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ശ്രീ. സഞ്ജയ് കൗൾ ഐ.എ.എസ് പറഞ്ഞു.

ബൂത്ത് ലെവൽ ഓഫീസർമാർ സമ്മതിദായകരുടെ വീടുകളിലെത്തി മരണപ്പെട്ടവരുടെ ഉൾപ്പെടെയുള്ള വിവരം ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 3,75,867 പേർ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 27.10.2023-ൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിന്മേൽ സമ്മതിദായകരുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചുള്ളതാണ് അന്തിമ വോട്ടർ പട്ടിക.

അന്തിമ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ പോയവർക്ക് തിരഞ്ഞെടുപ്പിന് മുൻപ് വരെ അപേക്ഷ സമർപ്പിക്കുവാൻ അവസരമുണ്ട്. ഇത് എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ശ്രീ. സഞ്ജയ് കൗൾ ഐ.എ.എസ് അഭ്യർത്ഥിച്ചു. അന്തിമവോട്ടർ പട്ടിക പരിശോധിക്കുന്നതിനായി സംസ്ഥാന (www.ceo.kerala.gov.in) ലഭ്യമാണ്. താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും അന്തിമ വോട്ടർ പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റാവുന്നതാണ്.

അന്തിമ വോട്ടർ പട്ടികയിലെ ചില സുപ്രധാന വിവരങ്ങൾ ചുവടെ:

ആകെ വോട്ടർമാർ - 2,70,99,326
ആകെ സ്ത്രീ വോട്ടർമാർ - 1,39,96,729
ആകെ പുരുഷ വോട്ടർമാർ - 1,31,02,288
ആകെ ഭിന്നലിംഗ വോട്ടർമാർ - 309
സ്ത്രീ പുരുഷ അനുപാതം - 1068
കൂടുതൽ വോട്ടർമാർ ഉള്ള ജില്ല - മലപ്പുറം (32,79,172)
കുറവ് വോട്ടർമാർ ഉള്ള ജില്ല - വയനാട് (6,21,880)
കൂടുതൽ സ്ത്രീ വോട്ടർമാർ ഉള്ള ജില്ല - മലപ്പുറം (16,38,971)
കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല - തിരുവനന്തപുരം (60)
ആകെ പ്രവാസി വോട്ടർമാർ - 88,223
പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല - കോഴിക്കോട് (34,909)
സംസ്ഥാനത്ത് 25,177 പോളിങ് സ്റ്റേഷനുകളുണ്ട്.