- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം; ഇത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഭരണഘടനയുടെ 44-ാം അനുച്ഛേദം വ്യക്തമാക്കുന്നുണ്ട്; ഇക്കാര്യത്തിൽ ബിജെപിക്ക് ആത്മാർത്ഥത ഇല്ല; ബിജെപിയെ വെട്ടിലാക്കുന്ന അടവുനയവുമായി അരവിന്ദ് കെജ്രിവാൾ; കറൻസി നോട്ടുകളിൽ ദൈവങ്ങളുടെ ചിത്രം വേണമെന്ന ആവശ്യത്തിന് പിന്നാലെ സിവിൽ കോഡിനെ അനുകൂലിച്ചും ആം ആദ്മി
അഹമ്മദാബാദ്: ഗുജറാത്ത തെരഞ്ഞെടുപ്പിലെ പ്രചരണം മുറുകവേ ഹിന്ദുത്വ പ്രചരണ കാര്യത്തിൽ ആരാണ് മുന്നിലെന്ന് മത്സരിക്കുകയാണ് ബിജെപിയും ആം ആദ്മി പാർട്ടിയും. ബിജെപിയുടെ ഹിന്ദുത്വ ആശയത്തെ കടത്തിവെട്ടുന്ന വിധത്തിലുള്ള നിലപാടുകളുമാണ് അരവിന്ദ കെജ്രിവാൾ രംഗത്തുള്ളത്. ബിജെപിയെ പ്രതിരോധത്തിലാക്കാൻ കറൻസി നോട്ടുകളിൽ ദൈവങ്ങളുടെ ചിത്രം പതിക്കണമെന്ന് ആവശ്യപ്പെട്ട കെജ്രിവാൾ ഇപ്പോൾ ബിജെപിക്ക് വീണ്ടും പണികൊടുക്കാൻ രംഗത്തിറങ്ങിയിരിക്കയാണ്. ബിജെപി ഉയർത്തി ഏകീകൃത സിവിൽ കോഡ് ആവശ്യത്തെ പിന്തുണച്ചു കൊണ്ടാണ് കെജ്രിവാൾ രംഗത്തുവന്നിരിക്കുന്നത്.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം. ഇത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഭരണഘടനയുടെ 44-ാം അനുച്ഛേദം വ്യക്തമാക്കുന്നുണ്ട്. എല്ലാ സമുദായങ്ങളുടെയും സമ്മതത്തോടെയും കൂടിയാലോചനയോടെയും ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്നും കെജ്രിവാൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറയുന്നു.
സിവിൽ കോഡിന്റെ കാര്യത്തിൽ ബിജെപിക്ക് ആത്മാർത്ഥത ഇല്ലെന്നാണ് മനസിലാക്കുന്നത്. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഇപ്പോഴത്തെ നീക്കമെന്നും അരവിന്ദ് കെജ്രിവാൾ വിമർശിച്ചു. കറൻസി നോട്ടുകളിൽ ദൈവങ്ങളുടെ ചിത്രം പതിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പു ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു കെജ്രിവാളിന്റെ ആ പരാമാർശം. ഇത് വിവാദം ക്ഷണിച്ചു വരുത്തുകയും ചെയ്തിരുന്നു.
കേജ്രിവാൾ സംസാരിക്കുന്നത് ആർ.എസ്.എസിന് വേണ്ടിയാണെന്നും ബിജെപിയുടെയും ആർ.എസ്.എസിന്റെയും ഭാഷയാണ് കെജ്രിവാൾ ഉപയോഗിക്കുന്നതെന്നും സമാജ് വാദി പാർട്ടി വിമർശിച്ചു. വോട്ടിന് വേണ്ടിയുള്ള അത്യാർത്തിയിൽ കെജ്രിവാൾ എന്തും ചെയ്യുമെന്ന മാനസികാവസ്ഥയിലാണെന്നും സമാജ് വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ വ്യക്തമാക്കി.
മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ലക്ഷ്മിദേവിയുടേയും ഗണേശ ഭഗവാന്റെയും ചിത്രം കൂടി കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തണമെന്നാണ് ഡൽഹി മുഖ്യമന്ത്രിയുടെ ആവശ്യം. ഇന്ത്യയിൽ ഇറക്കുന്ന എല്ലാ കറൻസികളിലും ഇത് നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെടുമെന്നും അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു. ചിലപ്പോഴൊക്കെ നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണമെന്നും അതിനാലാണ് താൻ ഇത് പറയുന്നതെന്നും കെജ്രിവാൾ ന്യായീകരിച്ചിരുന്നു. രാജ്യത്തിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നാണ് കെജ്രിവാളിന്റെ വാദം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തിൽ ബിജെപിയെ തുരത്താൻ ശക്തമായ പ്രചാരണമാണ് ആപ്പ് നടത്തുന്നത്.ഏറ്റവുമൊടുവിലായി ചൂസ് യുവർ മിനിസ്റ്റർ എന്ന പേരിൽ മുഖ്യമന്ത്രിയെ ജനങ്ങൾക്ക് അഭിപ്രായ സർവ്വേയിലൂടെ കണ്ടെത്താമെന്നതാണ് ആപ്പിന്റെ ഗുജറാത്തിലെ പ്രചരണ തന്ത്രം.ഇതിലൂടെ പഞ്ചാബിൽ പയറ്റി തെളിഞ്ഞ അതേ തന്ത്രമാണ് ആം ആദ്മി ഗുജറാത്തിലും പുറത്തെടുക്കുന്നത്. 'വമ്പൻ റാലികളും സൗജന്യ വൈദ്യുതി, മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ നിരവധി വാഗ്ദാനങ്ങളുമായി സംസ്ഥാനത്തായാകെ ഇളക്കിമറിച്ചുള്ള പ്രചാരണമാണ് ഗുജറാത്തിൽ എഎപി നടത്തുന്നത്.''ആളുകൾക്ക് മാറ്റം വേണം. പണപ്പെരുപ്പത്തിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും അവർക്ക് ആശ്വാസം വേണം.
ബിജെപി ഒരു വർഷം മുൻപ് അവരുടെ മുഖ്യമന്ത്രിയെ മാറ്റി. ആദ്യം വിജയ് രൂപാണിയായിരുന്നു.എന്തുകൊണ്ടാണ് അവർ അദ്ദേഹത്തെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ കൊണ്ടുവന്നത്? വിജയ് രൂപാണിക്ക് എന്തെങ്കിലും കുഴപ്പമുണ്ടെന്നാണോ ഇതിനർത്ഥം?'' എന്നിങ്ങനെയുള്ള കടന്നാക്രമണങ്ങളിലൂടെ ബി.ജെ പി ക്ക് ബദൽ കോൺഗ്രസ്സല്ല തങ്ങളാണ് എന്ന തരത്തിലാണ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ ആപ്പിന്റെ പ്രചരണം പുരോഗമിക്കുന്നത്.
ഏക സിവിൽ കോഡെന്ന കാർഡ് ഇറക്കി ഹിന്ദുവികാരം വോട്ടായി മാറുന്ന ഗുജറാത്തിൽ ഭരണം നിലനിർത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.ഏക വ്യക്തിനിയമം നടപ്പാക്കാൻ ഗുജറാത്ത് സർക്കാർ ഒരുങ്ങുന്നു എന്ന വാർത്ത് സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുൻപത്തെ അവസാന മന്ത്രിസഭായോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം. ഇതിനായി, വിരമിച്ച ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി സമിതി രൂപീകരിക്കാൻ തീരുമാനിച്ചതായി കേന്ദ്രമന്ത്രി പർഷോത്തം റുപാല, സംസ്ഥാന ആഭ്യന്തരമന്ത്രി ഹർഷ് സംഘ്വി എന്നിവർ അറിയിക്കുകയും ചെയ്തത് തെരഞ്ഞെടുപ്പിൽ ഇത് ചർച്ചയാക്കുക എന്ന ലക്ഷ്യത്തോടെയാണ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുള്ള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെത്തും. വ്യോമസേനയ്ക്കായി ടാറ്റയും എയർബസും ചേർന്നു നിർമ്മിക്കുന്ന ചരക്കുവിമാന നിർമ്മാണശാല ഉൾപ്പെടെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം അദ്ദേഹം നിർവഹിക്കും.ആകെ 15,000 കോടിയോളം രൂപയുടെ പദ്ധതികൾക്കാണു മോദി തുടക്കമിടുക. പ്രചരണങ്ങളുടെ ഭാഗമല്ലെങ്കിലും ഇതും ബിജെപി യുടെ തിരഞ്ഞെടുപ്പ് തന്ത്രമായാണ് കണക്കാക്കപ്പെടുന്നത്.ഹിമാചൽപ്രദേശ് തിരഞ്ഞെടുപ്പിനൊപ്പം നടക്കേണ്ട ഗുജറാത്ത് തിരഞ്ഞെടുപ്പു വൈകിപ്പിച്ചത് ഈ പദ്ധതികൾ ആരംഭിക്കാനുള്ള സാവകാശത്തിനു വേണ്ടിയാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടയിലാണ് മോദി ഗുജറാത്തിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
മറുനാടന് മലയാളി ബ്യൂറോ