- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ, 50 ശതമാനം സംവരണ പരിധി നീക്കും
രത്‌ലം( മധ്യപ്രദേശ്): ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ, 50 ശതമാനം സംവരണ പരിധി നീക്കുമെന്നും, ആവശ്യമുള്ളത്ര ഉയർത്തുമെന്നും രാഹുൽ ഗാന്ധി. ദളിതർക്കും, പിന്നോക്ക വിഭാഗങ്ങൾക്കും ഗോത്രസമുദായങ്ങൾക്കും ഉള്ള സംവരണാനുകൂല്യങ്ങൾ വർദ്ധിപ്പിക്കും.
മധ്യപ്രദേശിലെ രത്‌ലത്തിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ' ഭരണഘടനയെ സംരക്ഷിക്കാനാണ് കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിൽ പോരാടുന്നതെന്ന് രാഹുൽ പറഞ്ഞു.' ബിജെപിയും ആർഎസ്എസും ഭരണഘടനയിൽ മാറ്റം വരുത്താനാണ് ശ്രമിക്കുന്നത്. കോൺഗ്രസും ഇന്ത്യാ സഖ്യവും അത് സംരക്ഷിക്കാൻ ശ്രമിക്കുന്നു. ജലത്തിലും, കാട്ടിലും, ഭൂമിയിലും മേലുള്ള അവകാശം ഭരണഘടന നിങ്ങൾക്ക് നൽകുന്നു. നരേന്ദ്ര മോദിക്ക് ആ അവകാശങ്ങൾ എടുത്തുകളയണം. അദ്ദേഹത്തിന് സമ്പൂർണാധികാരം വേണം', ഭരണഘടനയുടെ പകർപ്പ് കൈയിലേന്തി കൊണ്ട് രാഹുൽ പറഞ്ഞു.
തങ്ങൾ ജയിച്ചാൽ, ഭരണഘടനയിൽ മാറ്റം വരുത്തുമെന്നാണ് ബിജെപി നേതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. ' ഭരണഘടനയിൽ മാറ്റം വരുത്താനാണ് അവർ 400 സീറ്റെന്ന മുദ്രാവാക്യം ഉയർത്തുന്നത്. പക്ഷേ അവർക്ക് 400 അല്ല 150 സീറ്റ് കിട്ടില്ലെന്ന കാര്യം മറന്നുപോകുകയാണ്. അവർ സംവരണം എടുത്തുകളയുമെന്ന് പറയുന്നു. ഈ വേദിയിൽ നിന്നുകൊണ്ട് ഞാൻ പറയട്ടെ, ഞങ്ങൾ 50 ശതമാനത്തിന് മുകളിൽ സംവരണ പരിധി ഉയർത്തും. ദരിദ്രർക്കും, പിന്നോക്ക വിഭാഗക്കാർക്കും, ദളിതർക്കും, ആദിവാസികൾക്കും പരമാവധി സംവരണം നൽകും'-രാഹുൽ പറഞ്ഞു.
സംവരണത്തെ ചൊല്ലി എൻഡിഎയും, ഇന്ത്യ സഖ്യവും കടുത്ത വാക് പോര് തുടരുന്നതിനിടെയാണ് രാഹുലിന്റെ പരാമർശം. പിന്നോക്ക വിഭാഗങ്ങളുടെ സംവരണം അട്ടിമറിച്ച മുസ്ലീങ്ങൾക്ക് നൽകാനാണ് കോൺഗ്രസ് പദ്ധതിയെന്ന് പ്രധാനമന്ത്രി പലകുറി ആവർത്തിച്ചിരുന്നു. ജാതി അടിസ്ഥാനത്തിലുള്ള സംവരണം 50 ശതമാനം കവിയരുതെന്ന് 1992 ലെ വിധിയിലാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
നാലാം ഘട്ട തിരഞ്ഞെടുപ്പിൽ മെയ് 13 നാണ് രത്‌ലത്തിൽ വോട്ടെടുപ്പ്. മുൻ എംപിയും, മുൻ കേന്ദ്രമന്ത്രിയുമായ കാന്തിലാൽ ഭൂരിയയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. 2019 ൽ ബിജെപിയാണ് മണ്ഡലത്തിൽ ജയിച്ചത്.