- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് ഷാഫി പറമ്പിലിന് പകരം ആര് ?
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, വടകരയിൽ നിന്ന് തിളങ്ങുന്ന ജയം സ്വന്തമാക്കിയ ഷാഫി പറമ്പിൽ പാലക്കാട് മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചതോടെ ഉപതിരഞ്ഞെടുപ്പ് ചർച്ചകളും സജീവമായി. സ്പീക്കർ എഎൻ ഷംസീറിന്റെ ഓഫീസിൽ നേരിട്ടെത്തിയാണ് ഷാഫി രാജി സമർപ്പിച്ചത്. താൻ തീർച്ചയായും നിയമസഭയെ മിസ് ചെയ്യുമെന്നാണ് ഷാഫി പറമ്പിൽ പ്രതികരിച്ചത്. വടകര മണ്ഡലത്തിൽ സിപിഎം നേതാവ് കെകെ ശൈലജയെ 1.15 ലക്ഷം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിനാണ് ഷാഫി പറമ്പിൽ പരാജയപ്പെടുത്തിയത്.
ഉപതെരഞ്ഞെടുപ്പിലും പാലക്കാട് മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്നാണ് ഷാഫിയുടെ ആത്മവിശ്വാസം. പാർലമെന്റിലേക്ക് പോകുമ്പോൾ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് രാജിവെച്ച ശേഷം ഷാഫി പറമ്പിൽ പ്രതികരിച്ചു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാർ തന്നെ വടകരക്ക് അയച്ചതെന്നും ഉപതെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാർക്ക് ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ആരാകും ഷാഫിക്ക് പകരം മത്സരിക്കുക?
ഷാഫിയുടെ പകരക്കാരനായി മുൻ തൃത്താല എംഎൽഎ വി.ടി ബൽറാം, യുത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. വടകരയിൽ നിന്ന് തൃശൂരിലേക്ക് മാറി മത്സരിച്ചതോടെ മൂന്നാം സ്ഥാനത്തേക്ക് പോയ കെ മുരളീധരനും കോൺഗ്രസ് നേതൃത്വത്തിന്റെ മനസ്സിലുണ്ട്. ഇടഞ്ഞ് നിൽക്കുന്ന മുരളിക്ക് വയനാട് ഉപതിരഞ്ഞെടുപ്പിലോ പാലക്കാട് ഉപതിരഞ്ഞെടുപ്പിലോ സീറ്റ് നൽകി അനുനയിപ്പിക്കാനാണ് ശ്രമം.
മത്സര ചിത്രം
കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ.ശ്രീധരനെ ഇറക്കി ബിജെപി കളം നിറഞ്ഞപ്പോൾ ഷാഫി പറമ്പിൽ ജയിച്ചത് 3859 വോട്ടിനാണ്. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭാമേഖലയുടെ പിന്തുണയോടെ ശ്രീധരന്റെ വ്യക്തിപ്രഭാവം മുൻനിർത്തി മണ്ഡലം പിടിച്ചെടുക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. പിരായിരി, മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിലെ വോട്ടിന്റെ സഹായത്തോടെയായിരുന്നു ഷാഫി പറമ്പിൽ അതിനെ മറികടന്നത്. നേതാക്കളായ എ.വി. ഗോപിനാഥിന്റെ പിണക്കവും എ. രാമസ്വാമിയുടെ ചുവടുമാറ്റവുമൊക്കെ കോൺഗ്രസിന് ഭീഷണി ഉയർത്തിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യുഡിഎഫിന് 52,779 വോട്ടാണ് ലഭിച്ചത്. രണ്ടാമതെത്തിയ ബിജെപിയേക്കാൾ 9707 വോട്ട് യുഡിഎഫിന് അധികം ലഭിച്ചു. നഗരസഭ പരിധിയിലും മികച്ച മുന്നേറ്റം നടത്താൻ കോൺഗ്രസിന് കഴിഞ്ഞു. ഇതേ മുന്നേറ്റം തുടർന്നാൽ ഉപതെരഞ്ഞെടുപ്പിലെ വിജയം ഉറപ്പെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ.
കഴിഞ്ഞ രണ്ടുതവണയും മൂന്നാംസ്ഥാനത്തേക്ക് പോയ മണ്ഡലമാണ് പാലക്കാടെങ്കിലും മികച്ച സ്ഥാനാർത്ഥിയെ അവതരിപ്പിച്ചാൽ നില മെച്ചപ്പെടുത്താനാവുമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരസ്യമായി എൽ ഡി എഫിനെ പിന്തുണച്ച എ.വി. ഗോപിനാഥിനെ തന്നെ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കി ഇത്തവണ കോൺഗ്രസ് വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ആലോചനയുണ്ടാകാം. . ഷാഫി പറമ്പിൽ ഇല്ലാത്ത പാലക്കാട്ട് കാര്യങ്ങൾ എളുപ്പമായേക്കാമെന്ന ചിന്ത ബിജെപിയിലും ചൂടുപിടിച്ചു. ഇ. ശ്രീധരനെപ്പോലെ പൊതുസമ്മതനായ ഒരാളെയോ അല്ലെങ്കിൽ പാലക്കാടിന് സുപരിചിതരായവരെയോ എൻ.ഡി.എ. പരിഗണിച്ചേക്കും.
തുടർച്ചയായി മൂന്നാംതവണയാണ് ഷാഫി പറമ്പിൽ പാലക്കാട്ടുനിന്ന് വിജയിച്ച് നിയമസഭയിലെത്തിയത്. മുന്മന്ത്രി സി.എം. സുന്ദരവും മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന കെ. ശങ്കരനാരായണനും ഉൾപ്പെടെ പ്രതിനിധാനം ചെയ്ത പാലക്കാട് മണ്ഡലം പിന്നീട് യു ഡി എഫിനുവേണ്ടി തിരിച്ചുപിടിച്ചത് ഷാഫി പറമ്പിലായിരുന്നു. നിലവിലെ എം എൽ എ. എന്ന നിലയിൽ ഷാഫി പറമ്പിലിന്റെ അഭിപ്രായവും പരിഗണനയിലെടുത്തേക്കും.
പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് രാഹൂൽ മാങ്കൂട്ടത്തിൽ
പാർട്ടി പറഞ്ഞാൽ ഉറപ്പായും പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഒരിക്കലും ജയിച്ചിട്ടില്ലാത്ത മണ്ഡലത്തിൽ പോയി മത്സരിക്കാൻ പാർട്ടി പറഞ്ഞാലും താനത് സന്തോഷത്തോടെ കേൾക്കും. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വെല്ലുവിളികളില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
താൻ കെഎസ്‌യു സംസ്ഥാന സെക്രട്ടറി ആയിരിക്കുന്ന കാലം മുതൽ പാലക്കാടുമായി അടുപ്പമുണ്ട്. അതേ അടുപ്പം കേരളത്തിലെ എല്ലാ ജില്ലകളുമായും തനിക്കുണ്ട്. ഷാഫിയുമായുള്ള വ്യക്തിപരമായ ബന്ധം എല്ലാവർക്കും അറിയാം. അദ്ദേഹം വടകരയിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ തങ്ങൾ തമ്മിൽ ആദ്യം സംസാരിക്കുന്നത് പാലക്കാട് എന്താകുമെന്നാണ്. പല ഘടകങ്ങളും പരിശോധിച്ചപ്പോൾ പാലക്കാട് തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ പാലക്കാട്ട് ആര് സ്ഥാനാർത്ഥിയാകണമെന്ന് തമ്മിൽ ഇതുവരെ സംസാരിച്ചിട്ടില്ല. വ്യക്തിയല്ല സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്, പാർട്ടിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നു. എന്തായാലും സിറ്റിങ് സീറ്റ് നിലനിർത്താൻ കോൺഗ്രസ് ആരെ ഇറക്കുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.