- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഡിഎക്ക് 78 സീറ്റ് വരെ കുറയും, ഇന്ത്യ സഖ്യത്തിന് 43 സീറ്റ് വരെ കൂടും
ന്യൂഡൽഹി: ജൂൺ ഒന്നിന് ഭൂരിപക്ഷം എക്‌സിറ്റുപോളുകളും എൻഡിഎ വീണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്നാണ് പ്രവചിച്ചത്. സീ ന്യൂസിന്റെ ഫലം അതിൽ നിന്ന് കുറച്ചുവ്യത്യസ്തമാണ്. ഇതാദ്യമായി എഐ എക്‌സിറ്റ് പോളാണ് സീ ന്യൂസ് നടത്തിയത്. ഡാറ്റ ശേഖരണത്തിനും വിശകലനത്തിനും എഐ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. 10 കോടി ആളുകളുടെ അഭിപ്രായം എടുത്തെന്നാണ് സീ ന്യൂസിന്റെ അവകാശവാദം.
ജൂൺ ഒന്നിലെ ആദ്യപ്രവചനത്തിലുള്ളതിനേക്കാൾ എൻ.ഡി.എക്ക് 78 സീറ്റ് വരെ കുറയുമെന്ന് ഞായറാഴ്ച ചാനൽ പുറത്തുവിട്ട രണ്ടാമത് എക്‌സിറ്റ് (എഐ) പോളിൽ പറയുന്നു. ഇന്ത്യ സഖ്യത്തിന് 43 സീറ്റ് വരെ കൂടുമെന്നാണ് സീ ന്യൂസിന്റെ എഐ പ്രവചനം.
സീ ന്യൂസ് എക്‌സിറ്റ് പോൾ പുതിയ ഫലപ്രകാരം എൻഡിഎ 305 മുതൽ 315 സീറ്റ് വരെ നേടാം. ഇന്ത്യ സഖ്യത്തിന് 180 മുതൽ 195 സീറ്റുവരെയും മറ്റുള്ളവർക്ക് 52 സീറ്റും. എൻഡിഎ മൂന്നാം വട്ടവും അധികാരത്തിലേറുമെന്ന് തന്നെ സീ ന്യൂസും പറയുന്നു. എന്നാൽ, മഹാരാഷ്ട്ര. ബിഹാർ, യുപി, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ ഇന്ത്യ സഖ്യം നിർണായക സ്വാധീനം ചെലുത്തുമെന്നും എക്‌സിറ്റ് പോൾ ഫലത്തിൽ പ്രവചിക്കുന്നു.
ഒന്നാം പ്രവചനത്തിൽ എൻ.ഡി.എക്ക് 353 മുതൽ 383 സീറ്റ് വരെയാണ് പ്രവചിച്ചിരുന്നതെങ്കിൽ രണ്ടാമത്തേതിൽ 305 മുതൽ 315 വരെയായി കുറഞ്ഞു. ഇന്ത്യ സഖ്യത്തിന് നേരത്തെ പ്രവചിച്ചത് 152-182 സീറ്റായിരുന്നു. ഇത് 180-195 ആയി പുതിയ എക്‌സിറ്റ് പോളിൽ വർധിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് പരമാവധി 52 സീറ്റുകൾ ലഭിക്കുമെന്നാണ് പുതിയ പ്രവചനത്തിൽ പ്രതീക്ഷിക്കുന്നത്. നേരത്തെ 04-12 ആയിരുന്നു പറഞ്ഞത്.
ശനിയാഴ്ചയാണ് ആദ്യ എക്‌സിറ്റ് പോൾ സീ ന്യൂസ് പുറത്തുവിട്ടത്. ഇന്നലെ എ.ഐ എക്‌സിറ്റ് പോളും പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് ഉത്തർപ്രദേശിൽ എൻഡിഎക്ക് 52 മുതൽ 58 സീറ്റും ഇന്ത്യ സഖ്യത്തിന് 22-26 സീറ്റുകളും ലഭിക്കുമെന്ന് പറയുന്നു.
യുപിയിൽ ഇന്ത്യ സഖ്യം നേട്ടമുണ്ടാക്കും
എ.ഐ എക്സിറ്റ് പോൾ പ്രകാരം ഉത്തർപ്രദേശിലെ 80 ലോക്സഭാ സീറ്റുകളിൽ 22 മുതൽ 26 വരെ ഇന്ത്യ സഖ്യം നേടും.എൻ.ഡി.എ 52 മുതൽ 58 വരെ സീറ്റുകളിലേക്ക് ഒതുങ്ങും. മറ്റ് പാർട്ടികൾക്ക് 0-1 സീറ്റ് ലഭിക്കുമെന്നാണ് സർവേ പറയുന്നത്. 2019ലെ തെഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.പിയിൽ എൻഡിഎക്ക് അടിത്തറ നഷ്ടപ്പെടുമെന്നാണ് ചാനലിന്റെ പ്രവചനം. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എൻഡിഎ 64 സീറ്റ് നേടിയപ്പോൾ എസ്‌പി 5 സീറ്റും കോൺഗ്രസിന് ഒരെണ്ണവും മാത്രമാണ് ലഭിച്ചത്. ബി.എസ്‌പി പത്ത് സീറ്റുകൾ നേടിയിരുന്നു.
ഡൽഹിയിൽ ബിജെപിക്ക് തിരിച്ചടി
ഡൽഹിയിൽ ആകെയുള്ള 7 ലോക്സഭാ സീറ്റിൽ 3 മുതൽ 5 വരെ സീറ്റ് ഇന്ത്യ സഖ്യം വിജയിക്കുമെന്ന് സീ ന്യൂസ് എ.ഐ എക്സിറ്റ് പോൾ പറയുന്നു. കഴിഞ്ഞ തവണ ഏഴും തൂത്തുവാരിയ ബിജെപി ഇത്തവണ 2-4 സീറ്റിൽ ഒതുങ്ങിയേക്കുമെന്നും ചാനൽ പറയുന്നു.
ബീഹാറിൽ കടുത്ത പോരാട്ടം
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ 40 ലോക്സഭാ സീറ്റുകളിൽ 39 എണ്ണവും എൻഡിഎ നേടിയിരുന്നു. 40 സീറ്റിൽ എൻഡിഎയും ഇന്ത്യ സഖ്യവും 15 മുതൽ 25 സീറ്റിൽ വരെ ജയിക്കുമെന്ന് പ്രതീ്ക്ഷിക്കുന്നു
മഹാരാഷ്ട്രയിൽ എന്തു സംഭവിക്കും?
മഹാരാഷ്ട്രയിൽ ഇന്ത്യ മുന്നണിക്ക് വൻ നേട്ടമാണ് സീ ന്യൂസ് പ്രവചിക്കുന്നത്. എക്സിറ്റ് പോൾ പ്രകാരം മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ 26-34 സീറ്റുകൾ എൻ.ഡി.എക്കും ഇന്ത്യക്ക് 15-21 സീറ്റുകളും നേടിയേക്കും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ എൻഡിഎ 48ൽ 41 സീറ്റും നേടിയപ്പോൾ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എക്ക് 5 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എ.ഐ.എം.ഐ.എം ഒരു സീറ്റിലും മറ്റൊരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയും വിജയിച്ചു.
ഹരിയാനയിലും രാജസ്ഥാനിലും ബിജെപി സീറ്റ് കുറയും
ഹരിയാനയിൽ ആകെയുള്ള പത്ത് സീറ്റുകളിൽ എൻഡി എ 3-5 സീറ്റിൽ ഒതുങ്ങും. അതേസമയം ഇന്ത്യ സഖ്യം 5-7 സീറ്റുകൾ നേടും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച രാജസ്ഥാനിൽ സീ ന്യൂസ് എ.ഐ എക്സിറ്റ് പോൾ പ്രകാരം എൻഡിഎ 15-19 സീറ്റുകളും ഇന്ത്യ സഖ്യം 6-10 സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു.
ബംഗാളിൽ എൻഡിഎക്ക് 24 സീറ്റ് വരെ പ്രവചനം
പശ്ചിമ ബംഗാളിൽ എൻ.ഡി.എക്ക് 20-24 സീറ്റുകളും തൃണമൂലിന് 16-22 സീറ്റുകളും പ്രവചിക്കുന്നു. അതേസമയം ഇന്ത്യ സഖ്യത്തിന് 0-1 സീറ്റ് ലഭിച്ചേക്കും. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ എൻഡിഎ 18-22 സീറ്റുകൾ നേടുമെന്നും ഇന്ത്യ 2-4 സീറ്റുകൾ നേടുമെന്നും പ്രതീക്ഷിക്കുന്നു. മറ്റ് പാർട്ടികൾക്ക് 2-3 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. ഗുജറാത്തിൽ എൻഡിഎയ്ക്ക് 20-26 സീറ്റുകൾ ലഭിക്കുമെന്നും ഇന്ത്യ 2-4 സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ബിജെപിയുടെ കൂടെ
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് നിർണായക സീറ്റുകൾ ലഭിക്കുമെന്ന് സീ ന്യൂസ് പ്രവചിക്കുന്നു. എ.ഐ എക്സിറ്റ് പോൾ പ്രകാരം തമിഴ്‌നാട്ടിൽ എൻഡ.എക്ക് 10-12 ഉം ഇന്ത്യക്ക് 21-27 ഉം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലങ്കാനയിൽ എൻ.ഡി.എക്ക് 04-06 സീറ്റുകളും ഇന്ത്യക്ക് 10-14 സീറ്റുകളും ലഭിച്ചേക്കും. കർണാടകയിൽ എൻഡിഎ 10-14 സീറ്റുകളും ഇന്ത്യ സഖ്യം 12-20 സീറ്റുകളും നേടിയേക്കും.
കേരളത്തിൽ എൻഡിഎയ്ക്ക് ആറു സീറ്റ്?
കേരളത്തിൽ എൻഡി എക്ക് ആറുസീറ്റാണ് സീന്യൂസ് പ്രവചിക്കുന്നത്.ഇന്ത്യ സഖ്യത്തിന്
11 സീറ്റും മറ്റുള്ളവർക്ക് 3 സീറ്റും ലഭിക്കുമെന്ന് ചാനൽ പറയുന്നു.