- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇബ്രാഹിം റൈസി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം വന്നതോടെ ഇറാനില്‍ അടിയന്തര മന്ത്രിസഭാ യോഗം; വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബാറിന് പ്രസിഡന്റിന്റെ ചുമതല
ടെഹ്റാന്: പ്രസിഡന്റും വിദേശകാര്യ മന്ത്രിയും ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം വന്നതോടെ ഇറാനില്‍ അടിയന്തര മന്ത്രിസഭ യോഗം ചേരുന്നു. രാജ്യത്തിന്റെ ഭാവികാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ വേണ്ടിയാണ് നിര്‍ണായക യോഗം ചേര്‍ന്നിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രസിഡന്റിന്റെ കസേരയില്‍ കറുത്ത തുണി വിരിച്ചും റൈസിയുടെ ചിത്രവും വച്ചാണ് യോഗം ചേര്‍ന്നത്.
നിലവില്‍ വൈസ് പ്രസിഡന്റായ മുഹമ്മദ് മുഖ്ബാര്‍ പ്രസിഡന്റിന്റെ ചുമതല വഹിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ ഭരണകാര്യങ്ങള്‍ ഒരു തരത്തിലും തടസ്സപ്പെടില്ലെന്നും രാജ്യം ആശങ്കപ്പെടേണ്ടതില്ലെന്നും അപകടവാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ഇറാന് പരമോന്നത നേതാവ് അലി ഖമേനി പറഞ്ഞിരുന്നു. 50 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണം എന്നതാണ് ചട്ടം.
പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും (63) വിദേശകാര്യ മന്ത്രി ഹുസൈന് അമീര്‍ അബ്ദുല്ലഹിയാന്റെയും (60) മരണ വാര്‍ത്ത ഇറാന് എക്സിക്യൂട്ടീവ് അഫയേഴ്സ് ഡെപ്യൂട്ടി പ്രസിഡന്റ് മുഹ്സെന്‍ മന്‍സൂരിയാണ് സ്ഥിരീകരിച്ചത്. ഹെലികോപ്ടര്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു. ഇറാന്റെ ഭാഗമായ കിഴക്കന്‍ അസര്ബൈജാന് പ്രവിശ്യയുടെ ഗവര്‍ണര്‍ മാലിക് റഹ്മത്തി, കിഴക്കന്‍ അസര്‍ബൈജാനിലേക്കുള്ള ഇറാനിയന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം, ഹെലികോപ്ടര്‍ പൈലറ്റ് എന്നിവരും കൊല്ലപ്പെട്ടു.
ചില മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതായും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും ഇറാന് അധികൃതര്‍ പറയുന്നു. ഇറാന് - അസര്ബൈജാന് സംയുക്ത സംരംഭമായ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ടതായിരുന്നു. മൂന്ന് ഹെലികോപ്ടറുകളിലായാണ് റഈസിയും സംഘവും പുറപ്പെട്ടത്. മറ്റു രണ്ട് ഹെലികോപ്ടറുകള്‍ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു. തുര്‍ക്കിയ, റഷ്യ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളും തിരച്ചിലില്‍ പങ്കെടുത്തു.
ഇറാനിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ പ്രമുഖനായിരുന്നു റൈസി. ഇസ്രയേലിന്റെയും ഇറാനെ എതിര്‍ക്കുന്ന പാശ്ചാത്യശക്തികകളുടെയും കണ്ണിലെ കരടാണ് ഇബ്രാഹീം റെയ്സി. 2021ലാണ് ഇറാന് പ്രസിഡന്റായി ഇബ്രാഹിം റെയ്സി അധികാരമേറ്റത്. ഇറാന് പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനിയുടെ പിന്‍ഗാമിയാകുമെന്നുവരെ കരുതപ്പെടുന്ന കരുത്തുറ്റ നേതാവാണ് ഇബ്രാഹിം റൈസി.
സയ്യിദ് ഇബ്രാഹിം റൈസി അല്‍ സാദത്തി എന്നാണ് പൂര്‍ണനാമധേയം. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനിയുടെ വിശ്വസ്തന് എന്നതാണ് റെയ്സിയുടെ സുപ്രധാന രാഷ്ട്രീയ മൂലധനം. അയത്തൊള്ള ഖൊമേനിയുടെ പിന്‍ഗാമി എന്നുവരെ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അതേസമയം 'തീവ്രയാഥാസ്ഥിതികന്‍' എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റെയ്സിക്ക് നല്‍കിയിരിക്കുന്ന വിശേഷണം.
1960 ഡിസംബര്‍ 14ന് ഖുറാസാന്‍ പ്രവിശ്യയിലെ മശ്ഹദില്‍ ജനനം. പേര്‍ഷ്യന്‍ പുരോഹിത കുടുംബമായിരുന്നു റെയ്സിയുടേത്. മതപാഠശാല അദ്ധ്യാപകനായിരുന്ന പിതാവ് അഞ്ചാം വയസ്സില്‍ മരിച്ചു. റെയ്സിയുടെ വിദ്യാഭ്യാസവും ആ വഴിക്കുതന്നെയായിരുന്നു. ഷിയാ മുസ്ലിംകളുടെ തീര്‍ത്ഥാടന നഗരങ്ങളിലൊന്നായ ഖുമിലെ ഒരു മതപാഠശാലയില്‍നിന്നാണ് പഠനം ആരംഭിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ അയത്തെള്ള ഖൊമേനിയുടെ പിന്തുണയ്ക്കുന്ന ഹഖാനി ഗ്രൂപ്പിന്റെ ഭാഗമായി. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുപിന്നാലെ, ഖുമൈനിയുടെ ഇഷ്ടക്കാരനുമായി.
20-ാം വയസ്സില്‍ അല്‍ബുര്‍സ് പ്രവിശ്യയുടെ തലസ്ഥാനമായ കരാജില്‍ പ്രോസിക്യൂട്ടറായി നിയമിക്കപ്പെടുന്നത് ആ ഇഷ്ടത്തിന്റെ പുറത്താണ്. വൈകാതെ പ്രവിശ്യ പ്രോസിക്യൂട്ടറായി പിന്നാലെ തെഹ്റാന്റെ ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍ പദവിയിലെത്തി. പിന്നീട് ജുഡീഷ്യറിയില്‍ സവിശേഷ പദവിയും അലങ്കരിച്ചു. ഇക്കാലത്താണ് ഇറാനില്‍ രാഷ്ട്രീയ വിമതര്‍ക്ക് കൂട്ടത്തോടെ വധശിക്ഷ നടപ്പാക്കിയത്. ആംനസ്റ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം അയ്യായിരത്തോളം പേരാണ് റെയ്സിയുടെ കൂട്ടരുടെയും പ്രോസിക്യൂഷന് വിധേയമായി ജീവന് നഷ്ടമായത്.
ഇതിന്റെ പേരില്‍ പല രാജ്യങ്ങളിലും റെയ്സിക്ക് സഞ്ചാര വിലക്കുണ്ട്. അതേസമയം മരണശിക്ഷ വിധിച്ചവരില്‍ താനില്ലെന്നായിരുന്നുവെന്ന് പലതവണ റെയ്സിയുടെ വ്യക്തമാക്കിട്ടുണ്ട്. 2017ല്‍ ആദ്യമായി പ്രസിഡന്റ് പദവിയിലേക്ക് അങ്കം കുറിച്ചെങ്കിലും പരാജയപ്പെട്ടു. 2019ല്‍ ജുഡീഷ്യറി മേധാവി പദവിയും തേടിയെത്തിയ റെയ്സി രണ്ടുവര്‍ഷത്തിനുശേഷം 2021 ജൂണില്‍ 62 ശതമാനം വോട്ടുനേടി പ്രസിഡന്റുമായി. അദ്ധ്യാപികയും എഴുത്തുകാരിയുമായ ജുമൈല സാദത്താണ് ഭാര്യ. രണ്ടു പെണ്മക്കളുണ്ട്.