- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിടികൂടി ബന്ദികളാക്കിയ 13 പേർ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഹമാസ്; വിദേശികളും ഇസ്രയേലികളും മരിച്ചവരിലെന്ന് പ്രസ്താവന; ഗസ്സ മാനുഷിക ദുരന്തത്തിന്റെ വക്കിലെന്ന് ലോകാരോഗ്യ സംഘടന
ഗസ്സ സിറ്റി: ശനിയാഴ്ച പുലർച്ചെ അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തിൽ പിടികൂടി ബന്ദികളാക്കിയ 13 പേർ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ്. ഇസ്രയേലികളും വിദേശികളും ഇതിലൂണ്ടെന്നും ഹമാസ് അവകാശപ്പെട്ടു. വടക്കൻ ഗസ്സ മുനമ്പിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രയേൽ കനത്ത വ്യോമാക്രമണമാണ് നടത്തിയത്.
ശനിയാഴ്ച പുലർച്ചെ അപ്രതീക്ഷിതമായ ഒരു ആക്രമണത്തിൽ, ഹമാസ് തീവ്രവാദികൾ സിവിലിയന്മാരും സുരക്ഷാ സേനയും ഉൾപ്പെടെ 150-ലധികം പേരെ ബന്ദികളാക്കിയതായി ഇസ്രയേൽ നേരത്തേ പറഞ്ഞിരുന്നു. ഇസ്രയേൽ യുദ്ധവിമാനങ്ങൾ ലക്ഷ്യമിട്ട അഞ്ച് സ്ഥലങ്ങളിൽ 'വിദേശികൾ ഉൾപ്പെടെ പതിമൂന്ന് തടവുകാർ' കൊല്ലപ്പെട്ടതായി എസെദീൻ അൽ-ഖസ്സാം ബ്രിഗേഡ്സ് പ്രസ്താവനയിൽ പറഞ്ഞു.
2.4 ദശലക്ഷം ആളുകൾ തിങ്ങിപ്പാർക്കുന്ന ഗസ്സ മുനമ്പിൽ ഇസ്രയേൽ കനത്ത വ്യോമാക്രമണമാണ് നടത്തിയത്. ഇതിന് പുറമേ പീരങ്കി ആക്രമണവും നടത്തി. ഇതിനൊപ്പം തന്നെ കരയാക്രമണത്തിന് കൂടി തയ്യാറെടുക്കുകയാണ്. വടക്കൻ ഗസ്സയിൽ നിന്നും തെക്കൻ ഭാഗത്തേക്ക് ആൾക്കാരോട് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമാക്രമണത്തിൽ കെട്ടിടങ്ങൾ തകരുകയും 1,500-ലധികം ആളുകൾ മരണപ്പെടുകയും ചെയ്തു.
ഗസ്സ അതിർത്തിക്കടുത്തുള്ള ഇസ്രയേൽ സമൂഹത്തിന് നേരെ ഇരച്ചുകയറിയ ഹമാസ് തീവ്രവാദികൾ ഒരു ഫെസ്റ്റിവൽ വേദിയിൽ നടത്തിയ ആക്രമണമാണ് പുതിയ പ്രശ്നമായി മാറിയത്. ഇരു വിഭാഗത്തിലുമായി ഇതിനിടയിൽ 2000 ലധികം പേർക്കാണ് ജീവൻ നഷ്ടമായത്. ഗസ്സയിലെ ഹമാസ് മീഡിയ ഓഫീസ് പറയുന്നതനുസരിച്ച്, മരിച്ചവരിൽ 500 കുട്ടികളെങ്കിലും ഉൾപ്പെടുന്നു.
''ഞങ്ങളുടെ ജനങ്ങളെ മുന്നറിയിപ്പില്ലാതെ ലക്ഷ്യമിടുന്ന ഓരോ സിവിലിയൻ ബന്ദികളേയും വധിക്കുമെന്ന്'' ഈ ആഴ്ച എസെദീൻ അൽ-ഖസ്സാം ബ്രിഗേഡ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ഇസ്രയേലിന്റെ സമ്പൂർണ ഉപരോധത്തിൽ വലയുന്ന ഗസ്സയിൽ ആരോഗ്യ സംവിധാനങ്ങൾ ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഗസ്സ മാനുഷിക മഹാദുരന്തത്തിന്റെ വക്കിലാണെന്നും ഇത് തടയാൻ കുറഞ്ഞ സമയം മാത്രമാണ് അവശേഷിക്കുന്നതെന്നും സംഘടന മുന്നറിയിപ്പ് നൽകി.
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ മുന്നറിയിപ്പിനിടയിലും ഗസ്സയിലെ അഭയാർഥി ക്യാമ്പുകളിലും ആരോഗ്യസംവിധാനങ്ങളിലും ഇസ്രയേൽ കനത്ത വ്യോമാക്രമണം തുടരുകയാണ്. മരണസംഖ്യ ഉയരുന്നതോടൊപ്പം, പരിക്കേറ്റവരെ കൊണ്ട് ആശുപത്രികളും നിറഞ്ഞു. വൈദ്യുതിക്കു പുറമെ, മരുന്നു ഉൾപ്പെടെയുള്ള അടിയന്തര വസ്തുക്കളുടെ ക്ഷാമവും ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാക്കി.
ഗസ്സയിലേക്ക് ഉടൻ മാനുഷിക സഹായം എത്തിയില്ലെങ്കിൽ, പ്രത്യേകിച്ച് ആരോഗ്യ സേവനങ്ങൾ, മരുന്ന്, ഭക്ഷണം, ശുദ്ധജലം, ഇന്ധനം, ഭക്ഷ്യേതര വസ്തുക്കൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ ബന്ധപ്പെട്ടവർക്ക് കഴിയില്ലെന്നും നഷ്ടപ്പെടുന്ന ഓരോ മണിക്കൂറും കൂടുതൽ ജീവൻ അപകടത്തിലാക്കുമെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ പറഞ്ഞു. സാധാരണ ജനങ്ങളെയും ആരോഗ്യ സംവിധാനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഇസ്രയേൽ ഇന്ധന വിതരണം നിർത്തിവെച്ചതിനെ തുടർന്ന് ഗസ്സയിലെ ഒരേയൊരു വൈദ്യുതി പ്ലാന്റ് കഴിഞ്ഞദിവസം പ്രവർത്തനം നിർത്തിയിരുന്നു. മാനുഷിക സഹായം എത്തിക്കാൻ അടിയന്തരമായി താൽക്കാലിക വെടിനിർത്തൽ നടപ്പാക്കണമെന്ന് അറബ് രാഷ്ട്രങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇടവേളയില്ലാതെ തീവർഷം തുടരുകയാണ്. ഭക്ഷണവും മരുന്നും വെള്ളവും നിഷേധിക്കുന്ന സമ്പൂർണ ഉപരോധം അവസാനിപ്പിക്കണമെങ്കിൽ ഹമാസ് തടവുകാരാക്കിയ മുഴുവൻ പേരെയും വിട്ടയക്കണമെന്നാണ് ഇസ്രയേൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മറുനാടന് ഡെസ്ക്