ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ പൊതു തിരഞ്ഞെടുപ്പിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങി ഹിന്ദു യുവതി. പാക്കിസ്ഥാൻ ഖൈബർ പഖ്തൂൺഖ്വയിലെ ബുണർ ജില്ലയിൽ നിന്നുള്ള ഡോ. സവീര പ്രകാശ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ ആദ്യമായിട്ടാണ് ഒരു ഹിന്ദു സ്ത്രീ മത്സരിക്കുന്നത്. ഇതിന് മുമ്പ് ആരും തന്നെ ഇതിന് തയ്യാറായിട്ടില്ല. 

പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ടിക്കറ്റിലാണ് സവീര മത്സരിക്കുന്നത്. യുവതിയുടെ പിതാവും റിട്ട. ഡോക്ടറുമായ ഓംപ്രകാശ് കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷമായി പാർട്ടിയിൽ പ്രവർത്തിച്ചുവരികയാണ്. 2022 ൽ അബോട്ടാബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ സവീര, ബുനറിലെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി വനിതാ വിഭാഗം ജനറൽ സെക്രട്ടറിയാണ്. പ്രദേശത്തെ പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്നതിനായി പിതാവിന്റെ പാത പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്ന് യുവതി ഒരു മാധ്യമത്തോട് പറഞ്ഞു.

ഡിസംബർ 23നാണ് സവീര നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പ്രദേശത്തെ സ്ത്രീകൾ അടിച്ചമർത്തപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നുവെന്നും, അവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി നിലകൊള്ളുമെന്ന് സവീര ഉറപ്പുനൽകി. തന്നെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി നേതൃത്വം പിതാവിനെ സമീപിച്ചുവെന്നും യുവതി വ്യക്തമാക്കി.

ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന സമയത്ത് സർക്കാർ ആശുപത്രികളിലെ കെടുകാര്യസ്ഥത നേരിൽ കണ്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. അടുത്തിടെ പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി), വനിതാ സ്ഥാനാർത്ഥികൾക്കായി ജനറൽ സീറ്റുകളിൽ അഞ്ച് ശതമാനം സംവരണം ചെയ്തിരുന്നു.

പാക്കിസ്ഥാനിൽ ഹിന്ദു സമൂഹത്തിന് നേരെ നിരവധി അതിക്രമങ്ങൾ നടക്കുന്നുവെന്ന വാർത്തകൾ ഇടക്കിടെ പുറത്തു വരാറുണ്ട്. ഇതിനിടെയാണ് ഒരു ഹിന്ദു യുവതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം അടുത്തിടെ തകർക്കപ്പെട്ടിരുനന്ു. ഈ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ അടക്കമുള്ളവരും രംഗത്തുവരികയുണ്ടായി.

ചരിത്ര പ്രസിദ്ധമായ ആരാധാനായങ്ങൾ തകർക്കുമ്പോൾ അന്താരാഷ്ട്ര സമൂഹം മൗനത്തിലാണോ..? എന്നായിരുന്നു കനേരിയ ട്വീറ്റ് ചെയ്തത്. പാക്കിസ്ഥാനിൽ മതസ്വാതന്ത്ര്യമില്ല. മതപരിവർത്തനം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം എന്നിങ്ങനെ എണ്ണമറ്റ ക്രൂരതകൾ അനുദിനം നടക്കുന്നുവെന്നും ഈ അനീതിക്കെതിരെ ലോക ഹൈന്ദവ സമൂഹം ശബ്ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കറാച്ചിയിലെ സോൾജിയർ ബസാറിലെ മാരി മാതാ ക്ഷേത്രം വെള്ളിയാഴ്ച രാത്രി വൈകി പൊലീസ് സേനയുടെ സാന്നിധ്യത്തിലാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്. ക്ഷേത്രം അപകടകരമായ നിർമ്മിതിയായി അധികൃതർ പ്രഖ്യാപിച്ചതിനാലാണ് പൊളിച്ചതെന്ന് ലോക്കൽ പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ അതിന്റെ തുടർച്ചയെന്നോളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. കാഷ്‌മോർ പ്രദേശത്തെ ഒരു ചെറിയ ക്ഷേത്രത്തിന് നേരെ അക്രമികൾ റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും ആരോപണമുണ്ട്.

കറാച്ചിയിൽ നിരവധി പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുണ്ട്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമാണ് ഹിന്ദുക്കൾ. പാക്കിസ്ഥാനിലെ ഹിന്ദു ജനസംഖ്യയുടെ ഭൂരിഭാഗവും സിന്ധ് പ്രവിശ്യയിൽ താമസിക്കുന്നത്. ഇന്ത്യ- പാക് വിഭജന കാലത്ത് പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ ജനസംഖ്യ 23 ശതമാനമായിരുന്നു. എന്നാൽ അത് ഇപ്പോൾ വെറും 6 ശതമാനം മാത്രമായി ചുരുങ്ങിയിട്ടുണ്ട്. കൂടാതെ പാക്കിസ്ഥാനിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കൾ താമസിക്കുന്നത് സിന്ധു മേഖലയിലാണ്. എന്നാൽ ഇപ്പോൾ അവിടെ നിർബന്ധിത മതമാറ്റവും ഹിന്ദു വിരുദ്ധ സംഭവങ്ങളും വർധിച്ചു വരുകയാണ്.

ഹിന്ദു പെൺക്കുട്ടികളെ തട്ടിക്കൊണ്ടു പോകുകയും നിർബന്ധിത മതമാറ്റത്തിനു വിധേയമാക്കിയതിനു ശേഷമാണ് പുറം ലോകം കാണിക്കുന്നത്. എന്നാൽ ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിനു കഴിയിന്നില്ല. ഒരു വർഷം 5000 കുടുംബങ്ങളെങ്കിലും ഇന്ത്യയിലേക്ക് അഭയാർത്ഥികളായി പോന്നിട്ടുണ്ട്.