- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാലിഹ് അറൂരിയെ വകവരുത്തിയതും ഡ്രോൺ ആക്രമണം
ബെയ്‌റൂട്ട്: ഇസ്രയേൽ ആക്രമണത്തിൽ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു. ലെബനനിലെ ദക്ഷിണ ബെയ്‌റൂട്ടിലെ മശ്‌റഫിയ്യയിൽ ഹമാസ് ഓഫിസിനുനേരെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രയേൽ ഡ്രോണുകൾ ആക്രമണം നടത്തിയത്. ഇതോടെ സംഘർഷം കൂടുതൽ രൂക്ഷമാകും. അന്താരാഷ്ട്ര സമ്മർദ്ദവും മറികടന്നാണ് ഇസ്രയേൽ ആക്രമണം. അറൂരിയുടെ മരണം ഹമാസിന് വലിയ തിരിച്ചടിയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രയേൽ ഏറ്റെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
അറൂരിക്കൊപ്പം സായുധവിഭാഗമായ ഖസാം ബ്രിഗേഡിലെ രണ്ടു കമാൻഡർമാരും കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ആളപായമുണ്ടായതായും ഒരു കെട്ടിടം തകർന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഹമാസിന്റെ സഖ്യകക്ഷി കൂടിയായ തങ്ങളുടെ ശക്തി കേന്ദ്രമായ ദഹിയേയിൽ ആക്രമണം നടത്തിയത് ഇസ്രയേൽ ആണെന്നും ആക്രമണം ലെബനന്റെ പരമാധികാരത്തിന് മേലുള്ള കടന്നാക്രമണമാണെന്നും ഹിസ്ബുള്ള ആരോപിച്ചു. ലെബനനെ ഏറ്റുമുട്ടലിലേക്ക് വലിച്ചിഴക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് ലെബനൻ പ്രധാനമന്ത്രിയും ആരോപിച്ചു.
ലെബനാനുനേരെയുള്ള ഏത് ആക്രമണവും കടുത്ത പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് കഴിഞ്ഞ ദിവസം ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റുല്ല പ്രഖ്യാപിച്ചതിനു പിറകെയായിരുന്നു ആക്രമണം. ഇസ്രയേൽ ജയിലിൽ ഒരു തടവുകാരൻ കൂടി കൊല്ലപ്പെട്ടു. ആഴ്ചകൾക്കിടെ ഏഴാമത്തെ ഫലസ്തീനി തടവുകാരനാണ് ജയിലിൽ ക്രൂരമായി കൊല്ലപ്പെടുന്നത്. ഗസ്സയിൽ ഇസ്രയേൽ വംശഹത്യയിൽ മരണം 22,000 പിന്നിട്ടിട്ടുണ്ട്.
ലബനാൻ തലസ്ഥാനത്ത് ഹിസ്ബുല്ല അടക്കം സംഘടനകളുടെ ഓഫീസ് പ്രവർത്തിക്കുന്ന കേന്ദ്രത്തിലാണ് ഉഗ്രസ്‌ഫോടനത്തിൽ അറൂരിയും രണ്ട് അൽഖസ്സാം കമാൻഡർമാരും ചൊവ്വാഴ്ച വൈകി കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴിനു ശേഷം ഹമാസ് വക്താവായി വിഷയങ്ങൾ പുറംലോകത്തോട് പങ്കുവെച്ചത് അറൂരിയായിരുന്നു. ഖസ്സാം ബ്രിഗേഡ് സ്ഥാപകരിൽ പ്രമുഖനും നിലവിൽ ഹമാസ് രാഷ്ട്രീയ ഉപമേധാവിയുമായ അദ്ദേഹത്തെ ഏറെയായി ഇസ്രയേൽ ലക്ഷ്യം വെക്കുന്നുണ്ട്.
ഹമാസ് നേതാക്കളെ ഗസ്സയിലും ഫലസ്തീന് പുറത്തും ഇല്ലാതാക്കാമെന്ന് അടുത്തിടെയാണ് ഇസ്രയേൽ പ്രഖ്യാപിച്ചത്. എന്നാൽ, തങ്ങളുടെ മണ്ണിൽ തങ്ങളെയോ മറ്റേതെങ്കിലും സംഘടനാനേതാക്കളെയോ ലക്ഷ്യമിട്ടാൽ പ്രത്യാഘാതം ചെറുതാകില്ലെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റുല്ല വ്യക്തമാക്കിയിരുന്നു. ഹമാസ് പ്രമുഖരിൽ ഇസ്രയേൽ ലക്ഷ്യം വെക്കുന്ന അവസാനത്തെയാളാണ് അറൂരി. ഹമാസ് യുദ്ധമുറകളുടെ ബുദ്ധികേന്ദ്രമായിരുന്ന യഹ്‌യ അയ്യാശിനെ 1996ൽ വധിച്ചാണ് തുടക്കം. അറൂരിയുടെ വധം ഹിസ്ബുല്ലയെ കൂടുതൽ പ്രകോപിതമാക്കും.
നേരിട്ടുള്ള യുദ്ധം ഇനി തങ്ങളുടെയും അജണ്ടയിലില്ലെന്ന സൂചന നൽകി കഴിഞ്ഞ ദിവസം യു.എസ് യുദ്ധക്കപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് മെഡിറ്ററേനിയൻ വിട്ടിരുന്നു. ഇസ്രയേൽ സുപ്രീം കോടതി നെതന്യാഹുവിനെ കുരുക്കി ജുഡീഷ്യൽ പരിഷ്‌കരണം റദ്ദാക്കുകയും ചെയ്തു. ഇതിനിടെ അറൂരിയുടെ വധം വലിയ രാഷ്രടീയമായി ഗുണകരമാകുമെന്നതാണ് നെതന്യാഹു പക്ഷത്തിന്റെ വിലയിരുത്തൽ.
ഹമാസ് ഓഫിസിനുനേരെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രയേൽ ഡ്രോണുകൾ ആക്രമണം നടത്തിയത്. ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് സ്ഥാപകരിലൊരാൾ കൂടിയായ അറൂരി യു.എസ് ഭീകരപ്പട്ടികയിൽ പെട്ടയാളുമാണ്. 50 ലക്ഷം ഡോളറാണ് അദ്ദേഹത്തെ കുറിച്ച സൂചന നൽകുന്നവർക്ക് യു.എസ് വിലയിട്ടിരുന്നത്.
നേരത്തെ ഒന്നര പതിറ്റാണ്ടുകാലം ഇസ്രയേൽ തടവറയിൽ കഴിഞ്ഞ ശേഷം മോചിതനായി ലബനാനിൽ കഴിഞ്ഞുവരികയായിരുന്നു. ഒക്ടോബർ ആക്രമണത്തിനു ശേഷം വെസ്റ്റ് ബാങ്കിലെ അദ്ദേഹത്തിന്റെ വീട് ഇസ്രയേൽ ബോംബിട്ട് തകർത്തിരുന്നു.