ന്യൂഡൽഹി ഇന്ത്യ - ഓസ്‌ട്രേലിയ ബന്ധത്തിൽ നാഴികക്കല്ലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനം. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ദി ബോസ്' എന്ന് വിശേഷിപ്പിച്ച ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, മോദി അസാമാന്യമായ ഊർജ്ജമുള്ളയാളെന്നും അഭിപ്രായപ്പെട്ടു. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാനഘട്ടമായി ഓസ്ട്രേലിയയിലെത്തിയ മോദിക്കൊപ്പം ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും ചടങ്ങിൽ പങ്കെടുത്തു.

സിഡ്‌നിയിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രി നടത്തിയ സംവാദത്തിനു മുന്നോടിയായാണ്, അദ്ദേഹത്തിന്റെ ജനപ്രീതിയെ പുകഴ്‌ത്തി ആൽബനീസ് 'ബോസ്' എന്നു വിശേഷിപ്പിച്ചത്. ആരാധകർ ഇതേ പേരിൽ വിശേഷിപ്പിക്കുന്ന വിഖ്യാത പോപ് ഗായകൻ ബ്രൂസ് സ്പ്രിങ്സ്റ്റീനുമായി താരതമ്യം ചെയ്തായിരുന്നു ഓസീസ് പ്രധാനമന്ത്രിയുടെ വിശേഷണം.

''ഇതിനു മുൻപ് ഈ വേദിയിൽ ഞാൻ കണ്ടത് പ്രശസ്ത പോപ് താരം ബ്രൂസ് സ്പ്രിങ്സ്റ്റീനെയാണ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിച്ചതു പോലുള്ള ഒരു സ്വീകരണം അന്ന് സ്പ്രിങ്സ്റ്റീനു ലഭിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യഥാർഥ ബോസ്' ആന്റണി ആൽബനീസ് പറഞ്ഞു. മോദിയുമായുള്ള സംവാദത്തിൽ പങ്കെടുക്കാൻ എത്തിയവർ ഹർഷാരവത്തോടും കയ്യടിയോടെയുമാണ് ആൽബനീസിന്റെ വാക്കുകൾ സ്വീകരിച്ചത്.

''ഒരു വർഷം മുൻപ് ഞാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം താങ്കളുമായുള്ള ആറാമത്തെ കൂടിക്കാഴ്ചയാണിത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ലോകത്തുതന്നെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയിലേക്കുള്ള വളർച്ചയിലാണ് ഇന്ത്യ. ഇപ്പോൾത്തന്നെ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ മഹാസമുദ്രത്തിലെ വളരെ പ്രധാനപ്പെട്ട അയൽക്കാർ കൂടിയാണ് ഇന്ത്യ. അതുകൊണ്ടാണ് ഈ ബന്ധത്തെ നാം വളരെയധികം വിലമതിക്കുന്നത്' ആൽബനീസ് പറഞ്ഞു.

ഇന്ത്യൻ വംശജയരുടെ മഹത്തായ സംഭാവനകൾ കൊണ്ടു കൂടിയാണ് ഓസ്‌ട്രേലിയ ഇത്രയും മനോഹരമായ സ്ഥലമായി മാറിയതെന്നും ആൽബനീസ് വ്യക്തമാക്കി. ''ഓസ്‌ട്രേലിയയെ സംബന്ധിച്ച് പ്രാധാന്യമുള്ളൊരു പങ്കാളിയാണ് ഇന്ത്യ. നമ്മൾ തമ്മിൽ വളരെ അടുത്ത സൗഹൃദമാണുള്ളത്. അതേസമയം, ക്രിക്കറ്റ് കളത്തിൽ നമ്മൾ ശത്രുക്കളുമാണ്. ഉടൻ തന്നെ നമ്മൾ തമ്മിൽ കിരീടത്തിനായി ഒരു മത്സരം വരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറ്റവും ഹാർദ്ദവമായിത്തന്നെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നു' ആൽബനീസ് പറഞ്ഞു.

നേരത്തെ, പാപുവ ന്യൂഗിനി സന്ദർശനത്തിനു ശേഷം രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയയിലെത്തിയത്. സിഡ്‌നിയിൽ പ്രധാനമന്ത്രി ആന്റണി അൽബനീസ് മോദിയെ സ്വീകരിച്ചു. തുടർന്ന് നമസ്‌തേ ഓസ്‌ട്രേലിയ എന്ന സംബോധനയോടെ പ്രസംഗം തുടങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രി ഹിന്ദിയിലാണ് പ്രസംഗിച്ചത്.

'ഒൻപത് വർഷത്തിനിടെ രണ്ട് തവണ ഓസ്‌ട്രേലിയ സന്ദർശിക്കാനായതിൽ സന്തോഷമുണ്ട്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ വാക്കുകൾ അദ്ദേഹം ഇന്ത്യയെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നതിന്റെ തെളിവാണ്. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ വളർച്ച സന്തോഷിപ്പിക്കുന്നു. ഈ ചെറിയ ഇന്ത്യയെ തിരിച്ചറിഞ്ഞതിൽ വലിയ സന്തോഷം. പരസ്പര വിശ്വാസവും ബഹുമാനവുമാണ് ഇന്ത്യ - ഓസ്‌ട്രേലിയ ബന്ധത്തിന് ആധാരം. ജനാധിപത്യ ബോധവും ഇരു രാജ്യങ്ങളെയും ഒന്നിച്ച് നിർത്തുന്നു. ഭാരതത്തിന്റെ വൈവിധ്യത്തെ സ്വീകരിച്ച ഓസ്‌ട്രേലിയയുടെ ഹൃദയവിശാലതയെ പ്രകീർത്തിച്ചാൽ മതിയാവില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടും. ലോകരാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ എപ്പോഴും സന്നദ്ധമാണ്. 150 രാജ്യങ്ങൾക്ക് കോവിഡ് കാലത്ത് ഇന്ത്യ സഹായം നൽകി. ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ ലോക നേതാവായി,' - എന്നും മോദി പറഞ്ഞു.

ക്രിക്കറ്റിനും ഉപരിയായ ബന്ധമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ളതെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. വിഖ്യാത ടിവി ഷോയായ 'മാസ്റ്റർഷെഫ്', യോഗ, ടെന്നിസ്, സിനിമകൾ, സാംസ്‌കാരികമായി വൈവിധ്യമുള്ള ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹം തുടങ്ങിയവ ഇരു രാജ്യങ്ങളും തമ്മിലുള്ള വളരുന്ന ബന്ധത്തിന്റെ അടയാളങ്ങളാണെന്ന് മോദി ചൂണ്ടിക്കാട്ടി. അടുത്ത 25 വർഷത്തിനുള്ളിൽ വികസിത രാജ്യമാകാനുള്ള വളർച്ചയുടെ പാതയിലാണ് ഇന്ത്യയെന്നു  മോദി ചൂണ്ടിക്കാട്ടി.

ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ ഇന്ത്യൻ കോൺസുലേറ്റ് ആരംഭിക്കുമെന്ന് നരേന്ദ്ര മോദി അറിയിച്ചു. ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജരുടെ ദീർഘനാളത്തെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നും സിഡ്നിയിലെ പൊതു പരിപാടിയിൽ പങ്കെടുക്കുകയായിരുന്ന പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധത്തെ ദൃഢമാക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള നിരവധി സമാനതകളാണെന്ന് മോദി പറഞ്ഞു. ഇന്ത്യയും ഓസ്ട്രേലിയയും പങ്കുവെയ്ക്കുന്ന ഊഷ്മളമായ ബന്ധത്തെ നിർവചിക്കുന്നത് മൂന്ന് 'സി'കളും മൂന്ന് 'ഡി'കളും മൂന്ന് 'ഇ'കളും ആണെന്ന് മോദി പറഞ്ഞു.

'നേരത്തെ ഇന്ത്യയെ ഓസ്ട്രേലിയയുമായി ബന്ധിപ്പിക്കുന്നത് കോമൺവെൽത്ത്, ക്രിക്കറ്റ്, കറി എന്നീ മൂന്ന് 'സി'കളായിരുന്നെങ്കിൽ പിന്നീട് അത് ഡെമോക്രസി, ഡയസ്പോറ, ദോസ്തി (ജനാധിപത്യം, പ്രവാസികൾ, സൗഹൃദം) എന്നീ മൂന്നു 'ഡി'കളായി. എന്നാൽ, ഇന്ന് നമ്മുടെ ബന്ധം എനർജി, ഇക്കോണമി, എജ്യൂക്കേഷൻ (ഊർജം, സാമ്പത്തികം, വിദ്യാഭ്യാസം) എന്നീ മൂന്നു 'ഇ'കളിൽ എത്തി നിൽക്കുന്നു. എന്നാൽ, ഇതിനുമപ്പുറം പരസ്പര വിശ്വാസവും പരസ്പര ബഹുമാനവുമാണ് നമ്മുടെ ബന്ധം നിലനിർത്തുന്നത്', മോദി പറഞ്ഞു.

'രണ്ടു രാജ്യങ്ങളിലേയും ജീവിതരീതി വ്യത്യസ്തമായിരിക്കാം. എന്നാൽ യോഗയും ക്രിക്കറ്റും ടെന്നീസും സിനിമയുമെല്ലാം ഇരുവരേയും ബന്ധിപ്പിക്കുന്ന വസ്തുതകളാണ്', എന്നാൽ അതിനുമപ്പുറത്തും ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജരാണ് അതിന് ശക്തി പകരുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു