- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജി-7 ഉച്ചകോടിയിൽ പിന്നിലൂടെ വന്ന് മോദിയെ തട്ടി വിളിച്ച് ബൈഡൻ; ബാലിയിലെ ജി-20 ഉച്ചകോടിയിൽ മോദിയുടെ അടുത്തേക്ക് വന്ന് ഷെയ്ക് ഹാൻഡ് നൽകി യുഎസ് പ്രസിഡന്റ്; ബൈഡനെ ആലിംഗനം ചെയ്തും തമാശ പറഞ്ഞും മോദിയുടെ ഊഷ്മളമായ പ്രതികരണം; യുക്രെയിൻ യുദ്ധത്തിൽ യുഎസ് ചേരിയോട് മുഖം തിരിച്ചുനിൽക്കുമ്പോഴും ഇന്ത്യയുടെ പ്രാധാന്യം അംഗീകരിച്ച് അമേരിക്ക; വീഡിയോ വൈറൽ
ബാലി: പണ്ടത്തെ പോലെയല്ല ഇപ്പോൾ കാര്യങ്ങൾ. ലോക കാര്യങ്ങളിൽ ഇന്ത്യയുടെ വാക്കിനും നല്ല വിലയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശന വേളകളിൽ ലോക നേതാക്കളുടെ പ്രതികരണങ്ങളിൽ ഇതുപ്രകടമാണ്. മുൻ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി നരേന്ദ്ര മോദി വലിയ സൗഹൃദത്തിലായിരുന്നു. ട്രംപിന് ശേഷം വന്ന ജോ ബൈഡൻ അത്രയും അടുപ്പം കാട്ടുമോ എന്ന് പല രാഷ്ട്രീയ നിരീക്ഷകരും സംശയം പ്രകടിപ്പിച്ചെങ്കിലും, അങ്ങനെയല്ല സംഭവങ്ങളുടെ പോക്ക് എന്ന് ജി-7 ഉച്ചകോടിയിൽ തന്നെ വ്യക്തമായിരുന്നു. ഇപ്പോൾ ഇതാ ജി-20 ഉച്ചകോടിയിലും അതുതന്നെ സംഭവിച്ചിരിക്കുന്നു.
ഇന്തൊനേഷ്യയിലെ ബാലിയിൽ ജി-20 ഉച്ചകോടിക്ക് മുന്നോടിയായി നേതാക്കൾ തങ്ങളുടെ കസേരയിൽ ഇരിക്കുന്നതിന് മുമ്പ് മോദിക്ക് അടുത്തേക്ക് നടന്നുവന്ന് ഷെയ്ക് ഹാൻഡ് നൽകുന്ന ബൈഡന്റെ ദൃശ്യം രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. അമേരിക്ക ഇന്ത്യയുമായുള്ള ബന്ധത്തെ എത്രമാത്രം വിലമതിക്കുന്നും എന്ന് ബൈഡന്റെ ശരീരഭാഷയിൽ നിന്ന് വ്യക്തമാണ്.
വീഡിയോയിൽ, പ്രസിഡന്റ് ബൈഡൻ വരുന്നത് ആദ്യം മോദി കാണുന്നില്ല. പെട്ടെന്ന് തിരിഞ്ഞ് കൈ പിടിച്ച് കുലുക്കി, ആലിംഗനം ചെയ്യുന്നത് കാണാം. ബൈഡൻ സീറ്റിലേക്ക് പോകുന്നതിനിടെ മോദി എന്തോ സ്വകാര്യമായി പറയുന്നതും, ബൈഡൻ ചിരിക്കുന്നതും കാണാം. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇരുവരെയും സാകൂതം നിരീക്ഷിക്കുന്നതും കാണാം. ഇരുനേതാക്കളുടെയും പിന്നിലായാണ് ഇരുവർക്കും ഇരിപ്പിടം.
#WATCH | US President Joe Biden walks over to PM Narendra Modi before the start of #G20Summit in Bali, Indonesia.
- ANI (@ANI) November 15, 2022
(Source: DD) pic.twitter.com/2ULTveCaqh
തന്റെ തൊട്ടടുത്തുള്ള ഫ്രഞ്ച് പ്രസിഡന്റെ ഇമ്മാനുവൽ മക്രോണുമായും ബൈഡൻ കുശലം പറയുന്നത് വീഡിയോയിൽ കാണാം. യുക്രെയിൻ യുദ്ധത്തിൽ അമേരിക്കൻ ലൈനിനോട് ഇന്ത്യ ചേരാതെ നിൽക്കുമ്പോഴാണ് മോദിയോടുള്ള ബൈഡന്റെ ഊഷ്മളമായ പെരുമാറ്റം എന്നതും ശ്രദ്ധേയമാണ്. സംഘർഷം അവസാനിപ്പിക്കാൻ, വെടിനിർത്തലും ചർച്ചയും ആവശ്യപ്പെടുമ്പോൾ തന്നെ, യുഎന്നിൽ, ഈവിഷയത്തിൽ ഇന്ത്യ വോട്ടിങ്ങിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
ജി-7 ഉച്ചകോടിയിൽ പിന്നിലൂടെ വന്ന് മോദിയെ തട്ടി വിളിച്ച് ബൈഡൻ
കഴിഞ്ഞ ജൂണിൽ, വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തേക്കു വന്ന് കുശലാന്വേഷണം നടത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വിഡിയോ വൈറലായിരുന്നു. മറ്റു നേതാക്കൾക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് മോദിക്ക് അരികിലേക്ക് ബൈഡൻ എത്തിയത്.
#WATCH | US President Joe Biden walked up to Prime Minister Narendra Modi to greet him ahead of the G7 Summit at Schloss Elmau in Germany.
- ANI (@ANI) June 27, 2022
(Source: Reuters) pic.twitter.com/gkZisfe6sl
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി സംസാരിക്കുന്ന മോദിയുടെ അരികിലേക്കാണ് ബൈഡൻ എത്തിയത്. പിന്നിലൂടെ വന്ന ബൈഡൻ, മോദിയുടെ തോളിൽ തട്ടുന്നത് വീഡിയോയിൽ വ്യക്തമാണ്. ആരാണ് എന്നറിയാതെ തിരിഞ്ഞുനോക്കുന്ന മോദി, ബൈഡനാണ് എന്ന് തിരിച്ചറിഞ്ഞതോടെ ഹസ്തദാനം നൽകുന്നതും പരസ്പരം കുശലാന്വേഷണം നടത്തുന്നതും വീഡിയോയിൽ കാണാമാായിരുന്നു. ജി7 ഉച്ചകോടിയിൽ ഇന്ത്യ പ്രത്യേക ക്ഷണിതാവാണ്.
മറുനാടന് മലയാളി ബ്യൂറോ