- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൂർ ഓപ്പറേറ്റിങ് കമ്പനികൾ മാലദ്വീപിലേക്കുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ബഹിഷ്ക്കരണ പ്രതിഷേധം തുടരുകയാണ്. ബോളിവുഡ് സെലബ്രിറ്റികളും ക്രിക്കറ്റ് താരങ്ങളും മാലദ്വീപ് ബഹിഷ്ക്കരണത്തിന് കൂട്ടത്തോടെ ആഹ്വാനം ചെയ്തുപ്പോൾ മാലദ്വീപ് ടൂറിസം വലിയ പ്രതിസന്ധി നേരിടുകയാണ്. മന്ത്രിമാരുടെ മണ്ടത്തരത്തിൽ മാലദ്വീപിനെ വ്യവസായ സമൂഹവും കടുത്ത അമർഷത്തിലാണ്. ഇത് ദ്വീപ് ഭരണകൂടത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു.
ഇതിനിടെ വിഷയത്തിൽ പ്രതികരണവുമായി ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സും രംഗത്തെത്തി. മാലദ്വീപിന് എതിരായ നിലപാട് സ്വീകരിച്ചാണ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് രംഗത്തുവന്നിരിക്കുന്നത്. ടൂർ ഓപ്പറേറ്റിങ് കമ്പനികളോട് മാലദ്വീപിലേക്കുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിച്ച് ലക്ഷദ്വീപിലേക്കും ആന്തമാൻ നിക്കോബാർ ദ്വീപുകളിലേക്കും സഞ്ചാരികളെ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ സജീവമാക്കാൻ ചേംബർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു.
മാലദ്വീപിലേക്കുള്ള വിമാന സർവീസുകൾ അവസാനിപ്പിക്കാൻ ചേംബർ ഓഫ് കൊമേഴ്സ് ഏവിയേഷൻ ആൻഡ് ടൂറിസം കമ്മിറ്റി മേധാവിയായ സുബാഷ് ഗോയൽ വ്യോമയാന കമ്പനികളോട് ആവശ്യപ്പെടുകയും ചെയ്തു. മാലദ്വീപിന്റെ ടൂറിസത്തിലെ പ്രധാന ഉപയോക്താക്കൾ ഇന്ത്യക്കാരാണെന്നുള്ള കാര്യം അവർ മറന്നെന്നാണ് ചേംബർ ഓഫ് കൊമേഴ്സ് ചൂണ്ടിക്കാട്ടുന്ന കാര്യം.
രാജ്യത്ത് വിദേശനാണ്യവും തൊഴിലും ലഭിക്കുന്നത് ഇന്ത്യൻ സഞ്ചാരികൾ ദ്വീപിലെത്തുന്നതുകൊണ്ടാണെന്നതും അവർ വിസ്മരിച്ചു. അതിനാൽ മാലദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിച്ച് ഇന്ത്യയിലെ ദ്വീപുകളായ ലക്ഷദ്വീപിലേക്കും ആന്തമാൻ നിക്കോബാറിലേക്കും സഞ്ചാരികളെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താൻ ടൂർ ഓപ്പറേറ്റർ മാരോട് ഞങ്ങൾ ആവശ്യപ്പെടുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ മറ്റ് ദ്വീപുകളായ ശ്രീലങ്ക, മൗറീഷ്യസ്, ബാലി എന്നിവയെയും മാലദ്വീപിന് പകരമായി ഉയർത്തിക്കാട്ടാവുന്നതാണ്. സുബാഷ് ഗോയൽ വാർത്താ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
മാലദ്വീപിലേക്കുള്ള വിമാന സർവീസുകൾ അവസാനിപ്പിക്കാൻ വിമാനക്കമ്പനികളോടും ചേംബർ ഓഫ് കൊമേഴ്സ് വിദഗ്ധ സമിതി ആവശ്യപ്പെട്ടതായി സുബാഷ് ഗോയൽ അറിയിച്ചു. ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയോട് ലക്ഷദ്വീപ് കേന്ദ്രീകരിച്ച് നിക്ഷേപങ്ങൾ നടത്താനും കമ്മിറ്റി ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റർസ്, ട്രോവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, ട്രാവൽ ഏജന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, അഡ്വഞ്ചർ ടൂർ ഓപ്പറേറ്റർസ് അസോസിയേഷൻ ഓഫ് ഇന്ത്യ, അസോസിയേഷൻ ഓഫ് ഡൊമസ്റ്റിക് ടൂര് ഓപ്പറേറ്റർസ് ഓഫ് ഇന്ത്യ എന്നീ സംഘടനകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയതായും ചേംബർ ഓഫ് കൊമേ്ഴ്സ് വ്യക്തമാക്കി.
അതേസയം ലക്ഷദ്വീപിലേക്ക് പോകാൻ ആഹ്വാനങ്ങൾ ശക്തമാണെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതാണ് വെല്ലുവിളി. കേരളത്തിൽ നിന്ന് മാലദ്വീപിലേക്കുള്ള യാത്രാ ബുക്കിങ് റദ്ദാക്കപ്പെടുന്നില്ലെങ്കിലും ലക്ഷദ്വീപ് യാത്രയുടെ സാധ്യത തേടിയുള്ള അന്വേഷണങ്ങൾ ടൂർ ഓപ്പറേറ്റർമാർക്ക് കൂടുതൽ കിട്ടി തുടങ്ങി. എന്നാൽ ടൂറിസത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളോ യാത്രാ സംവിധാനങ്ങളോ ദ്വീപിലില്ല എന്നതാണ് പ്രധാന വെല്ലുവിളി.കടൽക്കാഴ്ചകളുടെ സൗന്ദര്യം, പവിഴപ്പുറ്റുകൾ, ദ്വീപിലെ സായാഹ്നങ്ങൾ എന്നിങ്ങനെ ലക്ഷദ്വീപിന്റെ സൗന്ദര്യം നേരിട്ട് കാണാനും ആസ്വദിക്കാനും ആഗ്രഹിക്കാത്തവർ കുറവാണ്.
എന്നാൽ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മതിയായ യാത്രാസൗകര്യമില്ലാത്തതുമാണ് പലരെയും ലക്ഷദ്വീപിൽനിന്നും അകറ്റിനിർത്തുന്നത്. ഇതിന് മാറ്റം വന്നുവെന്നാണ് മോദിയുടെ യാത്ര വ്യക്തമാക്കുന്നത്. അതേസമയം കേരളത്തിൽ നിന്നുള്ള യാത്രക്കാരിൽ അഞ്ചു ശതമാനത്തിലും താഴെയാണ് മാലദ്വീപിലേക്കുള്ള വിനോദസഞ്ചാരികളെന്നാണ് കണക്ക്. മറ്റു വിദേശരാജ്യങ്ങളെക്കാൾ ചെലവു കൂടുതലാണ് മാലദ്വീപ് യാത്രയ്ക്ക്. മൂന്നുദിവസത്തെ പാക്കേജിന് ഒരാൾക്കു തന്നെ ഒരു ലക്ഷം രൂപ വരെ വേണ്ടിവരും. കടലോര വിനോദസഞ്ചാര കേന്ദ്രമായതിനാൽ മലയാളികളെക്കാൾ ഉത്തരേന്ത്യയിൽനിന്നുള്ള സഞ്ചാരികളാണ് മാലദ്വീപിലേക്കു യാത്രചെയ്യുന്നത്.
വിദേശ വിനോദയാത്ര ആഗ്രഹിക്കുന്നവർക്ക് ആവശ്യമായതെല്ലാം മാലദ്വീപിനുണ്ട്. പ്രതിവർഷം 10 ലക്ഷം വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നു എന്നാണ് കണക്കുകൾ. ഹണിമൂണേഴ്സ് സ്വർഗ്ഗം എന്നും ഈ ദ്വീപ് അറിയപ്പെടുന്നു. മതം അതിന്റെ ഉഗ്രരൂപത്തിൽ നിൽക്കുമ്പോഴും വിനോദസഞ്ചാരികൾക്ക് വാതിൽ തുറന്നിട്ട് സ്വാഗതമരുളുകയാണ് ദ്വീപ്. ദ്വീപിലെ റിസോർട്ടുകൾ വിനോദസഞ്ചാരികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുന്നുമുണ്ട്.
പുതിയ തെരഞ്ഞെടുപ്പോടെ മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ പിരിമുറുക്കം പ്രത്യക്ഷപ്പെട്ടു തുടങ്ങിക്കഴിഞ്ഞു. ഇന്ത്യൻ സൈന്യത്തെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് പേരെടുത്തു പറയാതെതന്നെ പ്രസിഡന്റ് മുയിസു സൂചന നൽകിയിരിക്കുകയാണ്. മുയിസുവിന്റെ പാർട്ടിയും ചൈനയുമായി നല്ല ബന്ധമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാലിദ്വീപിൽ ചൈനയുടെ സ്വാധീനം ദൃശ്യമാകാൻ തുടങ്ങിയിരുന്നു. ചൈന ഇവിടെ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. മാത്രമല്ല ഇവിടെയുള്ള 10 ദ്വീപുകൾ പാട്ടത്തിനും എടുത്തിരിക്കുകയാണ്. അവിടെ കപ്പലുകൾ നിർത്തി വലിയ തോതിൽ സൈനിക പ്രവർത്തനങ്ങളും ചൈന നടത്തുന്നുണ്ട്.
മാത്രമല്ല ചൈനയുടെ ഭാഗത്ത് നിന്ന് മാലിദ്വീപുമായി സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചും ചർച്ചയുയർന്നിട്ടുണ്ട്. ചൈന അനുകൂല വികാരങ്ങൾക്ക് പേരുകേട്ട നിലവിലെ സർക്കാർ ഇത് അംഗീകരിക്കുകയാണെങ്കിൽ ഇന്ത്യയ്ക്ക് അതൊരു വലിയ തിരിച്ചടിയായിരിക്കും. ചൈന മാലിദ്വീപിൽ സമ്മർദ്ദം ചെലുത്തി ഇന്ത്യയുമായുള്ള ബന്ധം നശിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് നയതന്ത്ര വിദഗ്ദർ പറയുന്നത്. കടക്കെണിയിൽ കുടുങ്ങി ഇന്ത്യയുമായുള്ള ബന്ധം വഷളാകാൻ ആരംഭിച്ച സമയത്ത് ശ്രീലങ്കയിലും നേപ്പാളിലും കണ്ടതും ഇത്തരത്തിലൊരു സാഹചര്യമാണ്.