- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോറിസ് ജോൺസനെ തിരിച്ചു കൊണ്ടുവരാൻ പക്കക്കൊടി കാട്ടി ഋഷി സുനക്
ലണ്ടൻ: തിരിച്ചു വരണം എന്ന ആവശ്യം ടോറി ക്യാമ്പിൽ ശക്തമാകാൻ തുടങ്ങിയതോടെ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാൻ ബോറിസ് ജോൺസൺ തയ്യാറെടുപ്പുകൾ ആരംഭിച്ചതായി റിപ്പോർട്ട്. പ്രധാനമന്ത്രി ഋഷി സുനകും പച്ചക്കൊടി കാട്ടിയതോടെ, താൻ പാർട്ടിക്കായി എന്ത് പങ്കാണ് വഹിക്കേണ്ടത് എന്നകാര്യം അദ്ദേഹം പരിഗണിക്കുകയാണെന്ന് അറിയുന്നു. പ്രചരണത്തിന് ഇറങ്ങിയാൽ, ബോറിസ് ജോൺസന് തെരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിൽ എത്തിക്കാൻ കഴിയും എന്നാണ് ഭൂരിഭാഗം എം പിമാരും കരുതുന്നത്.
കഴിഞ്ഞ വർഷം പാർലമെന്റിൽ നിന്നിറങ്ങുമ്പോൾ തന്നെ ബോറിസ് ജോൺസൺ വളച്ചു കെട്ടില്ലാതെ തന്നെ മാധ്യമങ്ങളോട് ഒരു തിരിച്ചു വരവിനെ കുറിച്ചു പറഞ്ഞിരുന്നു. മറ്റ് ഉപമകളോ സൂചനകളോ ഒന്നും ഉപയോഗിക്കാതെ തന്നെ,"ഞാൻ തിരിച്ചു വരും" എന്ന് നേരിട്ട് തന്നെയായിരുന്നു അദ്ദേഹം പറഞ്ഞത്. തിരിച്ചു വരവിന് ശേഷം പാർട്ടിയിൽ എന്ത് പങ്കായിരിക്കും വഹിക്കുക എന്നതിനെ കുറിച്ച് ഒരു തീരുമാനവും ആയിട്ടില്ല. ഒരു സാധ്യതയും തള്ളിക്കളയുന്നില്ല എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചത്.
കൺസർവേറ്റീവ് പാർട്ടിക്ക് ഇപ്പോൾ ആവശ്യം ശക്തരായ കൺസർവേറ്റീവുകളെയാണെന്ന്, ബോറിസ് ജോൺസന്റെ തിരിച്ചു വരവ് സ്വാഗതം ചെയ്തുകൊണ്ട് സയൻസ് മിനിസ്റ്റർ ഗ്രിഫിത്ത് പറഞ്ഞു. സമർത്ഥനായ ഒരു കൺസർവേറ്റീവ് ആണ് പ്രധാനമന്ത്രി, പക്ഷെ രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ അതൊരു ടീം വർക്ക് ആണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ മാത്രമെ ലക്ഷ്യം നേടാൻ കഴിയൂ.
ലേബർ പാർട്ടിയുടെ കോട്ടകളിൽ പലയിടങ്ങളിലും ബോറിസ് ജോൺസന് ഏറെ ജനപ്രീതിയുണ്ട്. അതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പല ലേബർ കോട്ടകളും തകർക്കാൻ ടോറികളെ സഹായിച്ചത്. മാത്രമല്ല, ഇപ്പോഴും ജനമനസ്സുകളിൽ ഇടമുള്ള ഒരു നേതാവ് കൂടിയാണ് ബോറിസ് ജോൺസൺ. പാർട്ടി അണികൾക്കും ഏറെ പ്രിയങ്കരൻ. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ ഋഷി സുനകും സമ്മതം മൂളിയത്.
2022 ജൂലായിൽ, ചാൻസലർ പദവിയിൽ നിന്നും ഋഷി രാജിവെച്ചതോടെയായിരുന്നു ബോറിസ് ജോൺസന്റെ പതനം ആരംഭിക്കുന്നത്. തുടർന്ന് രാജികളുടെ കുത്തൊഴുക്കായതോടെയാണ് ബോറിസ് ജോൺസന് രാജിവയ്ക്കേണ്ടി വന്നത്. അന്ന് മുതല്ക്കായിരുന്നു ഋഷിയും ബോറിസും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്നിരുന്നാലും, താൻ ഇടക്കിടെ ബോറിസ് ജോൺസനുമായി ബന്ധപ്പെടാറുണ്ട് എന്ന് കഴിഞ്ഞയാഴ്ച്ച ഋഷി സുനക് പറഞ്ഞിരുന്നു.
നേരത്തേ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ രാഷ്ട്രീയ വനവാസത്തിൽ നിന്നും ഋഷി സുനക് മുൻനിരയിലേക്ക് കൊണ്ടുവന്നിരുന്നു. കാമറൂണിനും അദ്ദേഹത്തിന്റെതായ ഒരു അടിത്തറ ബ്രിട്ടീഷ് രാഷ്ട്രീയത്തിലുണ്ടെങ്കിലും, ബോറിസ് ആണ് തെരഞ്ഞെടുപ്പ് വിജയത്തിന് കൂടുതൽ സഹായകരമാവുക എന്നതാണ് പാർട്ടിയുടെ പൊതുവികാരം.