- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യയ്ക്കെതിരായി ആയുധമെടുക്കാൻ ജനങ്ങൾ ഒരുങ്ങിയിരിക്കണമെന്ന് ബ്രിട്ടനിലെ ആർമി ചീഫ്
ലണ്ടൻ: നിലവിലെ ബ്രിട്ടീഷ് സേന, റഷ്യയുമായി താരതമ്യം ചെയ്യുമ്പോൾ തീരെ ചെറുതായതിനാൽ സാധാരണക്കാരും ഒരു യുദ്ധത്തിൽ ആയുധമേന്താൻ തയ്യാറാകേണ്ടി വരും എന്ന ബ്രിട്ടീഷ് സൈനിക മേധാവിയുടെ മുന്നറിയിപ്പ് വൻ വിവാദമായിരിക്കുകയാണ്. ബുധനാഴ്ച്ച ജനറൽ സർ പാട്രിക് സൻഡേഴ്സ് നടത്തിയ അഭിപ്രായ പ്രകടനത്തോട് യോജിക്കുന്നില്ല എന്ന് പ്രധനമന്ത്രി ഋഷി സുനകിന്റെ വക്താവ് അറിയിച്ചു. മാത്രമല്ല, 1960-ൽ നിർത്തലാക്കിയ നിർബന്ധിത സൈനിക സേവനം ഇനി തിരിച്ചു വരില്ലെന്നും വക്താവ് അസന്നിഗ്ധമായി അറിയിച്ചു.
ഭാവിയിൽ ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്ന യുദ്ധങ്ങളുടെ സാങ്കൽപിക പശ്ചാത്തലത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് പ്രായോഗികമല്ല എന്നും വക്താവ് പറഞ്ഞു. ഇത് കൺസർവേറ്റീവുകൾക്കും സൈന്യത്തിനും ഇടയിൽ മറ്റൊരു തർക്കത്തിന് വഴി തെളിച്ചിരിക്കുകയാണ്. സൈനിക ബജറ്റിൽ കുറവുകൾ വരുത്തി, കഴിഞ്ഞ 300 വർഷക്കാലത്തിനിടയിലെ ഏറ്റവും ചെറിയ സൈന്യമായി മാറിയിരിക്കുകയാണ് ബ്രിട്ടീഷ് സൈന്യം എന്ന ആരോപണവും ഉയരുന്നുണ്ട്.
വരുന്ന വേനലിൽ ജോലിയിൽ നിന്നും വിരമിക്കാനിരിക്കുന്ന സൈനിക തലവന്റെ അഭിപ്രായത്തോടെ പ്രതിരോധ മന്ത്രാലയവും അകൽച്ച പാലിക്കുകയാണ്. ഒരു സൈനിക യോഗത്തിലായിരുന്നു ജനറൽ ഇക്കാര്യം പറഞ്ഞത്. ബ്രിട്ടീഷ് ജനതയെ യുദ്ധപൂർവ്വ തലമുറ എന്ന് വിശേഷിപ്പിച്ച ജനറൽ അവർ റഷ്യയെ പ്രതിരോധിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടി വരും എന്നായിരുന്നു പറഞ്ഞത്.
നേരത്തെ നിർത്തലാക്കിയിരുന്ന നിർബന്ധിത സൈനിക സേവനം തിരികെ കൊണ്ടുവന്ന സ്വീഡന്റെ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു ജനറൽ ഇക്കാര്യം പറഞ്ഞത്. നാറ്റോയിൽ ചേരുന്നതിനുള്ള ഒരുക്കത്തിലാണ് സ്വീഡൻ. ബ്രിട്ടൻ ഈ ഉദാഹരണം പിന്തുടരണമെന്നും സൈനിക മേധാവി ലണ്ടനിൽ നടന്ന യോഗത്തിൽ ആവശ്യപ്പെട്ടു. അത് വെറും ആവശ്യമല്ല, അത്യാവശ്യമാണെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
നിർബന്ധിത സൈനിക സേവനം എന്ന പ്രക്രിയ, റഷ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ മാത്രമായി ഒതുക്കിയാൽ പോര. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കണം. യുദ്ധപൂർവ്വ തലമുറ എന്ന വിശേഷണം അർഹിക്കുന്ന ഒരു ജനതക്ക് യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ ഏറെ ആവശ്യമായി വരും. പ്രതിരോധ ബജറ്റിൽ കുറവുകൾ വരുത്തുന്നതിനെ സാൻഡേഴ്സ് നേരത്തേയും സ്വകാര്യമായും പരസ്യമായും വിമർശിച്ചിട്ടുണ്ട്.
രാഷ്ട്രീയ നേതാക്കൾ സൈന്യത്തിനെ ശ്വാസം മുട്ടിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോൾ യുക്രെയിന് നിരവധി ആയുധങ്ങൾ നൽകിയത് ബ്രിട്ടീഷ് സൈന്യത്തെ താത്ക്കാലികമായെങ്കിലും ദുർബലമാക്കിയിട്ടുണ്ടെന്നും പറഞ്ഞു. ഇത്തരത്തിലുള്ള പരസ്യ പ്രസ്താവനകൾ പലപ്പൊഴും അദ്ദേഹവും പ്രതിരോധ മന്ത്രാലയവുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിട്ടുമുണ്ട്. അതുപോലെ ചീഫ് ഓഫ് ആർമി സ്റ്റാഫ് അഡ്മിറൽ സർ ടോണി റാഡകിനുമായും ജനറൽ അഭിപ്രായവ്യത്യാസത്തിലാണെന്ന ചില റിപ്പോർട്ടുകൾ വന്നിരുന്നു.