ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ പ്രസ്താവനക്കെതിരായ പ്രതിഷേധം ഇന്ത്യയിൽ ആളിക്കത്തിയതോടെ മാലദ്വീപ് കടുത്ത പ്രതിസന്ധിയിൽ. ഇന്ത്യയെ പിണക്കി മുന്നോട്ടു പോകുക എളുപ്പമുള്ള കാര്യമല്ലെന്ന് മാലദ്വീപ് തിരിച്ചറിഞ്ഞിട്ടുണ്ട്. സർക്കാറിനെതിരെ ജനരോഷവും ഈ വിഷയത്തിന്റെ പേരിൽ ഉയർന്നു തുടങ്ങി. ടൂറിസം രംഗത്ത് ഇന്ത്യക്കാരുടെ സാന്നിധ്യം മാലദ്വീപിന് അവഗണിക്കാൻ സാധിക്കാത്തതാണ്. ഇന്ത്യൻ സെലബ്രിറ്റികളുടെ ഇഷ്ടകേന്ദ്രം എന്ന നിലിയാണ് മാലി അറിയപ്പെടുന്നത് തന്നെ. ഇതേ സെലബ്രിറ്റികൾ തന്നെയാണ് സർക്കാറിനെതിരെ മാലദ്വീപിനെതിരെ തിരഞ്ഞിരിക്കുന്നത്.

കോവിഡിന് ശേഷം ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ സന്ദർശകർ മാലദ്വീപിലെത്തുന്നത്. എല്ലാവർഷവും രണ്ട് ലക്ഷത്തിലേറെ ഇന്ത്യക്കാർ രാജ്യം സന്ദർശിക്കുന്നതായി ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ദ്വീപിന്റെ ടൂറിസ്റ്റ് വരുമാനത്തിൽ നിർണായക സംഭാവനയാണ് ഇന്ത്യൻ സന്ദർശകർ നൽകുന്നത്.

2023-ൽ 2.09 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് മാലദ്വീപിലെത്തിയത്. 2022-ൽ ഇത് 2.40 ലക്ഷത്തിലേറെയായിരുന്നു. 2021ൽ 2.11 ലക്ഷത്തിലധികം ഇന്ത്യക്കാർ വിനോദസഞ്ചാരികളായെത്തി. കോവിഡ് കാലത്ത് അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സ്വീകരിച്ച ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് മാലദ്വീപ്. ആ കാലയളവിൽ ഏകദേശം 63,000 ഇന്ത്യക്കാർ രാജ്യം സന്ദർശിച്ചു.

കോവിഡിന് മുമ്പുള്ള 2018ൽ 90,474 സന്ദർശകരാണ് ഇന്ത്യയിൽനിന്ന് മാലദ്വീപിലെത്തിയത്. അന്ന് വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ അഞ്ചാം സസ്ഥാനത്തായിരുന്നു ഇന്ത്യ. 2019ൽ ഏകദേശം ഇരട്ടി -1,66,030- പേരുമായി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഇപ്പോഴത്തെ അവസ്ഥയിൽ ഇന്ത്യയുമായുള്ള ഈ ബന്ധത്തിന് പുതിയ സാഹചര്യം വിഘാതം സൃഷ്ടിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

മാലദ്വീപ് മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ ചില ഇന്ത്യക്കാർ മാലദ്വീപിലേക്കുള്ള തങ്ങളുടെ യാത്ര റദ്ദാക്കുന്നുവെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. മാലദ്വീപ് ബഹിഷ്‌കരണം എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു.

ഇതിനിടെ ഇന്ത്യൻ പ്രധാനമന്ത്രിയെയും ജനങ്ങളെയും അധിക്ഷേപിച്ചുകൊണ്ടുള്ള മന്ത്രിമാരുടെ പരാമർശത്തിനെതിരെ മാലദ്വീപിലെ ബിസിനസ് സമൂഹം കടുത്ത അമർഷത്തിലാണ്. ടൂറിസം രംഗത്തെ പ്രമുഖനായ യൂസഫ് റിഫാത്ത് മാലദ്വീപ് സർക്കാരിനെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നു. മാലദ്വീപിലെ ടൂറിസം രംഗം ഇത്തരത്തിൽ വികസിക്കാൻ കാരണം ഇന്ത്യൻ സഞ്ചാരികളും സെലബ്രിറ്റികളുമാണെന്നും അക്കാര്യം വിസ്തമരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മാലദ്വീപിലെ ടൂറിസം മേഖല ഇത്തരത്തിൽ വികസിക്കുന്നതിൽ ഇന്ത്യൻ സഞ്ചാരികൾ വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്ത്യൻ സെലബ്രിറ്റികളാണ് മാലദ്വീപ് ടൂറിസത്തിന് ശരിക്കും പ്രൊമോഷൻ നൽകിയത്. ഇത്തരത്തിലുള്ള നമ്മുടെ സുഹൃത്ത് രാഷ്ട്രത്തിലെ നേതാക്കൾക്കെതിരായ അധിക്ഷേപം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. യൂസഫ് റിഫാത്ത് പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ ഇന്ത്യ നിലപാട് കടുപ്പിക്കുകയാണ്. മാലദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു. പരസ്യപ്രസ്താവനകൾ തൽക്കാലം ഉണ്ടാകില്ലെങ്കിലും മാലദ്വീപിന്റെ തുടർനടപടികൾ പരിശോധിച്ച ശേഷം നടപടികൾ സ്വീകരിക്കാനാണ് വിദേശകാര്യ മന്ത്രാലത്തിന്റെ തീരുമാനം.

അതിനിടെ മാലദ്വീപിലേക്ക് ബുക്ക് ചെയ്ത യാത്രകൾ റദ്ദാക്കിയ ട്രാവൽ ഏജൻസിയായ ഈസി ട്രിപ്പ് പ്ലാനേഴ്‌സിന്റെ ഓഹരികൾക്ക് വൻ കുതിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനു പിന്നാലെയാണ് മാലദ്വീപിലേക്കുള്ള യാത്രകൾ റദ്ദു ചെയ്തതായി ഈസി ട്രിപ്പ് പ്ലാനേഴ്‌സ് പ്രമോട്ടർ നിശാന്ത് പിറ്റി അറിയിച്ചത്. ഇതോടെ വിപണിയിൽ ഏജൻസിയുടെ ഓഹരികളുടെ മൂല്യം ആറു ശതമാനം വരെ ഉയർന്നു.

തിങ്കളാഴ്ച ഈസി ട്രിപ്പ് പ്ലാനേഴ്‌സ് ഓഹരികൾ 5.96 ശതമാനം ഉയർന്ന് സെൻസെക്‌സിൽ 43.90 രൂപയിലെത്തി. ഈസി ട്രിപ്പ് പ്ലാനേഴ്‌സ് ജനുവരി 5ന് 'ഈസി ട്രിപ്പ് ഇൻഷുറൻസ് ബ്രോക്കർ പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ ഒരു ഉപകമ്പനി പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ പ്രമോട്ടർ നിശാന്ത് പിറ്റി ആണ് ഉപകമ്പനിയുടെ ഡയറക്ടർ.

സെപ്റ്റംബർ 30 വരെ ഈസി ട്രിപ്പ് പ്ലാനേഴ്‌സിൽ നിശാന്തിന് 28.67 ശതമാനം ഓഹരിയുണ്ടായിരുന്നു, ഈസി ട്രിപ്പ് പ്ലാനേഴ്സിന്റെ ഓഹരികൾ ഒരു വർഷത്തിനിടെ 18.46 ശതമാനം ഇടിയുകയും കഴിഞ്ഞ ആറ് മാസത്തിനിടെ മാറ്റമില്ലാതെ തുടരുകയുമായിരുന്നു. അതിനിടെയാണ് മാലദ്വീപ് വിവാദം കമ്പനിക്ക് നേട്ടമാകുന്നത്. ലക്ഷദ്വീപ് യാത്രയ്ക്ക് വൻ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ലക്ഷ്വദ്വീപിലേക്കുള്ള ടൂർ പാക്കേജിനും പ്രിയം ഏറിയിട്ടുണ്ട്.

അതേസമയം വിവാദങ്ങൾക്കിടെ മാലിദ്വീപിലും ഇന്ന് നിർണായക കൂടിക്കാഴ്‌ച്ച നടന്നു. ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാർ മാലിദ്വീപ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി മുനു മഹാവർ, മാലിദ്വീപിലെ മോഫയിലെത്തി അംബാസഡർ അലി നസീർ മുഹമ്മദുമായാണ് കൂടിക്കാഴ്ച നടത്തിയത്. മാലിദ്വീപ് പ്രതിനിധി ഇബ്രാഹിം ഷഹീബിനെ വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കിലേക്ക് വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലിദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിലാണ് തിരക്കിട്ട ചർച്ചകൾ.

ഇന്ത്യക്കടുത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന രാജ്യമാണ് മാലദ്വീപ്. ആയിരത്തിയിരുന്നൂറോളം ചെറുദ്വീപുകൾ ചേർന്ന രാജ്യം. അതിൽ മിക്കതിലും ആൾപ്പാർപ്പില്ല. ആകെ ജനസംഖ്യ 5.21 ലക്ഷം മാത്രമാണ്. അടുത്തുകിടക്കുന്നു എന്നതും സാംസ്‌കാരികമായ ബന്ധവും കാരണം ഇന്ത്യയുമായി ആഴമേറിയ അടുപ്പം മാലദ്വീപിനുണ്ട്. സമുദ്രോത്പന്ന കയറ്റുമതിയും വിനോദസഞ്ചാരവുമാണ് മാലദ്വീപ് സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലുകൾ. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 40 ശതമാനം നൽകുന്നത് ഈ മേഖലകളാണ്.

ഇന്ത്യയുമായി ദീർഘകാലത്തെ മികച്ച ബന്ധമായിരുന്നു മാലദ്വീപിനുണ്ടായിരുന്നത്. 1988ൽ മാലദ്വീപ് സർക്കാരിനെ അട്ടിറിക്കാൻ ശ്രമംനടന്നപ്പോൾ 'ഓപ്പറേഷൻ കാക്ടസി'ലൂടെ ഇന്ത്യ അത് അടിച്ചമർത്തി. 2004-ലെ സുനാമി, 2014-ലെ ശുദ്ധജലവിതരണപ്രസതിന്ധി, 2020-ലെ കോവിഡ്; ഈ സമയത്തെല്ലാം ഇന്ത്യയുടെ ആശ്വാസകരങ്ങൾ മാലദ്വീപിനെ തേടിച്ചെന്നു. സൈനികമേഖലയിലും അടിസ്ഥാനസൗകര്യവികസനത്തിലും ഇന്ത്യ നിക്ഷേപമിറക്കി.

എന്നാൽ ഇന്ത്യയുയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ മാലദ്വീപ് നിർണായകമാണെന്ന് ചൈന തിരിച്ചറിഞ്ഞതോടെ സ്ഥിതിഗതികൾ മാറുകയായിരുന്നു. മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായതോടെ സ്ഥിതിഗതികൾ സങ്കീർണായി. ഇന്ത്യാവിരുദ്ധ പ്രചാരണത്തിലൂടെയാണ് മുയിസു മാലദ്വീപിന്റെ അധികാരത്തിലേക്ക് നടന്നടുത്തത്. പ്രസിഡന്റായശേഷവും മുയിസു ഇന്ത്യാവിരുദ്ധത തുടരുകയും ചൈനയുമായി അടുക്കുകയും ചെയ്തു. അതിന്റെ തുടർച്ചയായിട്ടാണ് മാലദ്വീപ് മന്ത്രിമാർ ഇന്ത്യൻ പ്രധാനമന്ത്രിക്ക് നേരെ നടത്തിയ പരസ്യമായ അധിക്ഷേപം പുറത്തുവന്നത്. പരാമർശങ്ങൾ വിവാദമായതോടെ രാജ്യത്ത് മാലിദ്വീപ് ബഹിഷ്‌കരണ കാമ്പെയിൻ ശക്തിപ്രാപിക്കുകയാണ്. ഇത് ദ്വീപ് രാജ്യത്തിന് വൻ തിരിച്ചടിയാകുമെന്ന കാര്യം ഉറപ്പാണ്.