ബീജിങ്: കോവിഡ് ഒരു നാണക്കേടായി മാറിയതോടെ ചൈനയിലെ ഇരുമ്പ് മറക്ക് വീണ്ടും കനം വയ്ക്കുകയാണ്. ഇനി മുതൽ കോവിഡ് രോഗികളുടെ കണക്കും മരണങ്ങളുടെ കണക്കും ചൈന പുറത്തുവിടില്ല. കോവിഡ് വ്യാപനം ശക്തമാവുകയും ശ്മശാനങ്ങളിലും ആശുപത്രികളിലും തിരക്ക് കണക്കില്ലാതെ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നാഷണൽ ഹെൽത്ത് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.

സീറോ കോവിഡ് നയം പൂർണ്ണമായും വേണ്ടെന്നു വച്ചതോടെ ചൈനയിലെ ശ്മശാനങ്ങൾ മൃതദേഹങ്ങളെ കൊണ്ട് നിറയുകയാണ്. അപ്പോഴും അധികൃതർ പറയുന്നത് ലോക്ക്ഡൗൺ നിർത്തലാക്കിയതിനു ശേഷം വെറും ഏഴ് മരണങ്ങൾ മാത്രമെ ഉണ്ടായിട്ടുള്ളു എന്നാണ്. നിർബന്ധിത കോവിഡ് പരിശോധന നിർത്തലാക്കിയതോടെ നിയന്ത്രണാധീതമാവുകയാണ്രോഗവ്യാപനം. അതിനിടയിൽ, കോവിഡ് മരണങ്ങളുടെ എണ്ണം കുറച്ചു കാണിക്കാനായി ചൈന കോവിഡ് മരണത്തിന്റെ നിർവ്വചനത്തിലും മാറ്റം വരുത്തിയിരിക്കുന്നതായി ചില റിപ്പോർട്ടുകൾ പറയുന്നു.

തങ്ങളുടെ കുടുംബത്തിനുള്ളിലും ചുറ്റുവട്ടത്തും നടക്കുന്ന യാഥാർത്ഥ്യവുമായി ഔദ്യോഗിക കണക്കുകൾ പൊരുത്തപ്പെടുന്നില്ല എന്ന് മനസ്സിലാക്കുന്ന പൊതുജനങ്ങൾ സർക്കാർ കണക്കുകളെ പുച്ഛിച്ചു തള്ളാൻ തുടങ്ങിയതോടെയാണ് ഔദ്യോഗികവിവരങ്ങൾ പുറത്തു വിടണ്ട എന്ന തീരുമാനമെടുത്തത്. അവസാനം, ജനങ്ങളെ എല്ലാക്കാലത്തും വിഢികളാക്കാൻ സാധിക്കുകയില്ലെന്ന് ഭരണകൂടം തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് ഇതിനെ പറ്റി ഒരാൾ ചൈനീസ് സമൂഹ മാധ്യമമയാ വീബോയിൽ കുറിച്ചത്.

സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ ശ്മശാനങ്ങളിൽ കുന്നുകൂടുന്ന ശവശരീരങ്ങളെ കുറിച്ച് മൗനം പാലിക്കുകയാണെങ്കിലും രോഗികളുടെ കുത്തൊഴുക്ക് തുടരുന്നതിനാൽ രാജ്യത്തെ ആശുപത്രികൾ കടുത്ത സമ്മർദ്ദത്തിലാണെന്ന് പറയുന്നുണ്ട്. അതുപോലെ പനിക്കുള്ള മരുന്നുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നു എന്നും അവർ പറയുന്നു. ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം കുറയ്ക്കുവാനായി ചില ഹോസ്പിറ്റലുകൾ, ജിംനേഷ്യങ്ങളിലും മറ്റും താത്ക്കാലിക ആശുപത്രികളും നടത്തുന്നുണ്ട്.

അതിനിടയിൽ ന്യുമോണിയ അല്ലെങ്കിൽ ശ്വാസതടസ്സം മൂലമുണ്ടാകുന്ന മരണങ്ങളെ മാത്രമെ കോവിഡ് മരണങ്ങളായി കണക്കാക്കുകയുള്ളു എന്ന് ചൈനീസ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. അടുത്ത വർഷം ചൈനയിൽ ഇരുപത് ലക്ഷത്തോളം പേർ കോവിഡ് മൂലം മരണമടയും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതുപോലെ, കോവിഡ് മരണങ്ങളുടെ എണ്ണം കണക്കാക്കുന്നതിനുള്ള പിതിയ മാനദണ്ഡങ്ങൾ പല കോവിഡ് മരണങ്ങളേയും പട്ടികയിൽ നിന്നൊഴിവാക്കാൻ ഇടയാകുമെന്ന് ലോകാരോഗ്യ സംഘടന ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.