- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തയ്വാനിലെ 'പ്രകോപനപരമായ' നീക്കം സമാധാനത്തെ അപകടത്തിലാക്കിയെന്ന് ജോ ബൈഡൻ; അമേരിക്ക നിയന്ത്രണ രേഖ ലംഘിക്കരുതെന്ന് ഷി ജിൻപിങ്; ബാലിയിൽ ജി20 ഉച്ചകോടിയിൽ നിലപാട് അറിയിച്ച് ലോകനേതാക്കൾ; ആണവയുദ്ധം ഒരിക്കലും സംഭവിക്കരുതെന്ന് ആദ്യകൂടിക്കാഴ്ചയിൽ ധാരണ; റഷ്യ - യുക്രെയിൻ വിഷയവും ചർച്ചയിൽ
ബാലി: തയ്വാൻ വിഷയം ചർച്ചയാക്കി ജോ ബൈഡൻ ഷി ചിൻപിങ് കൂടിക്കാഴ്ച. മേഖലയിൽ ചൈന നടത്തിയ 'പ്രകോപനപരമായ' നീക്കം സമാധാനത്തെ അപകടത്തിലാക്കിയെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. ഇന്തൊനീഷ്യയിലെ ബാലിയിൽ ജി20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ വച്ചാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി അമേരിക്കൻ പ്രസിഡന്റ് ആയി ചുമതലയേറ്റ ശേഷമുള്ള ആദ്യ കൂടിക്കാഴ്ച ബൈഡൻ നടത്തിയത്.
തയ്വാനു നേർക്കുള്ള ചൈനയുടെ വർധിച്ചുവരുന്ന പ്രകോപനത്തിലുള്ള എതിർപ്പ് അറിയിച്ച ബൈഡൻ സിൻജിയാങ്, ടിബറ്റ്, ഹോങ്കോങ് എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയും ഉയർത്തിയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
'ഏക ചൈന നയം' എന്നതിനെ യുഎസ് പിന്തുണയ്ക്കുന്നുവെന്നു യോഗശേഷം മാധ്യമങ്ങളെ കണ്ട ബൈഡൻ പ്രതികരിച്ചു. ''തയ്വാൻ ആക്രമിക്കാൻ ചൈന ഉടൻ ശ്രമിക്കില്ലെന്നാണ് വിശ്വസിക്കുന്നത്. ചൈനയുമായി പുതിയ ശീതയുദ്ധത്തിന്റെ ആവശ്യമില്ലെന്നു കരുതുന്നു'' ബൈഡൻ കൂട്ടിച്ചേർത്തു.
അതേ സമയം തായ്വാൻ വിഷയത്തിൽ അമേരിക്കയുടെ നിലപാടുകളെ ചൂണ്ടിക്കാട്ടി, നിയന്ത്രണ രേഖ ലംഘിക്കരുതെന്നായിരുന്നു ചൈനീസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ലോകം രണ്ട് രാജ്യങ്ങൾക്ക് തമ്മിൽ മത്സരിക്കാനും അതിനോടൊപ്പം തന്നെ അഭിവൃദ്ധി പ്രാപിക്കാനും തക്കവണ്ണം വിസ്തൃതമാണെന്നും അമേരിക്കയും ചൈനയും തമ്മിലുള്ള കിടമത്സരത്തെക്കുറിച്ച് ഷി ജിൻപിങ് പരോക്ഷമായി പരമാർശിച്ചു.
നിലവിലെ ആഗോള സാഹചര്യത്തിൽ ചൈനയും അമേരിക്കയും സമാന താത്പര്യങ്ങളാണ് പങ്കുവെയ്ക്കുന്നതെന്നും ഇപ്പോഴുള്ള ലോകക്രമം മാറ്റുന്നതിന് ചൈന ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കയും ഇതേ നിലപാട് തന്നെ സ്വീകരിച്ച് പരസ്പരം ബഹുമാനം നിലനിർത്തണമെന്നും ഷി ജിൻപിങ് അറിയിച്ചതായി ബെയ്ജിങ് വിദേശ മന്ത്രാലയം അറിയിച്ചു.
മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ തായ്വാൻ വിഷയവും ചൈനീസ് പ്രസിഡന്റ് ജോ ബൈഡന് മുന്നാകെ ഉന്നയിച്ചു. അമേരിക്കയും ചൈനയും തമ്മിലുള്ള പരസ്പര ബന്ധത്തിന് അടിസ്ഥാന ഫലകമാകുന്നത് തായ്വാൻ വിഷയമാണെന്നും അതിനാൽ അമേരിക്ക ഇക്കാര്യത്തിൽ നിയന്ത്രണ സീമ ലംഘിക്കരുതെന്നും ഷി ജിൻപിങ് അറിയിച്ചു.
തായ്വാൻ വിഷയം പരിഹരിക്കുന്നത് തങ്ങളുടെ ആഭ്യന്തര പ്രശ്‌നമാണെന്നും രാഷ്ട്ര തലവന്മാർ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പരമാർശമുണ്ടായി. അമേരിക്കൻ പ്രസിഡന്റായതിന് ശേഷം ജോ ബൈഡൻ ഷി ജിൻപിംഗുമായി ആദ്യമായി നടത്തിയ കൂടിക്കാഴ്ചയിൽ റഷ്യ യുക്രെയിൻ വിഷയവും ചർച്ച ചെയ്യപ്പെട്ടതായാണ് വിവരം.
ആണവയുദ്ധം ഒരിക്കലും സംഭവിക്കരുതെന്ന് ഇരു നേതാക്കളും ധാരണയിലെത്തി. യുക്രെയ്‌നിൽ അണ്വായുധ പ്രയോഗമെന്ന ഭീഷണിയെ ഇരുവരും താഴ്‌ത്തിക്കെട്ടുകയും ചെയ്തു. അതേ സമയം ജി20 ഉച്ചകോടിക്കായി ഇന്തോനേഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിമാനത്താവളത്തിൽ ഉജ്വല സ്വീകരണമാണ് ലഭിച്ചത്.
ഇന്തോനേഷ്യൻ ഭരണാധികാരികളുടെ നേതൃത്വത്തിൽ പരമ്പരാഗത നൃത്തരൂപങ്ങൾ അണിനിരത്തിക്കൊണ്ടാണ് വിമാനത്താവളത്തിൽ നരേന്ദ്ര മോദിയെ സ്വീകരിച്ചത്. പ്രവാസി ഭാരതീയരും എംബസി ഉദ്യോഗസ്ഥർക്കൊപ്പം പ്രധാനമന്ത്രിയെ സ്വീകരിച്ചു.
വിമാനത്താവളത്തിന് പുറത്തിറങ്ങിയ പ്രധാനമന്ത്രിയെ ഭാരത് മാതാ കീ ജയ് വിളിച്ചുകൊണ്ടാണ് രാത്രി 10.45നും ജനങ്ങൾ കാത്തുനിന്നത്. നരേന്ദ്ര മോദിയോട് നിരവധി പേരാണ് ഇന്ത്യയുടെ മുന്നേറ്റത്തെക്കുറിച്ച് നേരിട്ട് ആശംസകൾ അറിയിച്ചത്. എല്ലാവർക്കും നന്ദി പറഞ്ഞശേഷമാണ് നരേന്ദ്ര മോദി വിമാനത്താവളത്തിൽ നിന്നും സമ്മേളന സ്ഥലത്തേയ്ക്ക് യാത്ര തിരിച്ചത്.
ബാലിയിൽ നടക്കുന്ന 17-ാമത് ജി20 ഉച്ചകോടിയിൽ ലോകനേതാക്കൾക്കൊപ്പം നാളെ മുതൽ നരേന്ദ്ര മോദിയും വിവിധ വിഷയങ്ങളിൽ ഇന്ത്യയുടെ നയം അവതരിപ്പിക്കും.
ന്യൂസ് ഡെസ്ക്