വാഷിങ്ടൻ: ഇന്ത്യ-ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടായ അതിർത്തി മേഖലയിൽ തൽക്കാലം കാര്യങ്ങൾ ശാന്തമാണെങ്കിലും കടന്നുകറിയ പ്രദേശങ്ങളിൽ നിന്നും ചൈനീസ് സേന പിന്മാറിയിട്ടില്ലെന്ന് യുഎസ് റിപ്പോർട്ട്. ഇന്ത്യയുമായി സംഘർഷമുണ്ടായ 2022ൽ ചൈന അതിർത്തിയിൽ വൻതോതിൽ സൈന്യത്തെ വിന്യസിക്കുകയും ദോക്‌ലായിൽ ചൈനീസ് സൈന്യം ഇപ്പോഴും തുടരുന്നത്. ഇക്കാര്യം പെന്റഗണാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ വലിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി ചൈന ചില കോപ്പുകൂട്ടലുകൾ നടത്തുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ വേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തുവെന്ന് പെന്റഗൺ റിപ്പോർട്ട്. ഭൂഗർഭ സംഭരണ സൗകര്യങ്ങൾ, പാംഗോങ് തടാകത്തിനു കുറുകെ രണ്ടാമത്തെ പാലം, വിവിധോദ്ദേശ്യ വിമാനത്താവളം, ഒന്നിലേറെ ഹെലിപ്പാഡുകൾ, റോഡുകൾ എന്നിവ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) നിർമ്മിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ചൈനയുടെ സൈനിക, സുരക്ഷാ മാറ്റങ്ങൾ 2023 എന്ന ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ചൈനീസ് കടന്നു കയറ്റം തുരുന്നുവെന്ന റിപ്പോർട്ടുള്ളത്. അടുത്തിടെ ലഡാക്ക് സന്ദർശിച്ച രാഹുൽ ഗാന്ധി അടക്കം ഇന്ത്യൻ മണ്ണ് ചൈന കൈവശപ്പെടുത്തിയെന്ന് ആരോപിച്ചിരുന്നു.

നിരവധി നയതന്ത്ര, സൈനിക ചർച്ചകൾക്കു ശേഷവും കിഴക്കൻ ലഡാക്കിലെ നിരവധി മേഖലകളിൽ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള സംഘർഷം തുടരുകയാണെന്നാണ് പെന്റഗൺ റിപ്പോർട്ടിൽ പറയുന്നത്. വിവിധ സൈനിക ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലനം സിദ്ധിച്ച 4 കംബൈൻഡ് ആംസ് ബ്രിഗേഡുകൾ (സിഎബി) നിയന്ത്രണരേഖയിലെ പടിഞ്ഞാറൻ സെക്ടറിൽ 2022ൽ വിന്യസിച്ചു. പുറമേ കിഴക്കൻ സെക്ടറിൽ മൂന്നും മധ്യ സെക്ടറിൽ മൂന്നും യൂണിറ്റ് സിഎബിയെ നിയോഗിച്ചു. ഇതിൽ ചിലതു പിൻവലിച്ചെങ്കിലും ഭൂരിഭാഗവും നിയന്ത്രണ രേഖയിൽ തുടരുകയാണ്. ഗൽവാൻ താഴ്‌വരയിൽ 2020 ജൂൺ 15ന് നടന്നത് 45 വർഷത്തിനിടെയുള്ള ഭീകരമായ ഏറ്റുമുട്ടലായിരുന്നു. ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തെ ഇതു മോശമായി ബാധിച്ചു.

ചൈന അന്നു വിന്യസിച്ച സേന ഇപ്പോഴും തുടരുകയാണ് റിപ്പോർട്ട് പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചയെ തുടർന്നു നാമമാത്രമായ പുരോഗതി മാത്രമാണ് ഉണ്ടായത്. അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതു വരെ ചൈനയുമായുള്ള ബന്ധം പഴയതുപോലെ ആവില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ചൈനയ്ക്ക് 500 പ്രവർത്തനക്ഷമമായ ആണവായുധങ്ങളുണ്ടെന്നും 2030 ആകുമ്പോൾ അത് ഇരട്ടിയാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2020 മേയിൽ ആണ് അതിർത്തിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പാംഗോങ് ട്‌സോ, ഗൽവാൻ (ലഡാക്ക്) എന്നിവിടങ്ങളിൽ ഇരു സൈന്യവും തമ്മിൽ അടിപിടിയും കല്ലേറുമുണ്ടായി. ജൂണിൽ ഗൽവാനിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. അരുണാചൽ അതിർത്തിക്കു സമീപം ചൈന 3 ഗ്രാമങ്ങൾ നിർമ്മിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അതിർത്തി മേഖലകളിൽ പൗരന്മാരെ താമസിപ്പിച്ച് സ്വാധീനം കൂട്ടുന്നതിനുള്ള ശ്രമങ്ങളാണ് ചൈന നടത്തിവരുന്നത്.

അടുത്തിടെ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ യഥാർഥ നിയന്ത്രണരേഖ (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ എൽഎസി)യിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായിരുന്നു. 2 ദിവസം നീണ്ട സൈനിക ചർച്ചകളുടെ ഒടുവിലാണു തീരുമാനത്തിലേക്ക് എത്തിയത്. തൽക്കാലം അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കും. പ്രശ്‌നപരിഹാരത്തിനു സൈനികതലത്തിലും സർക്കാർ തലത്തിലുമുള്ള ചർച്ചകൾ തുടരാനും തീരുമാനമെടുത്തതായി സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. 3 വർഷമായി ഇരു രാജ്യങ്ങളും തമ്മിൽ ഈ മേഖലയിൽ അസ്വാരസ്യമുണ്ട്.

അതേസമയം അതിർത്തിയിൽ ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് മറുപടിയെന്നോണം ഇന്ത്യയും അതിർത്തയിൽ നിർമ്മാണങ്ങൾ നടത്തുന്നുണ്ട്. ചെന അതിർത്തിയിൽ മൂന്നു വർഷമായി ഇന്ത്യ വൻതോതിൽ നിർമ്മാണ പ്രവൃത്തികൾ തുടരുന്നുണ്ടെന്ന് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ(ബി.ആർ.ഒ) മേധാവി ലഫ്. ജനറൽ രാജീവ് ചൗധരിയും വ്യക്തമാക്കയിരുന്നു ബി.ആർ.ഒ ബജറ്റ് രണ്ടുവർഷത്തിനിടെ കേന്ദ്ര സർക്കാർ നൂറുശതമാനം വർധിപ്പിച്ചിട്ടുണ്ട്. കുറച്ചു വർഷത്തിനിടെ 8,000 കോടിയുടെ 300 പദ്ധതികൾ പൂർത്തിയാക്കിയെന്ന് അദ്ദേഹം പറഞ്ഞു.