ഡബ്ലിൻ: മൂന്ന് കുട്ടികൾക്കും ഒരു സ്ത്രീക്കും കുത്തേറ്റതിനെ തുടർന്ന് ഡബ്ലിനിൽ ഉണ്ടായ കലാപം ഒരു ടെലെഗ്രാം വോയ്സ്നോട്ട് മൂലമാണെന്ന് റിപ്പോർട്ട്. ആയുധധാരികളായി എത്തി വിദേശികളെ കൊന്നുതള്ളാൻ ആഹ്വാനം ചെയ്യുന്ന വോയ്സ് നോട്ട് പുറത്തുവന്നു. വ്യാഴാഴ്‌ച്ച വൈകിട്ട് 5.22 നാണ് ഈ നോട്ട് ഒരു തീവ്ര വലതുപക്ഷ ഗ്രൂപ്പിലേക്ക് അയച്ചിരിക്കുന്നത്. ഐറിഷ് തലസ്ഥാനത്ത് അക്രമി കുട്ടികെളെ കത്തിയുമായി ആക്രമിച്ചതിന് ശേഷമായിരുന്നു ഇത്.

ഡുബ്ലിനെ അക്ഷരാർത്ഥത്തിൽ നടുക്കിയ കലാപത്തിൽ ഏതാണ്ട് 500 ഓളം അക്രമികളായിരുന്നു അഴിഞ്ഞടിയത്. കടകൾ കൊള്ളയടിക്കുകയും, നൂറുകണക്കിന് റയട്ട് പൊലീസുമായി സംഘട്ടനഥ്റ്റിൽ ഏർപ്പെടുകയും കാറുകൾ കത്തിക്കുകയും ചെയ്തു. ലജ്ജാവഹമായ രാത്രി എന്ന് ഐറിഷ് പ്രധാനമന്ത്രി വിശേഷിപ്പിച്ച രാത്രിയിൽ ഒരു ഡബിൾ ഡെക്കർ ബസ്സും കത്തിച്ചിരുന്നു.

സ്ഥിരീകരിക്കാത്ത ഒരു ഓൺലൈൻ സന്ദേശം കലാപത്തിന്റെ എരിതീയിൽ എണ്ണയൊഴിക്കുകയും ചെയ്തു. അക്രമത്തിനു പുറകിൽ ഒരു വിദേശിയാണെന്നായിരുന്നു ആ കിംവദന്തി. ഡുബ്ലിനിൽ അങ്ങോളമിങ്ങോളം കലാപം അടിച്ചൊതുക്കാൻ ഏതാണ്ട് 400 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. ഇതുവരെ അക്രമി ആരെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എല്ലാ കുടിയേറ്റക്കാരെയും വധിക്കണം എന്നായിരുന്നു ടെലെഗ്രാമിൽ വന്ന സന്ദേശത്തിൽ പറഞ്ഞിരുന്നത്.

തീവ്ര വലതുപക്ഷക്കാരോട് ചെറു സംഘങ്ങളായി ഡബ്ലിനിലെ വിവിധ തെരുവുകളിൽ മുഖംമൂടിയണിഞ്ഞ് ആയുധങ്ങളുമായി എത്താനായിരുന്നു ആഹ്വാനം. മുന്നിൽ കാണുന്ന വിദേശികളെയെല്ലാം കൊന്നു തള്ളാനും ആഹ്വാനമുണ്ടായിരുന്നു. രാജ്യത്തേക്ക് ഇനി ഒരു വിദേശിയും വരരുതെന്നും അതിൽ പറഞ്ഞിട്ടുണ്ട്. ഈ ആഹ്വാനത്തിന് പ്രതികരണമായിഒരാൾ കമന്റിട്ടത്, ആ കുഞ്ഞിന്റെ പേരിൽ ഇന്ന് വിദേശികളുടെ രക്തം കൊണ്ട് ആറാട്ട് നടത്തണം എന്നായിരുന്നു.

അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 34 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്വ് അറിയിച്ചു. അതിനിടെ, അക്രമസംഭവം കണ്ട് അത് തടയാൻ ശ്രമിക്കുകയും അക്രമിയെ പിടിക്കുന്നതിൽ സുപ്രധാന ഇടപെടൽ നടത്തുകയും ചെയ്ത ബ്രസീലിയൻ ഡ്രൈവർക്കായി ധനസമാഹരണം തുടരുകയാണ്. ഇതുവരെ 3 ലക്ഷം പൗണ്ടോളം ശേഖരിക്കാൻ ആയിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

സയോ ബെനിഞ്ചോ എന്ന ഡെലിവറി ഡ്രൈവർ സംഭവം നടക്കുമ്പോൾ അതുവഴി മോട്ടോർബൈക്കിൽ പോവുകയായിരുന്നു. തന്റെ ഹെൽമറ്റ് ഉപയോഗിച്ച് ഇയാൾ അക്രമിയെ ശക്തമായി അടിക്കുകയായിരുന്നു. ഡെലിവെറൂ ടേക്ക്അപ് ആപ്പിന് വേണ്ടി ജോലിചെയ്യുന്ന ഇയാൾക്കായി ഒന്നിലധികം ഗോ ഫണ്ട് മി പേജുകൾ തുറന്നിട്ടുണ്ട്. അതിൽ ഒരു പേജ് ശനിയാഴ്‌ച്ച ഉച്ചയോടെ തന്നെ 2,34,210 യൂറോ സമാഹരിച്ചു കഴിഞ്ഞു.

ബെനിഞ്ചോയെ സഹായിക്കാൻ ഫ്രാൻസിൽ നിന്നുള്ള ഒരു ട്രെയിനി ഷെഫും ഉണ്ടായിരുന്നു. പ്രദേശത്തെ ഒരു റെസ്റ്റോറന്റിൽ ഇന്റേൺഷിപ്പിനെത്തിയ ഈ 17 കാരൻ ബെനിഞ്ചോയ്ക്കൊപ്പം ചേർന്ന് അക്രമിയെ കീഴടക്കി. അതിനിടെ ഇയാളുടെ കൈക്കും മുഖത്തിനും പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡണ്ട് ഈ വിദ്യാർത്ഥിയെ ഫോണിൽ വിളിച്ച് നേരിട്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു.