ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയ്യിദിനെ വിട്ടുനൽകണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. 2022 ഏപ്രിലിൽ തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട രണ്ടുകേസുകളിൽ, കുറ്റക്കാരനെന്ന് കണ്ടെത്തിയ സയ്യിദിനെ(71) 33 വർഷത്തേക്ക് ജയിലിൽ അടച്ചിരിക്കുകയാണ് പാക് കോടതി. പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ വകുപ്പാണ് കേസെടുത്തത്. എന്നാൽ, 26/11 ഭീകരാക്രമണ കേസിൽ സയ്യിദ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.

2020 ലും ഇയാൾക്കെതിരെ തീവ്രവാദ ഫണ്ടിങ്ങിന്റെ പേരിൽ നിരവധി കേസുകൾ എടുക്കുകയും 15 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. ജയിലിനകത്തും പുറത്തുമായി കഴിച്ചുകൂട്ടുകയാണ് സയ്യിദ്. ചില സമയത്ത് ഇയാൾ വീട്ടുതടങ്കലിലായിരുന്നു. എന്നാൽ, പലപ്പോഴും പാക്കിസ്ഥാനിൽ സ്വതന്ത്രനായി സഞ്ചരിക്കുകയും, യോഗങ്ങളിൽ പങ്കെടുത്ത് ഇന്ത്യയെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു.

'ഇന്ത്യയിൽ നിരവധി കേസുകളിൽ തേടുന്ന കുറ്റവാളിയാണ്. യുഎൻ വിലക്കിയ ഭീകരനാണ്. തെളിവുകൾ അടക്കം രേഖകളുടെ പിന്തുണയോടെയാണ് സയ്യിദിനെ ഇന്ത്യക്ക് വിട്ടുനൽകണമെന്നും, ഇവിടെ വിചാരണ നേരിടാൻ അനുവദിക്കണമെന്നും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടത്', അരിന്ദം ബാഗ്ചി പറഞ്ഞു.

പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള കരാർ നിലവിലില്ല. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സയ്യിദിനെ നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരാൻ പാക്കിസ്ഥാൻ ഒന്നും ചെയ്തിട്ടില്ല. സയ്യിദിനും കൂട്ടാളികൾക്കും എതിരായ അന്വേഷണത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പും ഇന്ത്യ പാക്കിസ്ഥാന് കത്തയച്ചിട്ടുണ്ടെങ്കിലും, അതൊന്നും ആ രാജ്യം ചെവിക്കൊണ്ടിട്ടില്ല.

2008 ലെ മുംബൈ ഭീകരാക്രമണം കഴിഞ്ഞ് അധികം വൈകാതെ സയ്യിദിനുെ അൽഖൈ്വദയ്ക്കും എതിരെ അന്താരാഷ്ട്രതലത്തിൽ യുഎൻ ഉപരോധം ഏർപ്പെടുത്തിയിരുന്നു. സയ്യിദിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ദശലക്ഷം ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ആഗോള ഭീകര വിരുദ്ധ ഫിനാൻഷ്യൽ ആക്ഷൻ ദൗത്യ സംഘം കരിമ്പട്ടികയിൽ പെടുത്താതിരിക്കാൻ പാക് സർക്കാർ ശ്രമിക്കുന്നതിനിടെയാണ് പാക് കോടതി 33 വർഷത്തേക്ക് സയ്യിദിനെ ജയിലിൽ അടച്ചത്.

2019-ൽ പാക്കിസ്ഥാന്റെ അന്നത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അമേരിക്കൻ സന്ദർശനത്തിന് തൊട്ടുമുൻപായിരുന്നു സയീദ് അറസ്റ്റിലായത്. ഭീകരവാദ കോടതി മുൻപാകെ ഹാജരാകാൻ ലാഹോറിൽനിന്ന് ഗുജ്രാൻവാലയിലേക്കുള്ള യാത്രയ്ക്കിടെയാണ് പഞ്ചാബ് പൊലീസിന്റെ കൗണ്ടർ ടെററിസം ഡിപ്പാർട്‌മെന്റ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ സ്ഥാപകനും ജമാഅത്ത് ഉദ്ദവ തലവനുമായ ഹാഫിസ് സയീദിനെ രണ്ട് കേസുകളിലായാണ് പാക് കോടതി ശിക്ഷിച്ചത്. ഇയാളുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാനും 3,40,000 രൂപ പിഴ ചുമത്താനും കോടതി ഉത്തരവിട്ടിരുന്നു,

മുംബൈ ഭീകരാക്രമണം

2008 ലാണ് കടൽ മാർഗമെത്തിയ പാക് ഭീകരവാദികളുടെ ആക്രമണത്തിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം വിറങ്ങലിച്ചത്. നാലുദിവസം നീണ്ടുനിന്ന ആക്രമണത്തിനൊടുവിൽ വിദേശികൾ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ദേശീയ സുരക്ഷ സംബന്ധിച്ച് കാതലായ മാറ്റങ്ങൾ കൊണ്ടുവരാനും പുതിയ പ്രതിരോധ മാർഗങ്ങൾ അവലംബിക്കാനും ഇന്ത്യയെ പ്രേരിപ്പിച്ചത് ഈ ആക്രമണ പരമ്പരയായിരുന്നു. പത്ത് ലഷ്‌കർ ഇ തയ്ബ ഭീകരവാദികൾ തിരക്കേറിയ സമയത്ത് മുംബൈ നഗരത്തിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഒമ്പത് തീവ്രവാദികളും സുരക്ഷാ വിഭാഗവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി ഹേമന്ത് കർക്കറെ, മലയാളിയായ എൻഎസ്ജി കമാൻഡോ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവരും വീരമൃത്യു വരിച്ചു. മൂന്നു ദിവസം നീണ്ട ഓപ്പറേഷനോടുവിൽ ഭീകരരെ കൊലപ്പെടുത്തുകയും അജ്മൽ കസബിനെ ജീവനോടെ പിടികൂടുകയും ചെയ്തു. കസബ് തങ്ങളുടെ പൗരനാണെന്ന് പാക്കിസ്ഥാൻ പിന്നീട് സമ്മതിച്ചു. കസബിനെ പിന്നീട് തൂക്കിലേറ്റി.