ടെൽ അവീവ്: ഹമാസിനെ ഗസ്സയിൽ നിന്നും തുടച്ചുനീക്കുമെന്ന് പ്രതിജ്ഞയെടുത്താണ് ഇസ്രയേൽ മുന്നോട്ടു പോകുന്നത്. ആഗോള തലത്േതിൽ വിവിധ രാജ്യങ്ങളിൽ ഒളിച്ചിരിക്കുന്ന ഹമാസ് ഉന്നത നേതക്കളെ തീർക്കാൻ പദ്ധതി തയ്യാറാക്കിയതിന് പുറമേ ഗസ്സയിലെ തുരങ്കങ്ങളിൽ ഒളിച്ചിരുന്ന് യുദ്ധം ചെയ്യുന്നവരെയും തീർക്കാനാണ് ഇസ്രയേൽ ഒരുങ്ങുന്നത്. ഇതിനായി ഗസ്സ്സ മുനമ്പിൽ ഹമാസ് പ്രവർത്തനം കേന്ദ്രീകരിച്ച തുരങ്കങ്ങൾ ജലംനിറച്ച് തകർക്കാൻ പദ്ധതിയൊരുക്കിയിരിക്കയാണ് ഇസ്രയേൽ.

യു.എസ് ബുദ്ധിയുപദേശിച്ചാണ് ഇസ്രയേൽ സേന പുതിയ നീക്കം നടത്തുന്നതെന്ന് അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ആദ്യ നടപടിയെന്നോണം വടക്കൻ ഗസ്സയിൽ ശാത്വി അഭയാർഥി ക്യാമ്പിനു സമീപം അഞ്ചു കൂറ്റൻ പമ്പുകൾ കഴിഞ്ഞ മാസം സ്ഥാപിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ട്. ആയിരക്കണക്കിന് ക്യുബിക് മീറ്റർ ജലം പമ്പുചെയ്യാൻ ഇവക്കാകുമെന്നാണ് കണക്കുകൂട്ടൽ. ഇത് അധികം താമസിയാതെ തന്നെ നടപ്പിലാക്കുമെന്ന് ഉറപ്പാണ്.

അതേസമയം നൂറിലേറെ ഇസ്രയേൽ ബന്ദികളടക്കം ഹമാസ് തുരങ്കങ്ങളിലായതിനാൽ അവരുടെ മോചനത്തിനുമുമ്പ് ഇത് നടപ്പാക്കുമോയെന്ന് വ്യക്തമല്ല. സുരക്ഷിതകേന്ദ്രങ്ങളിലും തുരങ്കങ്ങളിലുമാണ് ബന്ദികളെ ഒളിപ്പിച്ചതെന്നാണ് നേരത്തേ ഹമാസ് വ്യക്തമാക്കിയിരുന്നത്. ആയിരക്കണക്കിന് സിവിലിയന്മാരുടെ ജീവനെടുക്കുമ്പോഴും ഹമാസ് നേതൃത്വത്തിലെ ഉന്നതരെ വകവരുത്താൻ ഇസ്രയേലിന് സാധിച്ചില്ലെന്നും വിലയിരുത്തലുകളുണ്ട്.

തുരങ്കങ്ങൾ നശിപ്പിക്കയാണ് പ്രധാനമായ ഇസ്രയേൽ ദൗത്യം. ഇവ പ്രവർത്തനരഹിതമാക്കുകയാണ് അടിയന്തരമായി നടപ്പാക്കേണ്ടതെന്ന് യു.എസ് വൃത്തങ്ങൾ ഇസ്രയേൽ സൈന്യത്തിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ബന്ദിമോചനത്തിൽ നടപടിയെടുക്കാതെ കനത്ത ആക്രമണത്തിന് തിടുക്കംകാട്ടുന്ന നെതന്യാഹുവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ബന്ദികളുടെ ജീവൻകൂടി അപകടത്തിലാക്കുന്ന നടപടിക്ക് ഇസ്രയേൽ സർക്കാർ മുതിരുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.

ബന്ദി മോചനത്തിന് അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ കടുത്ത പ്രക്ഷോഭവുമായി ഇറങ്ങുമെന്ന് നേരത്തേ അവരുടെ കുടുംബങ്ങൾ വ്യക്തമാക്കിയിരുന്നു. അതേസമയം ഒക്ടോബർ 7-ലെ കൂട്ടക്കൊലയെക്കാൾ വലിയ 'വിമോചന യുദ്ധം' ഉടൻ വരുന്നുവെന്നൈാണ് ഹമാസ് നേതാവിന്റെ ഭീഷണി പുറത്തുവന്നത്. ഒക്ടോബർ ഏഴിന് ഇസ്രയേലിലേക്കുള്ള നുഴഞ്ഞുകയറ്റത്തേക്കാൾ വലുതായിരിക്കുമെന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഒസാമ ഹംദാൻ പറഞ്ഞു. ലെബനൻ മാധ്യമമായ ബെൽ മൗബഷർ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം വീണ്ടും ഇസ്രയേലിൽ കടന്നു കയറി ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി മുഴക്കി രംഗത്തുവന്നത്.

'മറ്റൊരു ഒക്ടോബർ 7 അല്ല, ഒരു വിമോചനയുദ്ധം വരുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുന്നു, അത്തരമൊരു സംഭവം വിദൂരമല്ലെന്ന് താൻ കരുതുന്നുവെന്ന് അ ഹംദാൻ പറഞ്ഞു. ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിൽ പശ്ചാപാതമില്ലെന്നും ഹമാസ് നേതാവ് പറഞ്ഞു. അന്ന് ആക്രമണത്തിൽ 1,200 ഇസ്രയേലികളെ വധിച്ചു. അവരെല്ലാം സാധാരണക്കാരായിരുന്നു. നൂറു കണക്കിന് ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കുകയും ചെയതിരുന്നു. ഇതേ തുടർന്നാണ് ഇസ്രയേൽ ആക്രമണം ശക്തമാക്കിയത്. എന്നാൽ, ഇനി വിമോചന യുദ്ധം ഉടൻ ഉണ്ടാകുമെന്നാണ് ഹമാസ് നേതാവ് പറുന്നത്.

ഉന്നത ഹമാസ് നേതാക്കളെ ഇല്ലാതാക്കാനും മൊസാദിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ലെബനാൻ, ഖത്തർ, തുർക്കി തുടങ്ങി ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ഉന്നത ഹമാസ് നേതാക്കളെ മുഴുവൻ വധിക്കുമെന്ന് ഇസ്രയേൽ സുരക്ഷാ ഏജൻസിയായ ഷിൻബെറ്റ് തലവൻ റോനെൻ ബാർ. ഏത്ര വർഷമെടുത്താലും ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേൽ ഭരണകൂടം തങ്ങൾക്ക് ഒരു ലക്ഷ്യം നിർണയിച്ചു തന്നിട്ടുണ്ട്. അത് ഹമാസിനെ ഇല്ലാതാക്കുക എന്നതാണ്. അത് നടപ്പാക്കാൻ തീരുമാനിച്ചുകഴിഞ്ഞെന്നും റോനെൻ ബാർ പറഞ്ഞു. ഹമാസ് നേതാക്കളായ ഇസ്മായിൽ ഹനിയ്യ, മുഹമ്മദ് ദൈഫ്, യഹ്യ സിൻവാർ, ഖാലിദ് മിശ്അൽ എന്നിവരാണ് ഇസ്രയേൽ ഹിറ്റ്‌ലിസ്റ്റിലുള്ള പ്രമുഖർ. 60കാരനായ ഇസ്മായിൽ ഹനിയ്യ മുൻ ഫലസ്തീൻ പ്രധാനമന്ത്രികൂടിയാണ്. 2017ലാണ് ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവിയായി അവരോധിതനായത്.

പ്രധാനമന്ത്രിയായിരിക്കെ 2006ൽ വിഷം പുരട്ടിയ കത്തുപയോഗിച്ച് അദ്ദേഹത്തെ അപായപ്പെടുത്താൻ മൊസാദ് ശ്രമിച്ചെങ്കിലും അതിജീവിച്ചു. ഖത്തറിലും തുർക്കിയയിലുമായാണ് അദ്ദേഹം പ്രവാസജീവിതം നയിക്കുന്നത്. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീൻ അൽഖസ്സാം ബ്രിഗേഡ് തലവനായ മുഹമ്മദ് ദീഫ് ആറുതവണ ഇസ്രയേലിന്റെ വധശ്രമം അതിജീവിച്ചയാളാണ്. 2015ൽ പുറത്തിറക്കിയ അമേരിക്കയുടെ 'ആഗോള ഭീകര പട്ടിക'യിലും ഇദ്ദേഹമുണ്ട്. ബ്രിഗേഡിന്റെ യുദ്ധതന്ത്രങ്ങൾക്ക് രൂപം നൽകുന്ന ഇദ്ദേഹം ഗസ്സയിൽ തന്നെയുണ്ടെന്നാണ് ഇസ്രയേൽ കരുതുന്നത്.

23 വർഷം ഇസ്രയേലി തടവറയിൽ കഴിഞ്ഞ അൽഖസ്സാം ബ്രിഗേഡിന്റെ മുൻ കമാൻഡർകൂടിയായ യഹ്യ സിൻവാർ 2011ലാണ് മോചിതനായത്. ഹമാസ് ബന്ദിയാക്കിയ ഇസ്രയേലി സൈനികൻ ഗിലാദ് ഷാലിതിന്റെ മോചനത്തിന് പകരമായി സിൻവാറിനെ ഇസ്രയേൽ വിട്ടയക്കുകയായിരുന്നു. ഇദ്ദേഹവും ഗസ്സയിൽ തന്നെയുണ്ടെന്നാണ് സൂചന.

ഹമാസ് ഉന്നതാധികാര സമിതി സ്ഥാപകാംഗവും 2017 വരെ ചെയർമാനുമായിരുന്ന ഖാലിദ് മിശ്അൽ ഇപ്പോൾ ഖത്തറിലാണ്. 1997ൽ കനേഡിയൻ ടൂറിസ്റ്റുകൾ ചമഞ്ഞെത്തിയ മൊസാദ് ഏജന്റുമാർ ജോർഡനിൽവെച്ച് ഇദ്ദേഹത്തിന്റെ ചെവിയിലേക്ക് വിഷവാതക പ്രയോഗം നടത്തി. ഏറെനാൾ അബോധാവസ്ഥയിലായിരുന്നെങ്കിലും ജീവൻ രക്ഷപ്പെടുത്താനായി.