- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേൽ ബന്ധമുള്ള കപ്പൽ 40 ദിവസമായി ഹൂതികളുടെ നിയന്ത്രണത്തിൽ
ടോക്യോ: ചെങ്കടലിൽ ഹൂതികൾ ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നത് ആഗോള കപ്പൽ ഗതാഗതത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലുകൾ ചെങ്കടൽ വഴി കടത്തിവിടില്ലെന്ന് പ്രഖ്യാപിച്ചാണ് ഹൂതികൾ ആക്രമണം കടുപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഹൂതികൾ പിടിച്ചെടുത്ത ഗാലക്സി ലീഡർ കപ്പൽ 40 ദിവസമായിട്ടും വിട്ടുനൽകിയില്ല.
യെമനിലെ ഹുദൈദ പ്രവിശ്യയിലെ തുറമുഖത്ത് അടുപ്പിച്ച കപ്പലിന്റെ നിയന്ത്രണം ഇപ്പോഴും ഹൂതി സായുധ വിഭാഗത്തിനാണ്. ജാപ്പനീസ് കമ്പനിക്കാണ് ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിലുള്ള കപ്പലിന്റെ നടത്തിപ്പ് ചുമതല. 25 ജീവനക്കാരുള്ള ഈ ചരക്ക് കപ്പലിന് ഇസ്രയേലി സമ്പന്നനായ എബ്രഹാം റാമി ഉങ്കറുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. കപ്പൽ പിടിച്ചെടുത്തത് അനീതിയാണെന്നും കപ്പലിനെയും അതിലെ ജീവനക്കാരെയും ഉടനടി നിരുപാധികം മോചിപ്പിക്കണമെന്നും യു.എന്നിലെ ജപ്പാൻ പ്രതിനിധി യമസാക്കി കസുയുകി യു.എൻ സുരക്ഷാ കൗൺസിലിൽ ആവശ്യപ്പെട്ടു.
2023 നവംബർ 19 നാണ് ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിന്റെ നിയന്ത്രണം ഹൂതികൾ പിടിച്ചെടുത്തത്. യുക്രെയ്ൻ, മെക്‌സിക്കോ, ഫിലിപ്പീൻസ്, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ജീവനക്കാർ. അതേസലമയം ഹമാസ് നേതാവ് സാലിഹ് അൽആറൂരിയുടെ കൊലപാതകത്തിന് പിന്നാലെ ചെങ്കടലിൽ ആക്രമണം ശക്തമാക്കിയിരിക്കയാണ് ഹൂതികൾ. ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ രണ്ട് മിസൈലുകൾ തൊടുത്തുവിട്ടു.
ദക്ഷിണ ബൈറൂത്തിലെ മശ്‌റഫിയ്യയിൽ ഹമാസ് ഓഫീസിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് സാലിഹ് അൽആറൂരി കൊല്ലപ്പെട്ടത്. അൽഖസ്സാം കമാണ്ടർമാരായ സാമിർ ഫൻദി, അസ്സാം അൽ അഖ്‌റ എന്നിവരും രക്ഷസാക്ഷികളായി.ഇസ്രയേൽ ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുത്തിട്ടില്ല. അറൂരിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വെസ്റ്റ്ബാങ്കിൽ നൂറുകണക്കിനു പേർ പ്രകടനം നടത്തി.
ആറൂറിയുടെ വധത്തിന് കനത്ത തിരിച്ചടി ഉറപ്പാണെന്ന് ഹമാസും ഹിസ്ബുല്ലയും, ഹൂത്തി വിഭാഗവും പ്രതികരിച്ചു. അതിനു പിന്നാലെയാണ് ചെങ്കടലിൽ ചരക്കുകപ്പലുകൾക്കുനേരെ ഹൂതികൾ രണ്ട് മിസൈലുകൾ തൊടുത്തുവിട്ടത്. ചെങ്കടലിലെ സംഘർഷം ചർച്ച ചെയ്യാൻ ഇന്ന് യുഎൻ രക്ഷാസമിതി യോഗം ചേരുന്നുണ്ട്. അധ്യക്ഷ പദവി വഹിക്കുന്ന ഫ്രാൻസാണ് യോഗം വിളിച്ചത്. ഇസ്രയേൽ ലബനൻ അതിർത്തിയിൽ ഹിസ്ബുല്ലയുടെ ആക്രമണവും ശക്തമായി.വടക്കൻ ഗസ്സയിൽ നിന്ന് പിൻവലിച്ച സൈനികരിൽ ഒരുവിഭാഗത്തെ ഇസ്രയേൽ ലബനാൻ അതിർത്തിയിൽ നിയോഗിക്കും.
വെള്ളിയാഴ്ച നടത്തേണ്ട ഇസ്രയേൽ സന്ദർശനം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്മാറ്റിവെച്ചു. ഇസ്രയേൽ മന്ത്രിസഭയിലെ അതിതീവ്രവലതുപക്ഷ മന്ത്രിമാർ ഗസ്സയെക്കുറിച്ച് നടത്തിയ പ്രസ്താവനകളെയും അമേരിക്ക തള്ളി. ഗസ്സയിലുള്ളവരെ കൊന്നൊടുക്കുകയോ ആട്ടിപ്പായിക്കുകയോ ചെയ്യണമെന്നായിരുന്നു മന്ത്രിമാരായ ബസ്ലേൽ സ്‌മോട്രിച്ചും ഇറ്റാമെർ ബെൻഗ്വിറും പ്രതികരിച്ചിരുന്നത്. ഗസ്സ എന്നും ഫലസ്തീനുകളുടെ മണ്ണായി തന്നെ നിലനിൽക്കണമെന്നതാണ് അമേരിക്കയുടെ നയമെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്‌മെന്റ് വ്യക്തമാക്കി.