- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിൽ ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യസംഘടന; 36 ആശുപത്രികളിൽ പകുതിയിലേറെ ഇപ്പോൾ പ്രവർത്തിക്കുന്നില്ല; ഗസ്സയിൽ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലുന്നത് ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് മാക്രോണും
ന്യൂഡൽഹി: ഗസ്സയിലെ യുദ്ധമുഖത്ത് കുട്ടികൾ മരിച്ചു വീഴുന്നതിൽ ആശങ്കയുമായി കൂടുതൽ ലോകരാജ്യങ്ങൾ. ഖത്തർ അടക്കമുള്ള രാജ്യങ്ങൽ വെടിനിർത്തൽ ആവശ്യം ഉയർത്തി രംഗത്തുവന്നിരുന്നു. ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത് കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതായിരുന്നു. ഗസ്സയിൽ ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനോം ഗിബർസീയുസ് പ്രതികരിച്ചു. ഗസ്സയിൽ ഒരാളും സുരക്ഷിതരല്ലെന്ന് യു.എൻ സെക്യൂരിറ്റി കൗൺസിലിനെ അദ്ദേഹം അറിയിച്ചു.
ഗസ്സയിലെ ആരോഗ്യസംവിധാനം ഏറ്റവും മോശം അവസ്ഥയിലാണ് ഉള്ളത്. ഗസ്സയിൽ ഒക്ടോബർ ഏഴിന് ശേഷം ആരോഗ്യകേന്ദ്രങ്ങൾക്കെതിരെ 250ഓളം ആക്രമണങ്ങളാണ് ഉണ്ടായത്. 100ഓളം യു.എൻ ആരോഗ്യപ്രവർത്തകർ ഗസ്സയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിലെ 36 ആശുപത്രികളിൽ പകുതിയിലേറെ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ മൂന്നിൽ രണ്ടെണ്ണവും പ്രവർത്തനം നിർത്തി. പ്രവർത്തിക്കുന്ന ആശുപത്രികളിൽ താങ്ങാവുന്നതിലേറെ രോഗികളാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഗസ്സയിൽ പിഞ്ചു കുഞ്ഞുങ്ങളേയും സ്ത്രീകളേയും കൊല്ലുന്നത് ഇസ്രയേൽ നിർബന്ധമായും അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു. ഇപ്പോൾ നടത്തുന്ന ബോംബാക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. വെടിനിർത്തൽ ഇസ്രയേലിന് തന്നെയായിരിക്കും ഗുണം ചെയ്യുകയെന്നും ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ മാക്രോൺ പറഞ്ഞു.
'സ്വയം സംരക്ഷണത്തിനുള്ള ഇസ്രയേലിന്റെ അവകാശത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ബോംബാക്രമണം അവസാനിപ്പിക്കാൻ അവരോട് ആവശ്യപ്പെടുന്നു' - ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. താങ്കളെ പോലെ യുഎസ്,യുകെ നേതാക്കൾ വെടിനിർത്തൽ ആഹ്വാനം നടത്തുമോ എന്ന ചോദ്യത്തിന് 'അവർ അത് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' എന്നായിരുന്നു മാക്രോണിന്റെ മറുപടി.
ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരണവുമായി എത്തി. രാഷ്ട്രങ്ങൾ ഇസ്രയേലിനെ അല്ല, ഹമാസിനെയാണ് അപലപിക്കേണ്ടതെന്ന് നെതന്യാഹു പറഞ്ഞു. 'ഗസ്സയിൽ ഇന്ന് ഹമാസ് ചെയ്യുന്ന കുറ്റകൃത്യങ്ങൾ നാളെ പാരീസിലും ന്യൂയോർക്കിലും ലോകത്തെവിടെയും നടക്കും'- നെതന്യാഹു പറഞ്ഞു.
അതേസമയം ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തെ അപലപിച്ചുകൊണ്ടാണ് മാക്രോൺ അഭിമുഖത്തിന് തുടക്കം കുറിച്ചത്. 'ഞങ്ങൾ ഇസ്രയേലിന്റെ വേദനയിൽ പങ്കുചേരുന്നു. ഭീകരതയെ തുടച്ചുനീക്കാനുള്ള അവരുടെ സന്നദ്ധതയും ഞങ്ങൾ പങ്കുവെക്കുന്നു. ഫ്രാൻസിൽ തീവ്രവാദം എന്താണെന്ന് ഞങ്ങൾക്കറിയാം. എന്നാൽ ഗസ്സയിൽ സാധാരണക്കാർക്കുനേരെ നടക്കുന്ന ബോംബാക്രമണങ്ങൾക്ക് ഇതൊന്നും ന്യായീകരണമല്ല. നമ്മുടെ തത്വങ്ങൾക്ക് നമ്മൾ പ്രധാന്യം നൽകണം. കാരണം നമ്മളെല്ലാം ജനാധിപത്യവാദികളാണ്. ഇസ്രയേലിന് സ്വയം സംരക്ഷണത്തിന് പ്രധാന്യം നൽകേണ്ടതുണ്ട്. അതോടൊപ്പം എല്ലാ ജീവനും പ്രധാനമാണെന്ന് തിരിച്ചറിയുകയും വേണം' ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
അതേ സമയം ഇസ്രയേൽ അന്തരാഷ്ട്ര നിയമങ്ങൾ ലംഘിച്ചെന്ന് പറയാൻ മാക്രോൺ വിസമ്മതിക്കുകയും ചെയ്തു. 'ഞാനൊരു ന്യായാധിപനല്ല, ഒരു രാഷ്ട്രത്തിന്റെ തലവനാണ്. ഒരു പങ്കാളിയും സുഹൃത്തും എന്ന നിലയിൽ ഇസ്രയേലിന് ഈ രീതിയിൽ വിമർശിക്കുന്നത് ശരിയല്ല' മാക്രോൺ കൂട്ടിച്ചേർത്തു.
ഇതിനിടെ ഹമാസ് കേന്ദ്രങ്ങളെന്ന് ആരോപിച്ച് ഗസ്സയിലെ നാല് ആശുപത്രികൾ ഇസ്രയേൽ സേന വളഞ്ഞിരുന്നു. അൽ റൻതീസി കുട്ടികളുടെ ആശുപത്രി, അൽ നാസർ ആശുപത്രി, സർക്കാർ കണ്ണാശുപത്രി, മാനസികാരോഗ്യ കേന്ദ്രം എന്നിവയാണ് കരസേന വളഞ്ഞത്. ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫക്കുനേരെ വ്യാഴാഴ്ച രാത്രി മുതൽ അഞ്ചുതവണ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
ആശുപത്രികൾ പൂർണമായി തകർക്കാനും ഇവിടെ അഭയം തേടിയവരെ കൂട്ടക്കൊല ചെയ്യാനുമാണ് ഇസ്രയേൽ ശ്രമമെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയ വക്താവ് അശ്‌റഫ് അൽ ഖുദ്‌റ ആരോപിച്ചു. ഗസ്സയിൽ ഇതുവരെ 21 ആശുപത്രികൾ പൂട്ടി. അൽ ബുറാഖ് സ്‌കൂളിൽ വെള്ളിയാഴ്ച വൈകീട്ട് നടത്തിയ ബോംബിങ്ങിൽ 50ലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. വടക്കൻ ഗസ്സയിൽനിന്ന് തെക്കുഭാഗത്തേക്ക് പലായനം ചെയ്യുന്നവർക്ക് നേരെയുണ്ടായ ആക്രമണത്തിലും നിരവധി പേർ മരിച്ചു. 4,506 കുട്ടികളടക്കം ആകെ മരണസംഖ്യ 11,078 ആയി.
മറുനാടന് ഡെസ്ക്