ഗസ്സ: ഗസ്സയിൽ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ തെക്കൻ ഗസ്സയിലേക്കും ആക്രമണം വ്യാപിപ്പിക്കാൻ ഇസ്രയേൽ. ഹമാസ് കേന്ദ്രങ്ങളെ നോട്ടമിട്ടാണ് ഇസ്രയേലിന്റെ സൈനിക നീക്കം. നിരവധി ഇസ്രയേലി ടാങ്കുകൾ തെക്കൻ നഗരമായ ഖാൻ യൂനിസിനെ ലക്ഷ്യമാക്കി നീങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ജനങ്ങളെ മറയാക്കി ഹമാസ് ഒളിയുദ്ധം നടത്തുന്നതാണ് ഇസ്രയേൽ കടുപ്പിക്കാൻ കാരണം. വടക്കൻ ഗസ്സയിലെ തുരങ്കങ്ങൾ ഇസ്രയേൽ ബോംബാക്രമണത്തിൽ തകർത്തിരുന്നു.

ഇസ്രയേൽ സൈന്യം ഖാൻ യൂനിസ് ലക്ഷ്യമാക്കി നീങ്ങുകയാണെന്നും ജനങ്ങൾക്ക് നേരെയും വാഹനങ്ങൾക്ക് നേരെയും വെടിയുതിർക്കുകയാണെന്നും ദൃക്‌സാക്ഷികൾ പറയുന്നു. കഴിഞ്ഞ ദിവസം തെക്കൻ ഗസ്സയിൽ രൂക്ഷമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കരയാക്രമണവും ആരംഭിക്കാനൊരുങ്ങുന്നത്. തെക്കൻ ഗസ്സയിലെ അഭയാർഥി ക്യാമ്പുകളിൽ ഉൾപ്പെടെ കനത്ത ആക്രമണമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഇസ്രയേൽ നടത്തിയത്. 400ലേറെ കേന്ദ്രങ്ങളിൽ ഒറ്റരാത്രി ബോംബിട്ടു.

വീടുകൾക്കും മസ്ജിദുകൾക്കും നേരെ ആക്രമണമുണ്ടായി. ദൈർ അൽ ബലാഹ്, ഖാൻ യൂനിസ് എന്നിവിടങ്ങളിലെ ആക്രമണങ്ങളിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. ഇവിടെനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് സൈന്യം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഗസ്സയിലെ ഹൈക്കോടതി കെട്ടിടം ഇസ്രയേൽ സൈന്യം സ്‌ഫോടനത്തിൽ തകർക്കുന്ന ദൃശ്യങ്ങൾ ഇസ്രയേലി മാധ്യമങ്ങൾ പുറത്തുവിട്ടു. ഞായറാഴ്ചയാണ് 'പാലസ് ഓഫ് ജസ്റ്റിസ്' എന്നറിയപ്പെടുന്ന സെൻട്രൽ ഗസ്സയിലെ കോടതി കെട്ടിടം ഇസ്രയേൽ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തത്. കെട്ടിടം കഴിഞ്ഞ മാസം സൈന്യം പിടിച്ചെടുത്തിരുന്നു.

ഒരാഴ്ചത്തെ വെടിനിർത്തലിന് ശേഷം പൂർവാധികം ശക്തിയോടെ ആക്രമണം തുടരുന്ന അധിനിവേശ സൈന്യം 800ലേറെ പേരെയാണ് രണ്ടുദിവസത്തിനിടെ കൊലപ്പെടുത്തിയത്. ഗസ്സ വീണ്ടും ഭൂമിയിലെ നരകമായെന്ന് യു.എൻ മാനുഷിക സഹായ ഓഫിസ് വക്താവ് ജെൻസ് ലായെർക് പറഞ്ഞു. അതേസമയം ഫലസ്തീൻ യുവാക്കളോട് യുദ്ധത്തിനിറങ്ങാൻ ആഹ്വാനുമായി ഹമാസും രംഗത്തു വന്നിട്ടുണ്ട്.