പാരീസ്: ഗസ്സയിൽ വെടിനിർത്തൽ നടപകൾ യാഥാർഥ്യമാക്കാൻ വേണ്ടി നടപടികൾ ഊർജ്ജിതം. അറബ് രാജ്യങ്ങളുടെ നേതൃത്വത്തിലാണ് അമേരിക്ക മധ്യസ്ഥ നീക്കങ്ങൾ വേഗത്തിലാക്കിയത്. ഇജിപ്തിലെ കൊയ്‌റോയിൽ വഴിമുട്ടിയ വെടിനിർത്തൽ കരാറിന് പാരീസിൽ ജീവൻ പകരനാണ് അമേരിക്കയുടെ തീവ്രശ്രമം. അമേരിക്ക ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഇസ്രയേൽ സംഘം ചർച്ചകളുടെ ഭാഗമാകുന്നുണ്ട്. ഹമാസുമായി വിട്ടുവീഴ്‌ച്ചയില്ലെന്ന തീരുമാനത്തിലാണ് ചർച്ചകൾ മുന്നോട്ടു പോകുന്നത്.

അറബ് സമ്മർദം കണക്കിലെടുത്ത് വിശുദ്ധ മാസം ആഗതമാകും മുമ്പ് താൽക്കാലിക വെടിനിർത്തൽ നടപ്പാക്കാനുള്ള സാധ്യതകളാണ് അമേരിക്ക ആരായുന്നത്. സിഐ.എ മേധാവിക്കു പുറമെ ഖത്തർ, ഈജിപ്ത് സംഘവും പാരീസിലുണ്ട്. മിക്കവാറും ഇന്നുതന്നെ ഇസ്രയേൽ സംഘം പാരീസിൽ നിന്ന് മടങ്ങുമെന്നാണ് വിവരം.വെടിനിർത്തൽ കരാർ രൂപരേഖക്ക് ഇസ്രയേലിന്റെ അനുമതി ലഭിച്ചാൽ ഹമാസിന്റെ പ്രതികരണം തേടാനാണ് മധ്യസ്ഥ രാജ്യങ്ങളുടെ നീക്കം.

ഗസ്സയിൽ യുദ്ധത്തിന് അറുതി വരുത്താനുള്ള മധ്യസ് ഥ രാജ്യങ്ങളുടെ നടപടികളെ അനുഭാവപൂർണമായാണ് നോക്കി കാണുന്നതെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു. അതേ സമയം നെതന്യാഹുവിന്റെ നിക്ഷിപ്ത രാഷ്ട്രീയ താൽപര്യങ്ങളാണ് കൈറോ ചർച്ച തകരാൻ കാരണമെന്നും ഒസാമ ഹംദാൻ കുറ്റപ്പെടുത്തി. ഗസ്സയിൽ ആക്രമണം മാറ്റമില്ലാതെ തുടരുകയാണ് ഇസ്രയേൽ.

ഇന്നലെ മാത്രം നൂറിലേറെ പേർ കൊല്ലപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 29,514 ആയി. ഗസ്സ ഭയാനക ദുരന്തത്തിന്റെ വക്കിലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യു.എൻ ഏജൻസിയുടെ പിൻവാങ്ങലിനെ തുടർന്ന് സഹായവിതരണം നിലച്ചത് ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. 7 ലക്ഷം പേരെ പട്ടിണി ഗ്രസിച്ചിരിക്കെ, ഉപരോധം ലംഘിച്ച് സഹായം എത്തിക്കാൻ വൈകരുതെന്ന് അറബ് മുസ്‌ലിം രാജ്യങ്ങളോട് ഹമാസ് നേതൃത്വം ആവശ്യപ്പെട്ടു.

അതിനിടെ, ഭാവി ഗസ്സയുടെ നിയന്ത്രണം ഇസ്രയേലിനു തന്നെയായിരിക്കുമെന്ന നെതന്യാഹുവിന്റെ പ്രതികരണം വെടിനിർത്തൽ ചർച്ചാ നീക്കങ്ങൾക്ക് തിരിച്ചടിയായി. പാവ ഭരണകൂടത്തെ പ്രതിഷ്ഠിച്ച് ഗസ്സയുടെ നിയന്ത്രണം കൈയടക്കാനുള്ള ഇസ്രയേൽ പദ്ധതിയുടെ വിവരങ്ങൾ നെതന്യാഹു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

വെസ്റ്റ് ബാങ്കിൽ 3300ലേറെ പുതിയ കുടിയേറ്റ ഭവനങ്ങൾ നിർമ്മിക്കാനാണ് ഇസ്രയേൽ ഒരുങ്ങുന്നത്. മൂന്ന് ഫലസ്തീനികൾ വെടിയുതിർത്ത് ഇസ്രയേലി സൈനികൻ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് തീവ്ര വലതുപക്ഷക്കാരനായ ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്‌മോട്‌റിച്ച് കുടിയേറ്റ വ്യാപന പദ്ധതി പ്രഖ്യാപിച്ചത്.

300 വീടുകൾ കെദാറിലും 2350 എണ്ണം മാലി അദുമിമിലും 700 വീട് ഇഫ്‌റാതിലുമാണ് നിർമ്മിക്കുക. ഓരോ വർഷവും ഇസ്രയേൽ ഫലസ്തീനികളെ അവരുടെ താമസ കേന്ദ്രങ്ങളിൽനിന്ന് തുരത്തി കുടിയേറ്റം വ്യാപിപ്പിക്കുകയാണ്. ഫലസ്തീൻ -ഇസ്രയേൽ സംഘർഷത്തിന്റെ മുഖ്യ കാരണം ഇതാണ്.

അതേസമയം വെസ്റ്റ് ബാങ്കിൽ 3300ലേറെ പുതിയ കുടിയേറ്റ ഭവനങ്ങൾ നിർമ്മിക്കുമെന്ന ഇസ്രയേൽ പ്രഖ്യാപനം ദോഷം ചെയ്യുമെന്ന് അമേരിക്കയും ജർമനിയും വ്യക്തമാക്കി. 300 വീടുകൾ കെദാറിലും 2350 എണ്ണം മാലി അദുമിമിലും 700 വീട് ഇഫ്‌റാതിലുമാണ് നിർമ്മിക്കുകയെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. അനധികൃത കുടിയേറ്റം സ്ഥിതി വഷളാക്കുമെന്ന് യു.എസ് സ്‌റ്റേറ്റ് വകുപ്പും ജർമനിയും പ്രതികരിച്ചു.

ഗസ്സയുടെ ഭൂവിസ്തൃതി കുറക്കാനുള്ള നീക്കത്തെയും അമേരിക്ക എതിർക്കുമെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകൻ. ഹമാസിനും ഹൂതികൾക്കും എതിരായ നടപടികൾ വിജയം കണ്ടില്ലെന്ന റിപ്പോർട്ടുകളുമായി അന്താരാഷ്ട്ര മാധ്യമങ്ങൾ. നാലര മാസത്തിലേറെ പിന്നിട്ടിട്ടും ഹമാസിന്റെ സൈനിക സംവിധാനങ്ങൾ തകർക്കുന്നതിൽ വേണ്ടത്ര വിജയിക്കാനായില്ലെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഹൂതികളെ നേരിടുന്നതിൽ കാര്യമായ നേട്ടം ഇനിയും ഉറപ്പാക്കാനായില്ലെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എൻ എൻ ചാനൽ.