- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽ ശിഫ ആശുപത്രി രോഗികളുടെ കൂട്ടമരണം; വൈദ്യുതി നിലച്ചതിനാൽ രണ്ട് ദിവസത്തിനിടെ മരിച്ചത് 24 രോഗികൾ; ഏഴു പേർ ശിശുക്കളും; തുരങ്ക താവളത്തിന് തെളിവുകൾ കണ്ടെത്തിയെങ്കിലും ഹമാസ് ആസ്ഥാനത്തിന്റെ തെളിവുകൾ കണ്ടെത്താനാകാതെ ഇസ്രയേൽ
ഗസ്സ സിറ്റി: ഇസ്രയേൽ സൈന്യം, ഹമാസിന്റെ ഒളിത്താവളം കണ്ടെത്താനായി പരിശോധന നടത്തുന്ന ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ രണ്ട് ദിവസത്തിനിടെ 24 രോഗികൾ മരിച്ചു. കുട്ടികൾ അടക്കമുള്ളവരാണ് മരിച്ചത്. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെ അവസ്ഥ ആരോഗ്യ മന്ത്രാലയം വക്താവ് അഷ്‌റഫ് അൽ ഖുദ്‌റയാണ് വെളിപ്പെടുത്തിയത്. വൈദ്യുതി മുടങ്ങിയതിനാൽ പ്രധാന മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിക്കാതെ വന്നതാണ് ആശുപത്രിയിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ ചികിത്സയിലിരുന്ന ഇത്രയും പേർ മരണപ്പെടാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന 27 മുതിർന്നവരും ഏഴ് കുഞ്ഞുങ്ങളും മരിച്ചതായി തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ജനറേറ്ററുകളിൽ ഇന്ധനം തീർന്നതിനാൽ ജീവൻ രക്ഷാ ഉപാധികൾ പ്രവർത്തിക്കായതോടെയാണ് രോഗികൾ കൂട്ടത്തോടെ മരിക്കുന്നത്.
ഗസ്സയെ ആക്രമിക്കാൻ തുടങ്ങിയ ഇസ്രയേൽ സൈന്യം ആദ്യം മുതൽ തന്നെ അൽ ശിഫ ആശുപത്രിയെ ലക്ഷമിട്ടിരുന്നു. ആശുപത്രിക്കുള്ളിൽ തുരങ്കങ്ങളുണ്ടെന്നും ഇതിലിരുന്നാണ് ഹമാസ് തങ്ങൾക്കെതിരായ ആക്രമണം നടത്തുന്നതെന്നുമാണ് ഇസ്രയേൽ ആരോപിക്കുന്നത്. എന്നാൽ ഇത് പലതവണ ഹമാസ് നിഷേധിച്ചിരുന്നു. ഇസ്രയേലി സൈന്യം ബുധനാഴ്ചയാണ് ആശുപത്രിക്കുള്ളിൽ കടന്ന് പരിശോധന തുടങ്ങിയത്.
ഓക്ടോബർ ഏഴിന് ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസ് ബന്ദികളാക്കിയവരെ ഇവിടെ പാർപ്പിച്ചിരുന്നതിന്റെ തെളിവുകൾ ലഭിച്ചതായാണ് ഇസ്രയേൽ സൈന്യം ആരോപിക്കുന്നത്. ഇസ്രയേൽ സൈന്യം ആശുപത്രിയിലെ എല്ലാ മെഡിക്കൽ സംവിധാനങ്ങളും നശിപ്പിച്ചതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം ആരോപിച്ചു. ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം 2300ഓളം രോഗികളും ജീവനക്കാരും ഇവർക്ക് പുറമെ അഭയാർത്ഥികളാക്കപ്പെട്ട നിരവധി ഫലസ്തീനികളും ഇവിടെ ഉണ്ടായിരുന്നു.
അതേസമയം അൽഷിഫ ആശുപത്രിക്ക് നേരേ നടത്തിയ ആക്രമണങ്ങളുടെ പേരിൽ വിമർശനം ഉയരുമ്പോൾ, ആശുപത്രിയിൽ ഹമാസിന്റെ തുരങ്ക കവാടം കണ്ടെത്തിയതായി ഇസ്രയേൽ സൈന്യം. ഇതിന് അടുത്തുള്ള ഒരു കെട്ടിടത്തിൽ നിന്നും രണ്ടു ബന്ദികളുടെ മൃതദേഹങ്ങളും കണ്ടെടുത്തു. അൽഷിഫ ആശുപത്രിയുടെ പുറത്തുള്ള ഭാഗത്താണ് തുരങ്കത്തിന്റെ പ്രവേശന കവാടം. ആശുപത്രിക്ക് അടിയിൽ ഹമാസിന്റെ കമാൻഡ് കേന്ദ്രമുണ്ടെന്ന് ആരോപിച്ചാണ് രണ്ടുദിവസം മുമ്പ് ഇസ്രയേൽ പ്രതിരോധ സേന ആശുപത്രിയിൽ പ്രവേശിച്ചത്.
തുരങ്കത്തിന്റെ പ്രവേശന കവാടം കൂടാതെ ഒരു ട്രക്ക് നിറയെ ആയുധങ്ങളും ആശുപത്രി വളപ്പിൽ നിന്ന് കണ്ടെടുത്തതായി ഐഡിഎഫ് അവകാശപ്പെടുന്നു. ആശുപത്രി കെട്ടിടത്തിന് അടിയിൽ ഹമാസ് കമാൻഡ് കേന്ദ്രമുണ്ടെന്ന അവകാശവാദം ഇസ്രയേൽ സേനയ്ക്ക് തെളിയിക്കാൻ ആയിട്ടില്ല. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫയിലെ ജീവനക്കാരും, ഹമാസും ഇസ്രയേലിന്റെ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
തുരങ്ക താവളത്തിന് തെളിവുകൾ കണ്ടെത്തിയെങ്കിലും, ഹമാസ് ആസ്ഥാനത്തിന്റെ തെളിവുകൾ കണ്ടെത്താനാകാത്തത് ഇസ്രയേൽ സേനയ്ക്ക് തിരിച്ചടിയായി. അതേസമയം ശുദ്ധജലം ലഭ്യമല്ലാത്തതിനാൽ ബാക്കിയുള്ള രോഗികൾ കടുത്ത ആരോഗ്യപ്രശ്‌നം നേരിടുകയാണ്. രോഗികളും അഭയാർഥികളുമടക്കം 7000ത്തോളം പേർ ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടതിനാൽ ഗസ്സയിലേക്ക് ഐക്യരാഷ്ട്രസഭ ഉൾപ്പെടെ ഏജൻസികളുടെ സഹായ വിതരണവും മുടങ്ങി.
അൽ ശിഫയിൽ പരിശോധന തുടരുന്ന ഇസ്രയേൽ സേന കെട്ടിടത്തിനടിയിൽ തുരങ്ക കവാടം കണ്ടെത്തിയതായി അവകാശപ്പെട്ട് വിഡിയോ പുറത്തുവിട്ടു. ആശുപത്രി വളപ്പിൽ നിർത്തിയിട്ട ട്രക്കിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായും സേന പറയുന്നു. എന്നാൽ, ആശുപത്രിക്കടിയിൽ ഹമാസ് സൈനിക കേന്ദ്രമുണ്ടെന്ന ആരോപണത്തിന്റെ കൂടുതൽ തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല. അൽ ശിഫ ആശുപത്രി പിടിച്ചെടുക്കുമെന്ന് കണ്ടപ്പോൾ ദിവസങ്ങൾക്കു മുമ്പ് ഹമാസ് താവളം മാറ്റിയെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇതേക്കുറിച്ച് വിശദീകരിച്ചത്.
ഗസ്സയിലെ ജനങ്ങൾ കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുകയാണെന്ന് യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം മിഡിലീസ്റ്റ് വക്താവ് അബീർ ഇതീഫ പറഞ്ഞു. ആവശ്യമായതിന്റെ 10 ശതമാനം ഭക്ഷ്യവസ്തുക്കൾ മാത്രമാണ് ഗസ്സയിലെത്തുന്നത്. ട്രക്കുകൾ അതിർത്തി കടക്കുന്നുണ്ടെങ്കിലും ഇന്ധനം ലഭ്യമല്ലാത്തതിനാൽ ഭക്ഷ്യവസ്തു വിതരണം നടക്കുന്നില്ല. വാർത്താവിനിമയ സംവിധാനങ്ങൾ നിലച്ചത് സ്ഥിതിഗതികൾ രൂക്ഷമാക്കി. ഇന്തോനേഷ്യൻ ആശുപത്രിയുടെ പ്രവർത്തനം പൂർണമായി നിലച്ചു.
അതിനിടെ ഇസ്രയേലിന്റെ മൂന്ന് സൈനിക വാഹനങ്ങൾ തകർത്തതായും അഞ്ച് സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ് അറിയിച്ചു. ലബനാനിൽനിന്ന് ഹിസ്ബുല്ല ഇസ്രയേൽ സൈനികരെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം തുടരുകയാണ്. യുദ്ധത്തിന് ഇടവേള വേണമെന്നും അടിയന്തര സഹായമെത്തിക്കണമെന്നും ആവശ്യപ്പെടുന്ന യു.എൻ രക്ഷാസമിതി പ്രമേയം ഇസ്രയേൽ തള്ളിയിരുന്നു.
മറുനാടന് ഡെസ്ക്