ഗസ്സ: ഇസ്രയേൽ ഹമാസ് സംഘർഷം കൂടുതൽ ശക്തമാകവേ സിറിയയ്ക്കും ലബനനും നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. രണ്ടിടത്തെയും ഹമാസ് കേന്ദ്രങ്ങളെയാണു ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ പറയുന്നു. ഹിസ്ബുള്ള സഹായത്തിനെത്തുന്നത് മുന്നിൽ കണ്ടാണ് വ്യോമാക്രമണം ഉണ്ടായിരിക്കുന്നത്. മേഖലയിലേക്കു കൂടുതൽ സൈനികസന്നാഹങ്ങൾ എത്തിക്കുമെന്നു യുഎസും പ്രഖ്യാപിച്ചതോടെ ലോകം രണ്ടായി തിരിഞ്ഞ അവസ്ഥയിലാണ്.

അതേസമയം ഗസ്സയിൽ 24 മണിക്കൂറിനിടെ 266 പേർ കൊല്ലപ്പെട്ടെന്നും ഇവരിൽ 117 പേർ കുട്ടികളാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആകെ മരണം 4741. ഹമാസ് റോക്കറ്റ് സേനയുടെ ഉപമേധാവിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേലിന്റെ മിസൈൽ ആക്രമണത്തെത്തുടർന്നു സിറിയയുടെ ഡമാസ്‌കസ്, അലെപ്പോ എന്നീ പ്രധാന രണ്ടു വിമാനത്താവളങ്ങളുടെയും പ്രവർത്തനം സ്തംഭിച്ചു. 2 പേർ കൊല്ലപ്പെട്ടു. തെക്കൻ ലബനനിലെ ഒട്ടേറെ ഹിസ്ബുല്ല കേന്ദ്രങ്ങൾ തകർത്തതായും ഇസ്രയേൽ അറിയിച്ചു. 6 പേർ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചു.

ഇസ്രയേൽ ആക്രമണം തുടർന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് സിറിയയ്ക്കും ലബനനും മേൽ നിർണായക സ്വാധീനമുള്ള ഇറാൻ മുന്നറിയിപ്പു നൽകി. സിറിയയോടും ലബനനോടും ചേർന്നുള്ള അതിർത്തിപ്രദേശങ്ങളിൽനിന്നു തങ്ങളുടെ കൂടുതൽ പൗരരെ ഇസ്രയേൽ ഒഴിപ്പിച്ചു.

ഇതിനിടെ വടക്കൻ ഗസ്സയിൽ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇന്നലെ രാത്രിയും മേഖലയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം തുടർന്നു. ഗസ്സ സിറ്റിയിൽനിന്നും നാലു കിലോമീറ്റർ അകലെയായുള്ള ജബലിയയിൽ അഭയാർത്ഥി ക്യാമ്പിനും പാർപ്പിട സമുച്ചയത്തിനും നേരയുണ്ടായ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഒരുപാട് പേർ കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 24 മണിക്കൂറിനിടെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 പിന്നിട്ടു.

അതിനിടെ സഹായവുമായി കൂടുതൽ ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിച്ചു. 17 ട്രക്കുകളാണ് റഫ അതിർത്തി കടന്ന് ഗസ്സയിലേക്ക് എത്തിയത്. എന്നാൽ സംഘർഷത്തിനു മുൻപു നൽകിയിരുന്നതിന്റെ 4% പോലും സഹായം ഇപ്പോൾ എത്തിക്കാനാകുന്നില്ലെന്നു യുഎൻ അറിയിച്ചു. ഇന്ധനം കൊണ്ടുപോകാൻ ഇസ്രയേൽ അനുവദിക്കാത്തതിനാൽ ആശുപത്രികളുടെയും കടൽജല ശുദ്ധീകരണ പ്ലാന്റുകളുടെയും പ്രവർത്തനം സ്തംഭനത്തിലാണ്. മലിനജലത്തെ ആശ്രയിക്കേണ്ടിവരുന്നതിനാൽ വയറിളക്കം ഉൾപ്പെടെയുള്ള രോഗങ്ങളേറുന്നുണ്ട്.

ഗസ്സയിലെ ഫലസ്തീൻ ജനതയ്ക്ക് ഇന്ത്യയുടെ സഹായം. മരുന്ന്, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ എന്നിവയടക്കം 40 ടൺ സാമഗ്രികളുമായി വ്യോമസേനയുടെ സി 17 വിമാനം ഈജിപ്തിലെത്തി. റഫാ അതിർത്തി വഴി ഇവ ഗസ്സയിലെത്തിക്കും. വരുംദിവസങ്ങളിൽ കൂടുതൽ സഹായമെത്തിക്കുമെന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഹമാസ് നടത്തിയ വ്യോമാക്രമണത്തിൽ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഗസ്സയിലെ ഖാൻ യൂനിസിലേക്ക് കയറിയ സൈനികർക്ക് നേരയാണ് ആക്രമണം നടത്തിയതെന്ന് ഹമാസ് അവകാശപ്പെട്ടു. ഇതിനിടെ, സമാധാന ആഹ്വാനവുമായി ഫ്രാൻസീസ് മാർപാപ്പ പ്രതികരിച്ചു. ആക്രമണങ്ങൾ ഉടൻ നിർത്തണമെന്നും സാധാരണക്കാർ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും ഫ്രാൻസീസ് മാർപാപ്പ പ്രതികരിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോബൈഡനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മാർപാപ്പയുടെ സമാധാന ആഹ്വാനം.