ജറുസലം: ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. കര ആക്രമണത്തിലേക്ക് കടക്കുമ്പോൾ ഒരു വിട്ടുവീഴ്‌ച്ചയും ഇല്ലാത്ത വിധത്തിലാണ് ഇസ്രയേൽ മുന്നോട്ടു നീങ്ങുന്നത്. ഗസ്സ സിറ്റിക്കുനേരെ കിഴക്കുനിന്നും പടിഞ്ഞാറുനിന്നുമായി ഇസ്രയേൽ സേന കര, വ്യോമ ആക്രമണം ശക്തമാക്കി. വെള്ളിയാഴ്ച രാത്രി വടക്കൻ ഗസ്സയിൽ പ്രവേശിച്ച സേന 600 കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ബന്ദികളായ വനിതാസൈനികരെ മോചിപ്പിച്ചതായും ഇസ്രയേൽ അറിയിച്ചു.

കെട്ടിടങ്ങളിലും ഭൂഗർഭ അറകളിലും നടത്തിയ ആക്രമണങ്ങളിൽ 4 കമാൻഡർമാർ അടക്കം ഒട്ടേറെ ഹമാസ് അംഗങ്ങളെ വധിച്ചുവെന്നും അവകാശപ്പെട്ടു. എന്നാൽ, ഇസ്രയേൽ ടാങ്കുകളെ ശക്തമായി ചെറുത്തു ഗസ്സ അതിർത്തിയിലേക്കു തുരത്തിയതായി ഹമാസ് പറഞ്ഞു. വൈദ്യുതിയും ഭക്ഷണവും ശുദ്ധജലവുമില്ലാതെ ഗസ്സ നിവാസികളുടെ ദുരിതം തുടരുമ്പോൾ, വടക്കൻ നഗരമായ ഗസ്സ സിറ്റിയിലെ ജനങ്ങൾ തെക്കോട്ടു ഒഴിഞ്ഞുപോകണമെന്ന ആവശ്യം ഇസ്രയേൽ ആവർത്തിച്ചു. മെഡിറ്ററേനിയൻ തീരത്തും ഗസ്സ സിറ്റി പ്രധാന തെരുവിലും നിരന്ന സൈനിക കവചിത വാഹനങ്ങളുടെ ദൃശ്യം ഇസ്രയേൽ പുറത്തുവിട്ടു.

അതേസമയം ഗസ്സ സിറ്റിക്കുപുറത്ത് ഫലസ്തീൻ അനുകൂലികളും ഇസ്രയേൽ സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഏറെ മരങ്ങൾ നിറഞ്ഞ മേഖലയിൽ വെടിവെപ്പും സ്‌ഫോടനങ്ങളും കേട്ടു. ഇവിടം വിട്ടുപോകാനാവശ്യപ്പെട്ട് ഫലസ്തീനികൾക്ക് ഇസ്രയേൽ സൈന്യത്തിന്റെ ഫോൺ വരുന്നുണ്ടെങ്കിലും പലരും അനുസരിക്കുന്നില്ല. നേരത്തെ ഇവിടെനിന്ന് നീങ്ങിയവർക്കുനേരെയും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഗസ്സ സിറ്റി ഒഴിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ ഷെല്ലിങ് നടത്തുകയാണ് ഇസ്രയേൽ ടാങ്കുകൾ. ഇവിടെ നിന്നും പുറത്തേക്കുപോകുന്ന വാഹനങ്ങൾക്കു നേരെ ടാങ്കുകൾ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

ഇതിനിടെ, ഒക്ടോബർ ഏഴിലെ സംഘർഷം തുടങ്ങിയ ശേഷം ആദ്യമായി ലബനാനിലെ ഹിസ്ബുല്ല, കരയിൽനിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽ ഉപയോഗിച്ച് ഇസ്രയേൽ ഡ്രോൺ തകർത്തു. ഗസ്സക്കു കിഴക്കുള്ള നിറിം ജൂത സെറ്റിൽമെന്റിനുനേരെ ആക്രമണം നടത്തിയതായി ഷസ്സാം ബ്രിഗേഡ് അവകാശപ്പെട്ടു. ജനീനിൽ നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇസ്രയേൽ ആക്രമണങ്ങളിൽ ഗസ്സയിൽ ഇതുവരെ 3457 കുട്ടികൾ അടക്കം 8306 ഫലസ്തീൻകാർ കൊല്ലപ്പെട്ടിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇതുവരെ 121 പേരും കൊല്ലപ്പെട്ടു. ഹമാസിന്റെ ബന്ദിയാക്കിയ ജർമൻഇസ്രയേൽ യുവതി ഷാനി നിക്കോൾ ലൂക് (22) കൊല്ലപ്പെട്ടതായി ഇസ്രയേൽ സർക്കാർ അറിയിച്ചു. ഗസ്സ അതിർത്തിയിൽ ഇസ്രയേൽ സൈന്യം കണ്ടെടുത്ത ശരീരഭാഗം ഷാനിയുടേതാണെന്നു ഡിഎൻഎ പരിശോധനയിലാണു തെളിഞ്ഞത്. 220 ബന്ദികളാണു ഗസ്സയിലുള്ളത്.

ആശുപത്രികൾക്കുനേരെ ഇസ്രയേൽ സേനയുടെ ഭീഷണിയിൽ ഗസ്സയിലെ ആരോഗ്യ രംഗം കൂടുതൽ അരക്ഷിതാവസ്ഥയിലായി. ഏറ്റവും വലിയ ആശുപത്രിയായ അൽശിഫ ഹോസ്പിറ്റലിനും ഒപ്പം അൽ ഖുദ്‌സ് ആശുപത്രിക്കും സമീപം നിരന്തരം ബോംബ് വർഷിക്കുകയാണ് ഇസ്രയേൽ യുദ്ധ വിമാനങ്ങൾ. ആശുപത്രികൾക്ക് താഴെ ഹമാസിന്റെ ആയുധപ്പുരകളും സങ്കേതങ്ങളും ഉണ്ടെന്നാരോപിച്ചാണ് ഭീഷണി.

വടക്കൻ ഗസ്സയിലെ വിവിധ ആശുപത്രികളിലായി ആയിരക്കണക്കിന് രോഗികൾ അകപ്പെട്ടുകിടക്കുകയാണെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി അറിയിച്ചു. ഇസ്രയേൽ റോഡുകൾ തകർത്തതിനാൽ ബോംബിങ് നടത്തിയ പ്രദേശങ്ങളിൽ ആംബുലൻസുമായി എത്തിപ്പെടാൻ കഴിയുന്നില്ലെന്ന് ഗസ്സ സിവിൽ ഡിഫൻസ് വളന്റിയർമാർ പറയുന്നു. സലാഅൽദീൻ മേഖലയിൽ അടിയന്തര സഹായം ആവശ്യമുണ്ടെങ്കിലും എത്തിച്ചേരാൻ വഴിയില്ല.