ടെൽഅവീവ്: കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന 13 വയസ്സുള്ള ഫലസ്തീൻ ബാലനെ ആളുകൾ നോക്കിനിൽക്കെ ഇസ്രയേൽ സൈനികൻ വെടിവെച്ചു കൊന്നു. കൊടുംക്രൂരത ചെയ്ത സൈനികനെ അഭിനന്ദിച്ച് ഇസ്രയേൽ മന്ത്രി രംഗത്തെത്തിയതോടെ രോഷം ഇരമ്പുകയാണ്

ഷുഫാത്ത് അഭയാർഥി ക്യാമ്പ് ചെക്ക് പോയിന്റിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. 13 വയസ്സുള്ള റാമി ഹംദാൻ അൽ ഹൽഹുലി എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കൂട്ടുകാർക്കൊപ്പം പടക്കംപൊട്ടിച്ച് കളിക്കുകയായിരുന്നു റാമി ഹംദാൻ. ഇതിനിടെ സ്ഥലത്തെത്തിയ ഇസ്രയേൽ പട്ടാളക്കാരൻ തൊട്ടടുത്ത് നിന്ന് കുട്ടിയുടെ നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു. നിന്ന നിൽപ്പിൽ റോഡിൽ പിടഞ്ഞുവീണ റാമിയെ ഇസ്രയേൽ സേന തന്നെ എടുത്ത് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി. പിന്നീട് മരണപ്പെട്ടതായി അറിയിക്കുകയായിരുന്നു.

ബാലനെ കൊലപ്പെടുത്തിയ ഇസ്രയേൽ സൈനികനെ ഇസ്രയേലിലെ തീവ്ര വലതുപക്ഷ വാദിയും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻഗ്വിർ ആണ് അഭിനന്ദിച്ചത്. ഇസ്രയേൽ സൈനികരുടെ ജീവൻ അപകടത്തിലാക്കിയ "ഭീകരൻ" ആണ് റാമി ഹംദാൻ എന്നും അവനുനേരെ വെടിയുതിർത്ത സൈനികനെ സല്യൂട്ട് ചെയ്യുന്നു എന്നും ഇറ്റാമിർ എക്സിൽ പോസ്റ്റ് ചെയ്തു.

കടുത്ത മുസ്ലിം, ഫലസ്തീൻ വിരുദ്ധ നിലപാടുകൾ പരസ്യമായി സ്വീകരിക്കുന്ന യാഥാസ്ഥിക സയണിസ്റ്റ് നേതാവാണ് ബെൻ ഗ്വിർ. ഗസ്സയിൽനിന്ന് ഫലസ്തീനികളെ പൂർണമായും ഒഴിപ്പിച്ച് നാടുകടത്തണമെന്ന് നേരത്തെ ഇയാൾ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മസ്ജിദുൽ അഖ്സ സന്ദർശിച്ച് വൻനയതന്ത്ര കോലാഹലങ്ങളും ഗ്വിർ സൃഷ്ടിച്ചിരുന്നു.

അതിനിടെ വിശപ്പടക്കാൻ സഹായപ്പൊതികൾക്ക് കാത്തുനിൽക്കവേ ഇസ്രയേൽ അധിനിവേശ സേന വെടിവെച്ചു കൊന്ന ഗസ്സക്കാരുടെ എണ്ണം 400 ആയി ഉയർന്നിട്ടണ്ട്. ഗസ്സ സിറ്റിയിലെ കുവൈത്ത് റൗണ്ട് എബൗട്ടിൽ സഹായത്തിനായി കാത്തുനിന്നവർക്ക് നേരെ നടത്തിയ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ, ഫെബ്രുവരി അവസാനം തുടങ്ങിയ ഈ ക്രൂരകൃത്യത്തിൽ ഇതുവരെ 400 ലധികം ആളുകൾ കൊല്ലപ്പെട്ടതായി ഗസ്സ മീഡിയ ഓഫിസ് അറിയിച്ചു.

പിഞ്ചുകുഞ്ഞുങ്ങളുടെയടക്കം വിശപ്പകറ്റാൻ കാത്തുനിൽക്കുന്നവരെയാണ് ഇസ്രയേൽ സേന ലക്ഷ്യം വെക്കുന്നത്. ക്ഷാമവും നിർജലീകരണവും പട്ടിണിയും മൂലം ആളുകൾ മരിക്കുന്നതിന്റെ വാർത്ത പുറത്തുവരുന്നതിനിടെയാണ് സഹായ ട്രക്കുകൾക്കായി കാത്തിരിക്കുന്നവരെ വെടിവെച്ചിടുന്നത്.

ഗസ്സയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 31,184 ആയി ഉയർന്നിട്ടുണ്ട്. 72,889 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രയേൽ ആക്രമണത്തിൽ 72 ഫലസ്തീനികൾ കൊല്ലപ്പെടുകയും 129 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പോഷകാഹാരക്കുറവും നിർജലീകരണവും മൂലം മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നതായും മന്ത്രാലയം അറിയിച്ചു.