- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സ യുദ്ധം 200 ദിവസം പിന്നിട്ടിട്ടും ശാന്തി അകലെ
ഗസ്സ: ഗസ്സയിൽ യുദ്ധം തുടങ്ങി 200 ദിവസം പിന്നിട്ടിട്ടും ശാന്തി ഇനവിയും അകലെയാണ്. സൈന്യം പിൻവാങ്ങിയ മേഖലകളിൽ വീണ്ടും കനത്ത ബോംബിങാണ് നടക്കു്നത. ഇസ്രയേൽ സൈന്യം നേരത്തേ പിൻവാങ്ങിയ വടക്കൻ മേഖലയിൽ അടക്കം ഗസ്സയിലെങ്ങും ഇസ്രയേൽ കനത്ത ബോംബാക്രമണം നടത്തി. ടാങ്കുകളിൽനിന്ന് ഇടതടവില്ലാതെ ഷെല്ലാക്രമണവും തുടർന്നു. തെക്കൻ ഗസ്സയിലെ ബെയ്ത് ഹാനൂൻ, ജബാലിയ എന്നിവിടങ്ങളിലാണു ഷെല്ലാക്രമണം രൂക്ഷമാണ്.
അതിനിടെ ഗസ്സ അതിർത്തിയോട് ചേർന്ന് ഇസ്രയേൽ സൈനികരും സൈനിക വാഹനങ്ങളും കൂട്ടമായി ഒരുങ്ങിനിൽക്കുന്നതായും പുതിയ താവളം സജ്ജമായതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. രണ്ടു സൈനിക താവളങ്ങളിലായി 800ലേറെ സൈനിക വാഹനങ്ങളുള്ളതായി അൽജസീറ റിപ്പോർട്ട് പറയുന്നു. വടക്കൻ അതിർത്തിയോട് ചേർന്ന് 120 വാഹനങ്ങളും നെഗേവ് മരുഭൂമിക്കരികെ 700 വാഹനങ്ങളുമാണുള്ളത്.
ഗസ്സയിലുടനീളം ഇസ്രയേൽ വീടുകൾ നശിപ്പിച്ചതോടെ അഭയമില്ലാതായ 14 ലക്ഷത്തിലേറെ ഫലസ്തീനികളാണ് തമ്പുകളിലും മറ്റുമായി റഫയിൽ തിങ്ങിക്കഴിയുന്നത്. ഇവിടെ കരയാക്രമണത്തിന് ഇസ്രയേൽ സേനാവിന്യാസം അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. റഫയിൽ കരയാക്രമണം നടത്തിയാൽ മനുഷ്യദുരന്തമാകുമെന്ന് ലോകമൊന്നടങ്കം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഗസ്സയിൽ നിന്നും പിൻവാങ്ങാനില്ലെന്ന പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആക്രമണത്തിന് അവസാനവട്ട ഒരുക്കങ്ങളും അതിവേഗം നടക്കുന്നുണ്ട്.
ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം ഗസ്സക്ക് പുറത്തായി ഒമ്പത് സൈനിക പോസ്റ്റുകൾ ഇസ്രയേൽ തയാറാക്കിയിട്ടുണ്ട്. മൂന്നെണ്ണം കഴിഞ്ഞ വർഷാവസാനവും അവശേഷിച്ച ആറെണ്ണം ജനുവരി- മാർച്ച് മാസങ്ങളിലുമാണ്. ഗസ്സയിൽ ഉടനൊന്നും സൈനിക നീക്കം അവസാനിപ്പിക്കൽ ഇസ്രയേൽ പരിഗണനയിലില്ലെന്ന സൂചന നൽകുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ.
ഇസ്രയേലിന് 2600 കോടി ഡോളറിന്റെ സൈനിക സഹായം യു.എസ് പാസാക്കിയിരുന്നു. രണ്ടു ലക്ഷം കോടി രൂപയിലേറെ വിലവരുന്ന ആയുധങ്ങളും അനുബന്ധ സൗകര്യങ്ങളും പുതുതായി യു.എസ് വക എത്തുന്നത് ഗസ്സയെ കൂടുതൽ ചാരമാക്കാൻ സഹായിക്കുമെന്ന് ഉറപ്പാണ്. ഒരുവശത്തുകൂടി ഇസ്രയേലിന് ആയുധം കൈമാറി കൂട്ടക്കൊലക്ക് സർവപിന്തുണയും നൽകുന്ന അമേരിക്ക, റഫ ആക്രമിക്കുന്നതിനെതിരെ വാചോടാപവുമായി രംഗത്തുണ്ട്.
ആക്രമണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 18ന് യു.എസ്- ഇസ്രയേൽ ഉദ്യോഗസ്ഥ നേതൃത്വം തമ്മിൽ കണ്ടിരുന്നു. സൈനിക നീക്കത്തിന് യു.എസ് പിന്തുണ പ്രഖ്യാപിച്ചതായി ഇതിനു പിന്നാലെ വാർത്തകളും വന്നു. സിറിയയിൽ കോൺസുലേറ്റ് തകർത്തതിന് മറുപടിയായി ഇസ്രയേലിൽ ഇറാൻ ആക്രമണവും അതിന് പ്രതികാരമായി ഇറാനിൽ ഇസ്രയേൽ ആക്രമണവും നടന്നത് അവസരമാക്കിയാണ് റഫയിൽ കുരുതിക്ക് ഇസ്രയേൽ ഒരുങ്ങുന്നത്.
അതിനിടെ, ഗസ്സയിൽ റഫയോടുചേർന്ന് പുതുതായി നിരവധി ടെന്റ് ക്യാമ്പുകൾ നിർമ്മിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. ഇത് റഫ ആക്രമണം മുന്നിൽ കണ്ടാണെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, നിലവിൽ ആശുപത്രിയിൽ അഭയം പ്രാപിച്ചിരിക്കുന്ന ആളുകളെ പാർപ്പിക്കുന്നതിനാണ് ടെന്റ് ക്യാമ്പ് സ്ഥാപിക്കുന്നതെന്നും റഫ ആക്രമണവുമായി ബന്ധമില്ലെന്നും ഫലസ്തീൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.
അതിനിടെ, ലബനൻ അതിർത്തിയോടു ചേർന്ന ഇസ്രയേൽ സൈനികതാവളത്തിനുനേരെ ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തി. തിരിച്ചടിയിൽ ഹിസ്ബുല്ല പക്ഷത്തെ 2 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ 32 പേരാണു കൊല്ലപ്പെട്ടത്. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 34,183 ഫലസ്തീൻകാർ കൊല്ലപ്പെട്ടു. 77,143 പേർക്കു പരുക്കേറ്റു. അതിനിടെ, കഴിഞ്ഞ ദിവസം ഇരുനൂറിലേറെ ഫലസ്തീൻകാരുടെ മൃതദേഹങ്ങൾ ലഭിച്ച ഖാൻ യൂനിസിലെ നാസർ ആശുപത്രി വളപ്പിൽനിന്നു 35 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. 3 കൂട്ടക്കുഴിമാടങ്ങളിൽനിന്നായി ഒരാഴ്ചയ്ക്കിടെ 310 മൃതദേഹങ്ങളാണു ലഭിച്ചത്.