ജറുസലം: ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യുഎൻ പ്രമേയം അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് തിരുത്തിയതിൽ ലോകത്തെ സമാധാന പ്രേമികൾ കടുത്ത നിരാശയിൽ. പ്രമേയം കൊണ്ട് കാര്യമായി പ്രയോജനം ഇതോടെ ഇല്ലാതായാതോടെ ഗസ്സയിൽ തീമഴ പെയ്യിക്കുന്നത് തുടരുകയാണ് ഇസ്രയേൽ. ഗസ്സയിലെ ഏറ്റവും വലിയ അഭയാർഥിക്യാംപ് സ്ഥിതി ചെയ്യുന്ന ജബാലിയയിൽ ഇസ്രയേൽ ഇന്നലെയും കനത്ത് ബോംബാക്രമണവും ഷെല്ലാക്രമണവും തുടർന്നു.

തെരുവുയുദ്ധം നടക്കുന്ന ഈ മേഖലയിൽ ഇസ്രയേൽ സൈന്യത്തിന്റെ 5 ടാങ്കുകൾ തകർത്തതായും സൈനികരെ വധിച്ചതായും ഹമാസ് അവകാശപ്പെട്ടു. ഗസ്സ സിറ്റിയിലെ ഇസ മേഖലയിൽ ഹമാസ് ആസ്ഥാനം തകർത്തതായി ഇസ്രയേലും അവകാശപ്പെട്ടു. ഇന്നലെ ഗസ്സ സിറ്റിയിൽ പാർപ്പിടസമുച്ചയത്തിനുനേർക്കുണ്ടായ ബോംബാക്രമണത്തിൽ ഒരു കുടുംബത്തിലെ കുട്ടികളും സ്ത്രീകളുമടക്കം 76 അംഗങ്ങൾ കൊല്ലപ്പെട്ടു. ഇവരിൽ യുഎൻ ഡവലപ്‌മെന്റ് പ്രോഗ്രാമിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഇസാം അൽ മുഗ്രാബിയും ഭാര്യയും 5 മക്കളും ഉൾപ്പെടുന്നു.

സെൻട്രൽ ഗസ്സയിലെ നുസുറത്ത് അഭയാർഥിക്യാംപിലെ വീടിനുമുകളിൽ ബോംബിട്ടതിനെത്തുടർന്ന് 18 പേരും കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ ആകെ 201 ഫലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവർ 20,258 ആയി. പരുക്കേറ്റവർ 53,688. ഇസ്രയേൽ ബോംബാക്രമണത്തിൽ 5 ബന്ദികൾ കൂടി കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു.

11 ആഴ്ച പിന്നിടുന്ന ഇസ്രയേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗസ്സയിലേക്ക് ജീവകാരുണ്യ സഹായമെത്തിക്കാൻ വെള്ളിയാഴ്ച ചേർന്ന യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കിയെങ്കിലും സഹായവിതരണം എപ്പോൾ തുടങ്ങുമെന്ന് വ്യക്തമല്ല. വെടിനിർത്തലിന് രക്ഷാസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും വാദിച്ചെങ്കിലും യുഎസ് എതിർത്തതിനാൽ പ്രമേയത്തിൽ ഉൾപ്പെടുത്തിയില്ല.

വെടിനിർത്തലിനു ശക്തമായി ആവശ്യപ്പെടാത്ത രക്ഷാസമിതി പ്രമേയം അപര്യാപ്തമാണെന്നു ഗസ്സയിൽ പ്രവർത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകൾ വിമർശിച്ചു. മുഴുപട്ടിണിയിലായ ലോകത്തിലെ 5 ൽ നാലുപേരും ഗസ്സയിലാണെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് സമൂഹമാധ്യമത്തിൽ കുറിച്ചു.

അടിയന്തരമായി നടപ്പാക്കേണ്ടതൊന്നും അനുവദിക്കാത്തതാണ് യു.എൻ പ്രമേയമെന്ന് സന്നദ്ധ സംഘടനയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് കുറ്റപ്പെടുത്തി. സിവിലിയൻ ജീവിതം അനുഭവിക്കുന്ന മഹാ ദുരിതങ്ങളെ ലഘൂകരിക്കാൻപോന്നതൊന്നും ഇല്ലാത്തവിധം കരാറിൽ വെള്ളം ചേർത്തിട്ടുണ്ടെന്ന് സംഘടന എക്‌സിക്യൂട്ടിവ് ഡയറക്ടർ അവ്‌റിൽ ബെനോയ്റ്റ് പറഞ്ഞു.

പ്രമേയത്തിന്റെ ഭാഷ അമേരിക്ക ഇടപെട്ട് ദുർബലപ്പെടുത്തിയത് അപമാനകരമാണെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ കുറ്റപ്പെടുത്തി. യു.എസാണ് പ്രമേയത്തിൽ വെള്ളം ചേർത്തതെന്നും പാസായ കരാറെങ്കിലും ഇസ്രയേൽ നടപ്പാക്കുന്നെന്ന് ഉറപ്പാക്കണമെന്നും ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു. അതേസമയം, ഒരു പ്രമേയം പാസാകാൻ നീണ്ട 75 ദിവസം വേണ്ടിവന്നുവെങ്കിലും ഇത് ശരിയായ ദിശയിലെ ആദ്യ ചുവടാണെന്നും യു.എന്നിലെ ഫലസ്തീൻ പ്രതിനിധി റിയാദ് മൻസൂർ പറഞ്ഞു.

ഡിസംബർ ആദ്യത്തിൽ സമാനമായി വെടിനിർത്തൽ പ്രമേയം യു.എൻ രക്ഷാസമിതിയിലെത്തിയിരുന്നെങ്കിലും ഹമാസിനെ ഉന്മൂലനംചെയ്യാതെ യുദ്ധം നിർത്തുന്നത് അംഗീകരിക്കില്ലെന്നു പറഞ്ഞ് യു.എസ് വീറ്റോ ചെയ്യുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച സഭയിലെത്താനിരുന്ന സമാന വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്യുമെന്ന് അമേരിക്ക നിലപാടറിയിച്ചതോടെ നീണ്ടുപോകുകയായിരുന്നു. പ്രമേയത്തിലെ 'ശത്രുതകൾ അടിയന്തരമായി അവസാനിപ്പിക്കണ'മെന്ന വാക്കുകളാണ് അമേരിക്കയെ ചൊടിപ്പിച്ചത്.