റോം: വീണ്ടും വിവാദ പ്രസ്താവനയുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ഇസ്ലാമിന് യൂറോപ്പിൽ സ്ഥാനമില്ലെന്ന് മെലോനി പറഞ്ഞു. ഇസ്ലാമിക സംസ്‌കാരവും യൂറോപ്യൻ നാഗരികതയും പൂർണമായി പൊരുത്തപ്പെടുന്നില്ല. ശരീഅത്ത് നിയമം ഇറ്റലിയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും ജോർജിയ മെലോണി വ്യക്തമാക്കി.

ഇസ്ലാമിക സംസ്‌കാരവും യൂറോപ്യൻ നാഗരികതയുടെ മൂല്യങ്ങളും അവകാശങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ട്. നമ്മുടെ നാഗരികതയുടെ മൂല്യങ്ങൾ വ്യത്യസ്തമാണെന്നും ജോർജിയ മെലോണി ചൂണ്ടിക്കാട്ടി. റോമിൽ ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മെലോണി.

രണ്ടാം ലോക മഹായുദ്ധത്തിനും ബെനിറ്റോ മുസോളിനിക്കും ശേഷം ഇറ്റലിയിൽ അധികാരത്തിലേറുന്ന തീവ്ര വലതുപക്ഷ, ദേശീയവാദ സർക്കാരാണ് 45കാരിയായ ജോർജിയ മെലോണിയുടേത്. ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടി (ഫ്രാറ്റെല്ലി ഡി ഇറ്റാലിയ) നേതാവായ മെലോണിയുടെ ആരാധ്യപുരുഷൻ ഇറ്റാലിയൻ ഏകാധിപതിയും ഫാഷിസത്തിന്റെ സ്ഥാപകനുമായ മുസോളിനിയാണ്.

മുസ്‌ലിംകളോടും ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങളോടും കടുത്ത വെറുപ്പും വിദ്വേഷവും വെച്ചു പുലർത്തുന്ന മെലോണി വലിയ വേദികളിലൊക്കെ തന്റെ തീവ്രവാദ നിലപാടുകൾ തുറന്നു പറയാറുണ്ട്. 2018ലെ പൊതു തെരഞ്ഞെടുപ്പിൽ നാല് ശതമാനം വോട്ട് മാത്രമാണ് ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടിക്ക് നേടാനായത്. നാല് ശതമാനം പിന്തുണയിൽ നിന്ന് 25 ശതമാനത്തിലേക്ക് പാർട്ടിയെ എത്തിക്കുന്നതിൽ മെലോണി വിജയിച്ചതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ടത്


തങ്ങളുടെ പ്രത്യയശാസ്ത്രം എന്താണ് എന്നുള്ളത് തിരഞ്ഞെടുപ്പ് കാലത്ത് മെലോനി വളരെ വ്യക്തമായി തന്നെ വോട്ടർമാരോട് പറഞ്ഞിരുന്നു. 'എൽജിബിടിക്കൊപ്പമല്ല, യഥാർത്ഥ കുടുംബങ്ങൾക്കൊപ്പമാണ്. ആണും പെണ്ണും എന്ന യാഥാർത്ഥ്യത്തിനൊപ്പമാണ്. ലൈംഗിക ന്യൂനപക്ഷവാദത്തിനൊപ്പമല്ല. ഇസ്ലാമിക ഭീകരർക്കൊപ്പമല്ല. ഈ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കൊപ്പമാണ്. കുടിയേറ്റക്കാർക്കൊപ്പമല്ല, ഈ നാട്ടിലെ പൗരന്മാർക്കൊപ്പമാണ്. ആഗോള സാമ്പത്തിക ആശങ്കകൾക്കൊപ്പമല്ല, ഇറ്റലിയുടെ സാമ്പത്തിക ഭദ്രതയ്ക്കൊപ്പമാണ്. ' ഇതാണ് തിരഞ്ഞെടുപ്പുകാലത്തെ ഒരു പ്രസംഗത്തിനിടെ മെലോനി പറഞ്ഞത്.

ഈ കാഴ്ചപ്പാടുകളാണ് യൂറോപ്പിനെ ആശങ്കയിലാക്കുന്നതും. കുടിയേറ്റ നയങ്ങളിൽ അടക്കം മാറ്റമുണ്ടാകുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പല വിദേശരാജ്യങ്ങളിലും വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. തങ്ങൾ കുടിയേറ്റക്കാർക്കൊപ്പമല്ലെന്നും, തങ്ങളുടെ പൗരന്മാർക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നുമാണ് ഇവരുടെ നിലപാട്.

ഫെമിനിസത്തെയും വനിതാ സംവരണത്തെയും നിരാകരിക്കുകയും എൽജിബിടിക്യു സമൂഹത്തോട് രൂക്ഷമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന, ഡോണൾഡ് ട്രംപിന്റെ ആരാധിക കൂടിയാണ് നാൽപത്തിയഞ്ചുകാരിയായ മെലോനി. മുസോളിനി സ്ഥാപിച്ച ഫാഷിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടാണ് മെലോനി തന്റെ രാഷ്ട്രീയജീവിതം തുടങ്ങിയതും. 15 വയസ്സു മുതൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുകയും ജീവിക്കാനായി കുട്ടികളെ നോക്കുന്ന ആയ മുതൽ റോമിലെ നൈറ്റ്ക്ലബ് ബാറുകളിൽ മദ്യം വിളമ്പുന്ന ജോലിയും പിന്നീട് മാധ്യമ പ്രവർത്തകയുമായൊക്കെ ജോലി ചെയ്താണ് രാഷ്ട്രീയ ജീവിതത്തിന് അടിത്തറയിട്ടത്.

അമേരിക്കയിലും യൂറോപ്പിലെ വലതുപക്ഷ നേതൃത്വമുള്ളയിടത്തുമെല്ലാം ഇന്ന് മെലോനിക്ക് ഇടമുണ്ട്. ഇറ്റലിയിലെ പിയാചെൻസ നഗരത്തിൽ 55 വയസ്സുകാരിയായ യുക്രെയ്ൻ സ്ത്രീ ലൈംഗിക അതിക്രമത്തിനിരയാകുന്ന വിഡിയോ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പങ്കുവച്ച് മെലോനി പുലിവാൽ പിടിച്ചിരുന്നു.