ന്യൂഡൽഹി: അതിർത്തി വിഷയങ്ങളുടെ പേരിൽ കുറച്ചുകാലമായി ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധം അത്രയ്ക്ക് സുഖകരമായിരുന്നില്ല. എന്നാൽ, പരസ്പ്പരം ചരിത്രപരമായി ബന്ധപ്പെട്ടു കിടക്കുന്ന രാജ്യങ്ങളെന്ന നിലയിൽ അഭേദ്യമായ ബന്ധവും ഇരു രാജ്യങ്ങളും തമ്മിലുണ്ട്. ഇതിനിടെ ചൈന ഇന്ത്യയുടെ സഹകരണം കൂടുതൽ ലക്ഷ്യം വെക്കുന്നു എന്ന സൂചനകളും പുറത്തുവന്നു. കേന്ദ്രസർക്കാറിനെയും പ്രധാനമന്ത്രി മോദിയെയും പുകഴ്‌ത്തി കൊണ്ട് ചൈനീസ് മാധ്യമം രംഗത്തുവന്നു. സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനമായ ഗ്ലോബൽ ടൈംസ് ആണ് കേന്ദ്രത്തെ പുകഴ്‌ത്തി ലേഖനം എഴുതി രംഗത്തുവന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിലെ ഇന്ത്യയുടെ സാമ്പത്തിക, വിദേശ നയതന്ത്രങ്ങളിലെ മുന്നേറ്റങ്ങളെ പ്രശംസിച്ചാണ് ഗ്ലോബൽ ടൈംസിൽ ലേഖനം വന്നിരിക്കുന്നത്. ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസിൽ 'ഭാരത് നരേറ്റീവ്' എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ലേഖനത്തിലാണ് മോദി ഭരണത്തിൽ ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക രംഗം, വിദേശനയം എന്നീ മേഖലകളിലെ ഇന്ത്യയുടെ സുപ്രധാന വളർച്ചയെ പ്രശംസിക്കുന്നത്.

ഷാങ്ഹായിൽ സ്ഥിതി ചെയ്യുന്ന ഫുഡാൻ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസിന്റെ ഡയറക്ടർ ഷാങ് ജിയഡോങ് ആണ് ഗ്ലോബൽ ടൈംസിലെ ലേഖനത്തിൽ എഴുതിയിരിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ നേടിയിരിക്കുന്ന ഇന്ത്യയുടെ സുപ്രധാന നേട്ടങ്ങളെയാണ് ഇതിൽ പ്രധാനമായും പ്രതിപാദിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ വേഗത്തിലുള്ള സാമ്പത്തിക വളർച്ച, നഗരഭരണത്തിലെ മുന്നേറ്റങ്ങൾ, കൂടാതെ അന്താരാഷ്ട്ര ബന്ധങ്ങളോടുള്ള പ്രത്യേകിച്ച് ചൈനയുമായുള്ള മനോഭാവത്തിലെ മാറ്റം എന്നിവയെല്ലാം ലേഖനത്തിൽ വിവരിച്ചിട്ടുണ്ട്.

''ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, വ്യാപാര അസന്തുലിതാവസ്ഥ കുറയ്ക്കുന്നതിനുള്ള ചൈനയുടെ നടപടികളിലാണ് ഇന്ത്യൻ പ്രതിനിധികൾ നേരത്തെ പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ അവർ ഇന്ത്യയുടെ കയറ്റുമതി സാധ്യതകളിൽ കൂടുതൽ ഊന്നൽ നൽകുന്നതായി'' ഷാങ് ലേഖനത്തിൽ പറഞ്ഞു.

രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിൽ, ഇന്ത്യ പാശ്ചാത്യരാജ്യങ്ങളുമായുള്ള സമവായത്തിന് ഊന്നൽ നൽകുന്നതിൽ നിന്ന് ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഇന്ത്യൻ സവിശേഷത ഉയർത്തിക്കാട്ടുന്നതിലേക്ക് ചുവടുമാറ്റി. ചരിത്രപരമായ കൊളോണിയൽ നിഴലിൽ നിന്ന് മാറി രാഷ്ട്രീയമായും സാംസ്‌കാരികമായും ഒരു ലോക ഉപദേഷ്ടാവ് ആയി മാറാനുള്ള ഇന്ത്യയുടെ ശ്രമത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ലേഖകൻ തറപ്പിച്ച് പറയുന്നു.

കൂടാതെ, മോദി ഭരണത്തിന് കീഴിലെ രാജ്യത്തിന്റെ വിദേശനയത്തെയും ലേഖനത്തിൽ അഭിനന്ദിക്കുന്നുണ്ട്. റഷ്യ-യുക്രൈൻ സംഘർഷത്തിൽ സൂക്ഷ്മമായ നിലപാട് എടുക്കുമ്പോഴും രാജ്യത്തിന്റെ ബഹുസ്വരതയിലുള്ള സമീപനം ഉയർത്തിക്കാട്ടുകയും യുഎസ്, ജപ്പാൻ, റഷ്യ തുടങ്ങിയ ആഗോള ശക്തികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വിദേശനയത്തിലെ ഇന്ത്യയുടെ തന്ത്രപരമായ ചിന്ത മറ്റൊരുമാറ്റത്തിന് വിധേയമാണെന്ന് വ്യക്തമാകുന്നതായും ലേഖനത്തിൽ പറയുന്നു.

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റെടുത്തതു മുതൽ യുഎസ്, റഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായും പ്രാദേശിക സംഘടനകളുമായും ഇന്ത്യയുടെ ബന്ധം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഷാങ് ലേഖനത്തിൽ പറഞ്ഞു. അടുത്തിടെ ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. അതിർത്തി സംഘർഷം തുടരുന്ന സാഹചര്യത്തിൽ മോദിയും ഷിയും തമ്മിലുള്ള കൂടിക്കാഴ്ച വളരെ കുറഞ്ഞ സമയം മാത്രമേ നീണ്ടുനിന്നിരുന്നൂള്ളു.

കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന സേനകൾക്കിടയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള നടപടികൾക്കു വേഗംകൂട്ടാൻ ഈ ചർച്ചയിൽ ധാരണയായിരുന്നു. 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട 2020-ലെ ഇന്ത്യ-ചൈന സംഘർഷത്തിന് ശേഷം രണ്ട് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മരവിച്ച അവസ്ഥയിലായിരുന്നു. അതിനു ശേഷം ആദ്യമായാണ് മോദിയും ഷി ജിൻ പിങ്ങും ദീർഘമായ കൂടിക്കാഴ്ച നടത്തിയത്.