ഗസ്സ: ഹാമാസിനെ തീർക്കുമെന്ന് ഉറപ്പിച്ചാണ് ഇസ്രയേൽ യുദ്ധനീക്കം. കഴിഞ്ഞ ദിവസങ്ങളിൽ ഹാമാസുകാർ ആയുധം വെച്ചു കീഴിടങ്ങിയ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതോടെ കടുത്ത വിമർശനങ്ങളും വിവിധ കോണുകളിൽ നിന്നും ഉയർന്നു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഹമാസുകാരെ കണ്ണുകൾ മൂടിക്കെട്ടി തെരുവിൽ മുട്ടുകുത്തി ഇരുത്തിയതിനെയാണ് വിമർശനം ഉയർന്നത്. എന്നാൽ,ഇപ്പോൾ ഈ വിമർശനങ്ങളെയും തള്ളി ഇസ്രയേൽ രംഗത്തുവന്നു.

അന്താരാഷ്ട്ര പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തങ്ങളുടെ നടപടിയെ ന്യായീകരിച്ച് ഇസ്രയേൽ രംഗത്തെത്തിയത്. മിഡിൽ ഈസ്റ്റിലെ ചൂടുകാലാവസ്ഥ കാരണമാണ് ബന്ദികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഇരുത്തിയതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ മുതിർന്ന ഉപദേശകൻ മാർക് റെഗെവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ഹാമാസുകാരെയല്ല, വിദ്യാർത്ഥികൾ ഉൾപ്പെടെ സിവിലിയന്മാരെയാണ് ഇത്തരത്തിൽ പിടികൂടിയതെന്ന് ബി.ബി.സി, അൽജസീറ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സാധാരണക്കാരെയും പലായനംചെയ്യുന്നവരെയുമാണ് പിടികൂടി ഇത്തരത്തിൽ പീഡിപ്പിക്കുന്നതെന്നും അവരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതായും റിപ്പോർട്ടുകൾ പറയുന്നു. തടവുകാരോടുള്ള ഇസ്രയേലിന്റെ പെരുമാറ്റം ഞെട്ടിക്കുന്നതും രണ്ടാം ലോകയുദ്ധകാലത്തെ ഓർമിപ്പിക്കുന്നതുമാണെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, ഗസ്സയിൽ യുദ്ധത്തിനിടെ കൊല്ലപ്പെട്ട അഞ്ചു സൈനികരുടെ പേരുകൾ ഇസ്രയേൽ പുറത്തുവിട്ടു. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികനും തെക്കൻ ഗസ്സയിൽ നാലു സൈനികരുമാണ് കൊല്ലപ്പെട്ടത്. ഗസ്സയിലെ 36 ശതമാനം ആളുകളും കടുത്ത പട്ടിയിലാണെന്ന് യു.എൻ അറിയിച്ചു. ഗസ്സയിൽ സുരക്ഷിതമായി ഒരു സ്ഥലം പോലുമില്ലെന്ന് ആരോഗ്യ വകുപ്പ് വക്താവ് അഷ്‌റഫ് അൽഖുദ്ര വ്യക്തമാക്കി.

അതേസമയം ഇസ്രയേൽ-ഹമാസ് പോരാട്ടം ഇപ്പോൾ രണ്ട് മാസം പിന്നിട്ടിരിക്കുകയാണ്. ഇസ്രയേലിനെതിരായ യുദ്ധത്തിൽ ഗസ്സയിലെ സ്‌കൂളുകൾ പോലും ഹമാസ് ഉപയോഗിക്കുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഷൂജ ഇയ മേഖലയിലെ ഒരു സ്‌കൂളിൽ ഹമാസുമായി ഇസ്രയേൽ സൈന്യം ഏറ്റുമുട്ടൽ നടത്തിയിരുന്നു. ഹമാസ് പ്രവർത്തകരെ വധിച്ച ശേഷം സ്ഥലത്ത് പരിശോധിച്ച ഇസ്രയേൽ സൈന്യം ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്.

കൊച്ചുകുട്ടികൾക്ക് കളിക്കാനുള്ള ടെഡി ബെയർ പാവയ്ക്കുള്ളിൽ സ്നൈപ്പർ റൈഫിളും വെടിക്കോപ്പും കണ്ടെത്തി.മറ്റൊരു സ്‌കൂളിൽ ക്‌ളാസ്റൂമിൽ ഒളിപ്പിച്ച നിലയിൽ നിരവധി ആയുധങ്ങൾ ഇസ്രയേലി പ്രതിരോധ സേന(ഐ.ഡി.എഫ്)യ്ക്ക് ലഭിച്ചു. ചില ആയുധങ്ങളാകട്ടെ ഫലസ്തീനിയൻ അഭയാർത്ഥികൾക്കുള്ള മുദ്രവച്ച ബാഗുകളിലാണ് കണ്ടെത്തിയത്. ഇത് ഇത്തരം സംവിധാനങ്ങളെയും കുട്ടികളെയും ഹമാസ് ഇസ്രയേലിനെതിരായ പോരാട്ടത്തിന് മനഃപൂർവ്വം ഉപയോഗിക്കുന്നു എന്നതിന് തെളിവാണെന്ന് ഇസ്രയേലി പ്രതിരോധ സേന പറയുന്നു.

കുട്ടികളുടെ കളിസ്ഥലത്തും ബാക്പാക്കിലും കിടക്കയുടെ അടിയിലും വരെ ആയുധങ്ങൾ ഉണ്ടായിരുന്നു.ഇവയ്ക്ക് പുറമേ എകെ-47 തോക്കുകൾ, ഗ്രനേഡ്, മറ്റ്തരം ആയുധങ്ങൾ എന്നിവയും സ്‌കൂളുകളിൽ നിന്ന് ലഭിച്ചു. തെക്കൻ ഗസ്സയിലേക്ക് നീങ്ങണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ട ഇടങ്ങളിലടക്കം ഇസ്രയേൽ കനത്ത ബോംബിംഗാണ് നടത്തുന്നത്. ഗസ്സയിൽ ഉടനടി വെടിനിർത്തണം എന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയം അമേരിക്ക വീറ്റോ ചെയ്തതിന് പിന്നാലെയാണ് കനത്ത ആക്രമണം ഉണ്ടായത്.

15 അംഗ കൗൺസിലിൽ 13-1 ആയിരുന്നു പ്രമേയത്തിന് ലഭിച്ച വോട്ട്. യുകെ വിട്ടുനിന്നു.കനത്ത ആക്രമണം നടക്കുന്ന ഗസ്സയിൽ മാനുഷിക സഹായം നൽകുന്നത് തകർച്ചയുടെ ഘട്ടത്തിലാണെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെരെസ് അറിയിച്ചു. വായു, കര, കടൽ എന്നീ ഭാഗങ്ങളിലൂടെ ഗസ്സയിൽ കനത്ത ആക്രമണമാണ് നടക്കുന്നത്. ഇതുവരെ 17,400 ഫലസ്തീൻകാരാണ് മരണമടഞ്ഞത്. ഇതിൽ ബഹുഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്.