- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിലെ യുദ്ധം ഇസ്രയേൽ രണ്ട് മാസത്തേക്ക് നിർത്തും
വാഷിങ്ടൺ: ഗസ്സയിൽ ചോരപ്പുഴ ഒഴുകുന്നത് തുടരുകയാണ്. ഇസ്രയേൽ ബോംബിങിൽ നിരവധി ഫലസ്തീനികൾക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. യുദ്ധം നിർത്തണമെന്ന ആവശ്യം ശക്തമാകവേ അതിന് ഇസ്രയേൽ തയ്യാറായിട്ടില്ല. അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കിടെ ഗസ്സയിൽ ഇസ്രയേൽ രണ്ട് മാസത്തേക്ക് യുദ്ധം നിർത്തുമെന്ന വിധത്തിൽ വാർത്തകൾ പുറത്തുവരുന്നുണ്ട്. യുദ്ധത്തിന് താൽക്കാലികമായി അവസാനമുണ്ടാക്കാനുള്ള കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് സൂചനകൾ.
ന്യൂയോർക്ക് ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതുപ്രകാരം രണ്ട് മാസത്തേക്ക് ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധം നിർത്തിവെക്കും. ഇതിന് പകരമായി 100 ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും ചെയ്യും. അടുത്ത രണ്ടാഴ്ചക്കുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഇസ്രയേലിന്റേയും ഹമാസിന്റേയും നിർദേശങ്ങൾ സ്വീകരിച്ച് കരാറിന്റെ പ്രാഥമിക ചട്ടക്കൂട് കഴിഞ്ഞ 10 ദിവസങ്ങൾക്കുള്ളിൽ തയാറാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഞായറാഴ്ച പാരീസിൽ വിശദമായ ചർച്ച നടക്കും. ഇതിന് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.
ഹമാസുമായുള്ള ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം ടെലിഫോണിലൂടെ സംസാരിച്ചിരിന്നു. ഇതിന് പുറമേ ഞായറാഴ്ച പാരീസിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കാനായി സിഐ.എ ഡയറക്ടർ വില്യം ജെ ബൂൺസിനേയും ബൈഡൻ അയച്ചിട്ടുണ്ട്.
ഇസ്രയേൽ, ഈജിപ്ത്, ഖത്തർ പ്രതിനിധികളുമായി ബൂൺസ് ചർച്ച നടത്തും. ഈ ചർച്ചകളിൽ പുരോഗതിയുണ്ടായാൽ മിഡിൽ ഈസ്റ്റ് കോഓഡിനേറ്റർ ബ്രെറ്റ് മക്ഗുർകിനെ അയച്ച് അന്തിമ കരാറിന് രൂപംനൽകാനാണ് യു.എസ് പ്രസിഡന്റിന്റെ പദ്ധതി. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനൊപ്പം ഗസ്സക്ക് ആവശ്യമായ സഹായം നൽകുകയുമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം, ഫലസ്തീന് സഹായമെത്തിക്കുന്ന യു.എൻ ഏജൻസിക്കുള്ള ധനസഹായം യു.എസും യു.കെയും നിർത്തി. യു.എൻ റിലീഫ് ആൻഡ് വർക്ക് ഏജൻസി ഫോർ ഫലസ്തീന്(UNRWA) നൽകുന്ന ഫണ്ടാണ് നിർത്തിയത്. ജർമ്മനി, നെതർലാൻഡ്, സ്വിറ്റ്‌സർലാൻഡ്, ഫിൻലാൻഡ് , ആസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളും ധനസഹായം നിർത്തിയിട്ടുണ്ട്.
അതിനിടെ സമ്പൂർണ്ണമായ വിജയം നേടും വരെ ഗസ്സയിലെ യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി പരിഹാസ്യമാണെന്നും നെതന്യാഹു പറഞ്ഞു. ഹമാസിന്റെ താൽപര്യങ്ങളാണ് അന്താരാഷ്ട്ര നീതിന്യായ കോടതി സംരക്ഷിക്കുന്നത്. ഹമാസാണ് പുതിയകാലത്തെ നാസികളെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് ഞങ്ങളുടെ മക്കളോട് ചെയ്ത കാര്യങ്ങൾ മറക്കാനാവില്ല. എല്ലാ ബന്ദികളേയും ഇസ്രയേലിൽ തിരിച്ചെത്തിക്കുക തന്നെ ചെയ്യും. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പോയി വ്യാജ ആരോപണങ്ങളാണ് ഇസ്രയേലിനെതിരെ ദക്ഷിണാഫ്രിക്ക ഉന്നയിച്ചത്. ഹമാസിന് വേണ്ടിയാണ് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പോയതെന്നും അദ്ദേഹം പറഞ്ഞു.