- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലിൽ നുഴഞ്ഞുകയറിയത് അൽ ക്വസാം ബ്രിഗേഡ്സ്; സംഘത്തിലുണ്ടായത് 1200 പേർ; ഗസ്സ അധിനിവേശസേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഹമാസ്; ആക്രമണം നെതന്യാഹു സർക്കാരിന്റെ വീഴ്ച്ചയെന്ന് അഭിപ്രായ സർവേ
ജറുസലേം: ഇസ്രയേലിനെ ഞെട്ടിച്ച ആക്രമണത്തിന് പിന്നാലെ പകരം വീട്ടാൻ കരയുദ്ധത്തിന് ഒരുങ്ങുകയാണ് ഇസ്രയേൽ. ഗസ്സയിലേക്ക് കടന്നുകയറാൻ സജ്ജരായി ഇസ്രയേൽ സേന തയ്യാറായി നിൽക്കുകയാണ്. ഇതിനിടെ വളരെ ആസൂത്രിതമായ ആക്രമണം തന്നെയാണ് ഹമാസ് നടത്തിയതെന്ന് വാർത്തകളാണ് പുറത്തുവരുന്നത്. ഇസ്രയേലിനെ ഞെട്ടിച്ച ആക്രമണത്തിൽ അൽ ക്വസാം ബ്രിഗേഡ്സിന്റെ 1,200 അംഗങ്ങൾ പങ്കെടുത്തെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. വിഖ്യമാദമായ മൊസാദിന്റെ സമ്പൂർണ പരാജയമാണ് ഇതെന്നാണ് പൊതുവിലയിരുത്തൽ.
അൽ ക്വസാം ബ്രിഗേഡ്സിന്റെ നേതൃത്വത്തിലാണ് ആക്രമണം ഉണ്ടായതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് ഹമാസ് ഡെപ്യൂട്ടി ലീഡർ സലേഹ് അൽ അറൗറിയാണ്. ഇസ്രയേലിന്റെ ഗസ്സ അധിനിവേശ സേനയെ മാത്രം ലക്ഷ്യമിട്ടായിരുന്നു ശനിയാഴ്ചത്തെ തങ്ങളുടെ ആക്രമണമെന്നും ഹമാസ് നേതാവ് പറഞ്ഞു. ഹീബ്രു അവധിദിനങ്ങൾക്ക് പിന്നാലെ തങ്ങൾക്കെതിരെ ഇസ്രയേലിന്റെ ഗസ്സ അധിനിവേശ സൈനികർ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന വിവരത്തെത്തുടർന്നാണ് ആക്രമണം നടത്തിയതെന്നും സലേഹ് അൽ അറൗറി വ്യക്തമാക്കി. തെക്കൻ ഇസ്രയേലിൽ നുഴഞ്ഞുകയറിയുള്ള ആക്രമണത്തിൽ 1,200 അംഗങ്ങൾ പങ്കെടുത്തുവെന്നാണ് ഹമാസ് ഉന്നതന്റെ അവകാശവാദം.
ആക്രമണം ആരംഭിച്ച് മൂന്നുമണിക്കൂറിനുള്ളിൽ തന്നെ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ഗസ്സ ഡിവിഷന്റെ ആസ്ഥാനം ഹമാസ് കീഴടക്കി. ഇത് തങ്ങൾക്കുപോലും ആശ്ചര്യമായിരുന്നുവെന്ന് അറൗറി പറഞ്ഞു. ഗസ്സയിലേക്കുള്ള കടന്നുകയറ്റം സൈന്യത്തിനും നേതാക്കൾക്കും വിനാശകരമായിത്തീരുന്ന യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഇസ്രയേൽ പട്ടാളത്തിന് അറിയാമായിരുന്നു. ഞങ്ങളുടെ ആക്രമണ പദ്ധതിയേക്കാൾ ശക്തമാണ് പ്രതിരോധം, അത് അധിനിവേശസൈന്യത്തിന് അറിയാമായിരുന്നുവെന്നും അറൗറി അവകാശപ്പെട്ടു.
തങ്ങൾ സാധാരണ ജനങ്ങളെ ലക്ഷ്യമിടുന്നില്ലെന്ന് ഹമാസ് നേതാവ് വ്യക്തമാക്കി. എന്നാൽ, ഇസ്രയേൽ ഹാനിബാൾ ഡയറക്ടീവിന്റെ ഭാഗമായി സാധാരണക്കാരേയും അവരുടെ തന്നെ പൗരന്മാരേയും വധിക്കുന്നുണ്ടെന്ന് അറൗറി ആരോപിച്ചു. ഇസ്രയേലികളെ തട്ടിക്കൊണ്ടുപോവുന്ന തീവ്രവാദികളെ, ബന്ദികളുടെ ജീവൻപോലും കണക്കിലെടുക്കാതെ ആക്രമിക്കാൻ വ്യവസ്ഥയുള്ള ചട്ടമാണ് ഹാനിബാൾ ഡയറ്കടീവ്.
ഹമാസിന് തടവിൽ കഴിയുന്നവരേയോ സാധാരണക്കാരേയോ ദ്രോഹിക്കാൻ കഴിയില്ല. അന്താരാഷ്ട്ര യുദ്ധനിയമങ്ങൾക്ക് അനുസരിച്ചാണ് ഹമാസ് പ്രവർത്തിക്കുന്നത്. കുട്ടികളേയും സ്ത്രീകളേയും ആക്രമിക്കരുതെന്നാണ് അൽ ക്വസാമിന്റെ കമാൻഡർ ഇൻ ചീഫ് അബു ഖാലിദ് അൽ ദെയ്ഫിന്റെ നിർദ്ദേശം. മനുഷ്യരാശിക്കെതിരായി ആക്രണം നടത്തുന്നുവെന്ന് പാശ്ചാത്ത്യർ ഞങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുന്നു, എന്നാൽ ഞങ്ങൾക്കെതിരെയുള്ള യുദ്ധം സാധാരണക്കാരെയടക്കം ലക്ഷ്യമിട്ടുള്ളതാണ്. സ്വന്തം മണ്ണിൽ രാജ്യം സ്ഥാപിച്ച ഒരു ജനതയെ മുഴുവൻ ഉന്മൂലനം ചെയ്യുകയും ആളുകളെ അണുബോംബ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്ത ശേഷമാണ് അമേരിക്കക്കാർ ധാർമ്മികതയെക്കുറിച്ച് സംസാരിക്കുന്നതെന്ന് അറൗറി കുറ്റപ്പെടുത്തി.
അതേസമയം ഹമാസിന്റെ ആക്രമണം നെതന്യാഹു സർക്കാരിന്റെ വീഴ്ചയാണെന്ന് ഇസ്രയേലിലെ അഭിപ്രായ സർവേയിൽ 86 ശതമാനം പേർ പ്രതികരിച്ചു. യുദ്ധശേഷം പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രാജിവയ്ക്കണമെന്ന് 56 ശതമാനം പേർ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സ് ഉൾപ്പെടെയുള്ളവരെ ചേർത്ത് ദേശീയ ഐക്യസർക്കാർ രൂപീകരിക്കുന്നതിനു മുൻപാണു സർവേ നടത്തിയത്.
അതേസമയം കരയുദ്ധം ഒഴിവാക്കാനുള്ള ശ്രമങ്ങൾ ലോകരാജ്യങ്ങളുടെ ഭാഗത്തു നിന്നും പലവിധത്ിൽ തുടരുന്നുണ്ട്. യുദ്ധം ഒഴിവാക്കാനുള്ള ചർച്ചകളുടെ ഭാഗമായി ഇന്നലെ അമ്മാനിൽ ജോർദാനിലെ അബ്ദുല്ല രാജാവുമായും ഫലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ചർച്ച നടത്തിയ ആന്റണി ബ്ലിങ്കൻ ദോഹയിലെത്തി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനിയെ കണ്ടു. കൂടുതൽ ചർച്ചകൾക്കായി സൗദി അറേബ്യയും ബഹ്‌റൈനും സന്ദർശിക്കും. അമേരിക്കൻ പൗരന്മാർ അടക്കമുള്ള ബന്ദികളുടെ സുരക്ഷിത മോചനമാണു യുഎസിന്റെ പ്രധാനതാൽപര്യങ്ങളിലൊന്ന്.
മറുനാടന് ഡെസ്ക്