- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലിനെ പേടിച്ച് ഹമാസ് നേതാവ് മാളത്തിൽ! യഹിയ സിൻവാറിനെ ടണലിൽ കണ്ടെത്തിയെന്ന് ഇസ്രയേൽ; സിൻവാർ കുടുംബത്തോടൊപ്പം ഖാൻ യൂനിസിലെ തുരങ്കത്തിലൂടെ നടന്നു നീങ്ങുന്ന വീഡിയോ പുറത്തുവിട്ടു; ഭീരുവിനെപ്പോലെ സിൻവാർ ഓടുന്നുവെന്ന് ഇസ്രയേൽ സൈനിക വക്താവ്
ടെൽഅവീവ്: ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിലെ മുഖ്യസൂത്രധാരനെന്ന വിലയിരുന്നു ഹമാസ് സായുധസംഘത്തിന്റെ തലവൻ യഹിയ സിൻവാർ ഒളിവിൽ കഴിയുന്നത് ഖാൻ യൂനിസിലെ തുരങ്കത്തിൽ. 1,300 ലേറെ ഇസ്രയേലികളുടെ മരണത്തിന് കാരണമായ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരൻ എന്നാണ് ഇയാളെ വിശേഷിപ്പിക്കുന്നത്. തിന്മയുടെ മുഖമെന്ന് ഇസ്രയേൽ അധികൃതർ ആരോപിക്കുന്ന യഹിയ സിൻവാർ ഇസ്രയേലിന്റെ പ്രധാന നോട്ടപ്പുള്ളിയാണ്. ഇയാൾ ഇപ്പോൾ ഇസ്രയേലിനെ പേടിച്ച് മാളത്തിലൊളിച്ചു എന്നാണ് ഐ.ഡി.എഫ് ആരോപിക്കുന്നത്. ഇത് വ്യക്തമാക്കുന്ന തെളിവുകളും പുറത്തുവിട്ടു.
ഗസ്സയിലെ ഹമാസ് നേതാവ് യഹിയ സിൻവാറിനെ ഭൂഗർഭ തുരങ്കത്തിൽ കണ്ടെത്തിയെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐ.ഡി.എഫ്)യാണ് വ്യക്തമാക്കിയത്. യഹിയ സിൻവാർ കുടുംബത്തോടൊപ്പം തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലെ തുരങ്കത്തിലൂടെ നടന്നു നീങ്ങുന്നുവെന്ന പേരിലുള്ള വിഡിയോ ഐ.ഡി.എഫ് ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ പുറത്തുവിട്ടു.
മൂന്ന് കുട്ടികളും ഒരു സ്ത്രീയും ഒരു യുവാവും മുതിർന്ന ഒരാളുമാണ് വിഡിയോയിൽ കാണുന്നത്. ഇതിൽ യുവാവിന്റെ മുഖം മാത്രമാണ് കാണിക്കുന്നത്. മുതിർന്നയാൾ യഹിയ സിൻവാറാണെന്നാണ് ഇസ്രയേൽ അവകാശവാദം. ഇദ്ദേഹം നടന്നുനീങ്ങുന്നതിന്റെ പിന്നിൽനിന്നുള്ള ദൃശ്യമാണ് ഇതിലുള്ളത്. ഭീരുവിനെപ്പോലെ സിൻവാർ ഓടുന്നുവെന്ന അടിക്കുറിപ്പോടെ ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി ഈ ദൃശ്യം പങ്കുവെച്ചു. 'സമയം കടം വാങ്ങിയാണ് സിൻവാർ കഴിയുന്നതെന്ന് ദൃശ്യങ്ങൾ കാണിക്കുന്നു' എന്നും ഹഗാരി പറഞ്ഞു.
കുടുംബാംഗങ്ങൾക്കും മറ്റ് മുതിർന്ന ഹമാസ് അംഗങ്ങൾക്കും ഒപ്പം സിൻവാർ താമസിച്ച ഭൂഗർഭ കേന്ദ്രം എന്ന അവകാശവാദവുമായി ഏതാനും ദൃശ്യങ്ങളും ഇസ്രയേൽ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. സിൻവാർ ഉപേക്ഷിച്ചതെന്ന പേരിൽ നോട്ടുകെട്ടുകളും ഇവർ കാണിച്ചു. ഇസ്രയേലി സൈന്യം ടണൽ അടച്ചതോടെ ഇവർ ഇവിടം ഉപേക്ഷിച്ച് പോവുകയായിരുന്നു എന്നാണ് ഐ.ഡി.എഫ് പറയുന്നത്.
''യഹ്യ സിൻവാർ മറ്റ് മുതിർന്ന ഹമാസ് പ്രവർത്തകർക്കൊപ്പം താമസിച്ചിരുന്ന അണ്ടർഗ്രൗണ്ട് കോമ്പൗണ്ടിൽ ഞങ്ങൾ എത്തി. മുകളിൽ യുദ്ധം നടക്കുമ്പോൾ അവർ താഴെ ഒളിക്കുകയായിരുന്നു'' ഹഗാരി പറഞ്ഞു. ''മുതിർന്ന ഹമാസ് പ്രവർത്തകർ നല്ല സാഹചര്യത്തിലാണ് അണ്ടർഗ്രൗണ്ട് കോമ്പൗണ്ടിൽ കഴിയുന്നത്. അവർക്ക് ഭക്ഷണവും കുളിമുറിയും ഉണ്ട്. കൂടാതെ ദശലക്ഷക്കണക്കിന് ഇസ്രയേലി ഷെക്കൽസും ഡോളറും വ്യക്തിഗത സമ്പത്തും ഉണ്ട്' - ഹഗാരി പറഞ്ഞു.
അതേസമയം ഗസ്സയിൽ വെടിനിർത്തൽ നീളുകയാണ്. ഗസ്സയിലെ വെടിനിർത്തൽ സംബന്ധിച്ച ചർച്ച നീളുന്നത് ബന്ദികൾക്ക് പകരം എത്ര ഫലസ്തീൻ തടവുകാരെ മോചിപ്പിക്കണം എന്ന വിഷയത്തിൽ തീരുമാനമാകാത്തതിനാലാണെന്ന് ഇസ്രയേലി മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. ഫലസ്തീൻ കമ്മീഷൻ ഓഫ് ഡിറ്റെയ്നിസ് അഫയേഴ്സ്, ഫലസ്തീനിയൻ പ്രിസണേഴ്സ് സൊസൈറ്റി എന്നിവയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഒക്ടോബർ 7ന് ശേഷം അധിനിവേശ വെസ്റ്റ്ബാങ്കിൽ നിന്ന് മാത്രം 7,000 ഫലസ്തീനികളെ ഇസ്രയേൽ സൈന്യം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Spotted: Yahya Sinwar running away and hiding in his underground terrorist tunnel network as Gazan civilians suffer above ground under the rule of Hamas terrorism.
- Israel Defense Forces (@IDF) February 13, 2024
There is no tunnel deep enough for him to hide in. pic.twitter.com/KLjisBFq1f
ഗസ്സയിൽ ഹമാസ് ബന്ദികളാക്കിയവർക്ക് പകരം ഇവരിൽ എത്രപേരെ മോചിപ്പിക്കണമെന്ന വിഷയത്തിലാണ് ചർച്ച നടക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത യുഎസ്, ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമമായ വാല റിപ്പോർട്ട് ചെയ്തു. മുഴുവൻ ബന്ദികളെയും വിട്ടയക്കണമെങ്കിൽ ഇസ്രയേൽ തടവിലിട്ട മുഴുവൻ ഫലസ്തീനികളെയും മോചിപ്പിക്കണമെന്നാണ് ഹമാസിന്റെ ആവശ്യം. കഴിഞ്ഞ വർഷം നവംബറിൽ നടന്ന താൽക്കാലിക വെടിനിർത്തലിൽ ഓരോ ബന്ദിക്കും പകരം മൂന്ന് ഫലസ്തീൻ തടവുകാരെയാണ് വിട്ടയച്ചിരുന്നത്. എന്നാൽ, ഇതിൽ ചിലരെ ഇസ്രയേൽ വീണ്ടും പിടികൂടുകയും തടവിലിടുകയും ചെയ്തിട്ടുണ്ട്.
മറുനാടന് ഡെസ്ക്