ഗസ്സ: ഗസ്സയിൽ വെടിനിർത്തലിനും ബന്ദിമോചനത്തിനും ആഹ്വാനം ചെയ്ത് യു.എൻ രക്ഷാസമിതി പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്ത് ഹമാസ്. ഇസ്രയേലിനെ പ്രകോപിപ്പിച്ച് തങ്ങൾ തുടങ്ങിവെച്ച യുദ്ധം ഏതുവിധേനയും അവസാനിപ്പിക്കണം എന്ന ഘട്ടത്തിലാണ് ഹമാസ് ഉള്ളത്. അതുകൊണ്ട് തന്നെ എങ്ങനെയും യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമായി ഇതിനെ ഹമാസ് കാണുന്നു. പ്രമേയത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അത് പാലിക്കുന്നതിൽ ഇസ്രയേലും ഉത്തരവാദിത്തം കാണിക്കണമെന്നും ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗവും മുതിർന്ന നേതാവുമായ ബാസിം നഈം പറഞ്ഞു.

"ഈ പ്രമേയം നടപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഇസ്രയേലിനെ നിർബന്ധിക്കുകയും ഇരട്ടത്താപ്പ് അവസാനിപ്പിക്കുകയും ചെയ്യണം. അതിന് അന്താരാഷ്ട്ര സമൂഹത്തിന് കഴിവുണ്ടോ എന്നതാണ് ചോദ്യം' -അദ്ദേഹം അൽ ജസീറയോട് പറഞ്ഞു. ഗസ്സയിൽനിന്ന് ഇസ്രയേൽ സേന പൂർണമായും പിന്മാറണമെന്നും സ്ഥിരം വെടിനിർത്തൽ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ തടവുകാരെയും വിട്ടയക്കാൻ തങ്ങൾ സന്നദ്ധരാണെന്നും ഇസ്രയേൽ മുഴുവൻ ഫലസ്തീനികളെയും വിട്ടയക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

സ്ഥിരം വെടിനിർത്തൽ, ഗസ്സയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കൽ, കുടിയിറക്കപ്പെട്ട ഫലസ്തീനികളെ പുനരധിവസിപ്പിക്കൽ, തടവുകാരെ പരസ്പരം കൈമാറൽ എന്നീ ആവശ്യങ്ങൾ മധ്യസ്ഥരെ അറിയിച്ചതായി ഹമാസ് അധികൃതർ പറഞ്ഞു. മധ്യസ്ഥ ചർച്ചയിൽ തുടക്കം മുതൽ ഹമാസ് മുന്നോട്ടുവെക്കുന്ന ഈ ആവശ്യം ഇസ്രയേൽ പലതവണ നിരസിച്ചിരുന്നു. 'എല്ലാ ചർച്ചകളും പരാജയപ്പെടുന്നതിനും ബന്ദിമോചന- വെടിനിർത്തൽ കരാർ തടസ്സപ്പെടുന്നതിനും പൂർണ്ണ ഉത്തരവാദിത്തം നെതന്യാഹുവിനും അദ്ദേഹത്തിന്റെ തീവ്രവാദി സർക്കാറിനുമാണ്' -ഹമാസ് ചൂണ്ടിക്കാട്ടി.

അതേസമയം, രക്ഷാസമിതി പാസാക്കിയ വെടിനിർത്തൽ പ്രമേയത്തോടുള്ള എതിർപ്പ് ഇസ്രയേൽ പരസ്യമായി പ്രകടമാക്കി. പ്രമേയം വീറ്റോ ചെയ്യാതെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാനുള്ള യു.എസ് തീരുമാനം ഹമാസിനെതിരായ യുദ്ധത്തെ ദോഷകരമായി ബാധിക്കുമെന്നും ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളെ തുരങ്കം വെക്കുമെന്നും നെതന്യാഹുവിന്റെ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു.

"യുദ്ധം തുടങ്ങിയതുമുതൽ രക്ഷാസമിതിയിൽ യു.എസ് സ്വീകരിച്ച നിലപാടിൽനിന്നുള്ള നിന്നുള്ള വ്യക്തമായ പിൻവാങ്ങലാണിത്. അന്താരാഷ്ട്ര സമ്മർദ്ദത്തിലൂടെ ബന്ദികളെ മോചിപ്പിക്കാതെ വെടിനിർത്തൽ നടപ്പാക്കാൻ കഴിയുമെന്ന് ഇത് ഹമാസിന് പ്രതീക്ഷ നൽകും' -നെതന്യാഹു കൂട്ടിച്ചേർത്തു. റഫ ആക്രമണം സംബന്ധിച്ച ചർച്ചക്ക് യു.എസിലേക്ക് അയക്കാനിരുന്ന പ്രതിനിധി സംഘത്തെ ഇസ്രയേൽ റദ്ദാക്കുകയും ചെയ്തു.

അതിനിടെ ഇസ്രയേൽ ഉപരോധത്തിലും യുദ്ധത്തിലും വലയുന്ന ഗസ്സയിലെ ജനതക്ക് സഹായഹസ്തവുമായി ബ്രിട്ടനും. ആദ്യഘട്ടമായി 10 ടൺ ഭക്ഷ്യവസ്തുകൾ എയർഡ്രോപ്പ് ചെയ്തു. ഇതാദ്യമായാണ് ബ്രിട്ടൻ ഗസ്സയിൽ എയർഡ്രോപ്പ് ചെയ്യുന്നത്. റോയൽ എയർഫോഴ്സ് വിമാനത്തിൽ തിങ്കളാഴ്ചയാണ് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തത്. വെള്ളം, അരി, പാചക എണ്ണ, ഭക്ഷ്യ മാവ്, ടിൻ സാധനങ്ങൾ, ബേബി ഫുഡ് എന്നിവ ഗസ്സയുടെ വടക്കൻ തീരപ്രദേശത്ത് നൽകി.

സഹയാവസ്തുക്കളുമായി ജോർദാനിലെ അമ്മാനിൽ നിന്നാണ് RAF A400M വിമാനം പറന്നുയർന്നതെന്ന് യു.കെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഗസ്സയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന രക്ഷാസമിതി പ്രമേയത്തെ യു.കെ പിന്തുണച്ച അതേ ദിവസമാണ് എയർഡ്രോപ്പ് നടത്തിയത്.

ഗസ്സയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം ബ്രിട്ടൻ ഉൾപ്പെടെ 14 രാജ്യങ്ങൾ പിന്തുണച്ചിരുന്നു. അമേരിക്ക വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതോടെ യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി. റമദാനിൽ വെടിനിർത്താനും ഹമാസ് തടവിലാക്കിയ എല്ലാ ബന്ദികളെയും അടിയന്തരമായി നിരുപാധികം വിട്ടയക്കാനും പ്രമേയം ആവശ്യപ്പെടുന്നു. ഇസ്രയേലിന് അനുകൂലമായി ഇതുവരെയും തുടർന്ന നിലപാട് മാറ്റി യു.എസ് വീറ്റോ ചെയ്യാതെ വിട്ടുനിൽക്കുകയായിരുന്നു. ഇതോടെയാണ് 15 സ്ഥിരാംഗങ്ങളിൽ 14 പേരുടെയും പിന്തുണയോടെ ഗസ്സ വെടിനിർത്തൽ പ്രമേയം ആദ്യമായി രക്ഷാസമിതി കടന്നത്.